“ഇരിക്കാൻ 15, നിൽക്കാൻ 5; ഇല്ലെങ്കിൽ ഓടി തുടങ്ങുന്ന ബസിൽ കയറണം!”: വിദ്യാർത്ഥികൾക്കായി സ്വകാര്യ ബസുകളിലെ അലിഖിത നിയമങ്ങൾ: അടിയന്തിര നടപടി ആവശ്യപ്പെട്ട് നാഷണൽ ഗ്രീൻ സോഷ്യലിസ്‌റ്റ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ചാലക്കുടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾ നേരിടുന്നത് കടുത്ത ചൂഷണവും അധിക്ഷേപവുമെന്ന് പരാതി. ഫെയർ സ്റ്റേജ് പ്രകാരം വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട കൺസെഷൻ നിരക്കുകൾ കാറ്റിൽപ്പറത്തി 15 രൂപ വരെ ബസ് ജീവനക്കാർ അനധികൃതമായി പിരിച്ചെടുക്കുന്നതായും, പ്രതികരിക്കുന്ന കുട്ടികളെ പരസ്യമായി അധിക്ഷേപിക്കുന്നതായും ചൂണ്ടിക്കാട്ടി ‘നാഷണൽ ഗ്രീൻ സോഷ്യലിസ്റ്റ്’ പ്രസിഡന്റ് വാക്സറിൻ പെരേപ്പാടൻ ഗതാഗത മന്ത്രിക്ക് പരാതി നൽകി.



സാധാരണ യാത്രക്കാർക്ക് 25 രൂപ നിരക്കുള്ള യാത്രയ്ക്കാണ് വിദ്യാർത്ഥികളിൽ നിന്ന് നിയമവിരുദ്ധമായി ഭീമമായ തുക വാങ്ങുന്നത്. ചാലക്കുടിയിൽ നിന്നും ഇരിങ്ങാലക്കുടയിൽ നിന്നും കയറുന്ന വിദ്യാർത്ഥികൾക്ക് ‘ഇരിക്കാനും നിൽക്കാനും’ ജീവനക്കാർ സ്വന്ത നിലയിൽ വേറെ വേറെ നിരക്കുകൾ നിശ്ചയിച്ചിരിക്കുകയാണ്. ചാലക്കുടിയിൽ നിന്ന് സീറ്റിൽ ഇരിക്കാൻ 15 രൂപയും നിൽക്കാൻ 5 രൂപയും, ഇരിങ്ങാലക്കുടയിൽ നിന്ന് ഇരിക്കാൻ 10 രൂപയും നിൽക്കാൻ 5 രൂപയുമാണ് ഇളവു നൽകേണ്ട വിദ്യാർത്ഥികളിൽ നിന്ന് നിർബന്ധപൂർവ്വം ഈടാക്കുന്നത്.



കൺസെഷൻ വാങ്ങുന്ന വിദ്യാർത്ഥികൾക്ക് ബസിലെ ഒഴിവുള്ള സീറ്റിൽ ഇരിക്കാൻ ഹൈക്കോടതി ഉത്തരവ് പ്രകാരം നിയമപരമായ അവകാശമുണ്ടായിരിക്കെ, ഇതിന് വിപരീതമായി വിദ്യാർത്ഥികളെ നിർബന്ധിച്ച് എഴുന്നേൽപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്നു.

“ഇരിക്കാനുള്ള നിരക്ക് നൽകിയില്ലെങ്കിൽ ബസ് സ്റ്റാർട്ട് ചെയ്ത ശേഷമേ കയറാവൂ” എന്ന് ഭീഷണിപ്പെടുത്തി ഓടുന്ന ബസിൽ കയറാൻ കുട്ടികളെ നിർബന്ധിക്കുന്ന അവസ്‌ഥ ഉണ്ടാക്കുന്നു.



ഇതിനുപുറമേ ബസുകളിൽ കിലോമീറ്ററിന് ആനുപാതികമായ യാത്രാനിരക്കുകളോ വിദ്യാർത്ഥി കൺസെഷൻ ചാർട്ടോ പ്രദർശിപ്പിക്കുന്നില്ല. വിദ്യാർത്ഥികൾക്ക് മാത്രമല്ല, മുഴുവൻ തുക നൽകുന്ന സാധാരണക്കാർക്ക് പോലും ടിക്കറ്റ് നൽകാൻ ഇവിടുത്തെ ബസ് ജീവനക്കാർ തയാറാകുന്നില്ല.

അനീതി ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളെ “മൊബൈൽ ഫോൺ വാങ്ങാൻ പണമുണ്ടല്ലോ, ഇതിലും ഭേദം പിച്ചയെടുക്കാൻ പോയ്ക്കൂടെ” എന്നിങ്ങനെ ഉറക്കെ വിളിച്ച് പറഞ്ഞ് മാനസികമായി തകർക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സംഘടന ആരോപിക്കുന്നു.



വിദ്യാർത്ഥികളെ അപമാനിക്കുന്ന ഈ പ്രവണതയെക്കെതിരെ കർശന നടപടിയെടുക്കണമെന്നും, മോട്ടോർ വാഹന വകുപ്പിന്റെ (MVD) സ്പെഷ്യൽ സ്ക്വാഡിനെ നിയോഗിച്ച് റൂട്ടിൽ മിന്നൽ പരിശോധന നടത്തണമെന്നും ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page