സംഗമഗ്രാമ മാധവന്റെ പേരിൽ ഗണിതശാസ്ത്ര പഠനകേന്ദ്രം കല്ലേറ്റുംകരയിൽ സ്ഥാപിക്കും: മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട : ഗണിതശാസ്ത്രത്തിൽ ഇന്ത്യയുടെ തനത് സംഭാവനയർപ്പിച്ച സംഗമഗ്രാമ മാധവന്റെ പേരിൽ ഗണിതശാസ്ത്ര പഠനകേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഗണിതശാസ്ത്രപ്രതിഭയുടെ ജന്മദേശമായ കല്ലേറ്റുംകരയിലാണ് പഠനകേന്ദ്രമുയർത്തുകയെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. കേരള സർവ്വകലാശാല സംസ്കൃത വിഭാഗം സംഘടിപ്പിച്ച അന്തർദേശീയ സെമിനാറും ഗവേഷക സംഗമവും ഉദ്ഘാടനംചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി.

ബി.സി എട്ടു മുതൽ എ.ഡി പതിനെട്ടു വരെയുള്ള നൂറ്റാണ്ടുകളിൽ ലോക ഗണിതശാസ്ത്രത്തിന് ഇന്ത്യ അമൂല്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇവരിൽ പ്രഥമസ്ഥാനീയനാണ് കേരള സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് എന്ന് ലോകം വിശേഷിപ്പിക്കുന്ന ഗുരുശിഷ്യപരമ്പര സ്ഥാപിച്ച സംഗമഗ്രാമ മാധവൻ. ലോകപ്രസിദ്ധ ഗണിതശാസ്ത്രജ്ഞൻ ജെയിംസ് ഗ്രിഗറിയുടെ ആചാര്യനായി അറിയപ്പെടുന്ന സംഗമഗ്രാമ മാധവൻ, ത്രികോണമിതി, ജ്യാമിതി, കാൽക്കുലസ് എന്നിവയുടെ രൂപീകരണത്തിലും പങ്കുവഹിച്ചതായി ഗണിതശാസ്ത്രസമൂഹം വിലയിരുത്തുന്നു.

മഹാനായ ഈ കേരളശാസ്ത്രജ്ഞന്റെ സ്മരണയ്ക്ക് പഠനകേന്ദ്രമെന്നത് കേരള ബജറ്റിലും പ്രഖ്യാപിച്ചിരുന്നു – മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

You cannot copy content of this page