ഇരിങ്ങാലക്കുട : ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിന്റെ ഗുരുസ്മരണ ദിനം ആഘോഷിച്ചു. 2026 ഒക്ടോബർ 6 ചൊവ്വാഴ്ച രാവിലെ 9:30 ന് ഉണ്ണായി വാരിയർ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനക്കു ശേഷം മൺമറഞ്ഞുപോയ ഗുരുക്കന്മാരെ അനുസ്മരിച്ച് ഗുരുസ്മരണ ദിനത്തിന് തുടക്കമായി. വൈകിട്ട് മൂന്നിന് നടന്ന അനുസ്മരണ സമ്മേളനം മുൻ എം. പി ടി. എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. കലാനിലയം എസ്. അപ്പുമാരാരുടെ കുടുംബം ഏർപ്പെടുത്തിയ ‘സുവർണ്ണ മുദ്ര’ പുരസ്കാരം മുൻ എം. പി ടി. എൻ പ്രതാപൻ മുൻ സംഗീത വിദ്യാർത്ഥി കലാനിലയം വിഷ്ണുവിന് നൽകി ആദരിച്ചു. സാംസ്കാരിക കേരളത്തിന് നിരവധി പ്രശസ്ത കലാകാരന്മാരെ നൽകിയ ഉണ്ണായി വാരിയർ സ്മാരക കലാനിലയം സാംസ്കാരിക രംഗത്ത് കേരളത്തിന്റെ സുഗന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
കലാനിലയം പ്രസിഡന്റ് എം. ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അഡ്വ. സതീഷ് വിമലൻ സ്വാഗതം പറഞ്ഞു. ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺ .എസ് ഞാറ്റുവെറ്റി എൻഡോവ്മെൻ്റ് വിതരണവും സ്കോളർഷിപ്പ് വിതരണവും നടത്തി. കലാനിലയം വൈസ് പ്രസിഡന്റ് കൃഷ്ണൻ നമ്പൂതിരി, ജോയിന്റ് സെക്രട്ടറി തങ്കപ്പൻ പാറയിൽ, കലാനിലയം മുൻ പ്രിൻസിപ്പാൾ കലാമണ്ഡലം ശിവദാസ് ആശംസയും, കലാനിലയം പ്രിൻസിപ്പാൾ ഇൻ ചാർജ് കലാനിലയം പ്രശാന്ത് നന്ദിയും പറഞ്ഞു. തുടർന്ന് ദയയാഗം കഥകളിയും നടന്നു.


