പല്ലാവൂർ ഗുരുസ്‌മൃതി അവാർഡ് കുട്ടനെല്ലൂർ രാജൻ മാരാർക്കും, തൃപ്പേക്കുളം പുരസ്‌കാരം കലാനിലയം കുഞ്ചുണ്ണിക്കും, സമർപ്പിക്കും

ഇരിങ്ങാലക്കുട : ദേശീയ പല്ലാവൂർ താളവാദ്യോത്സവത്തിൻ്റെ ഭാഗമായി പല്ലാവൂർ ആസ്വാദകസമിതിയുടെ പല്ലാവൂർ ഗുരുസ്‌മൃതി അവാർഡ് പ്രസിദ്ധ തിമില പ്രമാണി കുട്ടനെല്ലൂർ രാജൻ മാരാർക്കും, തൃപ്പേക്കുളം അച്ചുതമാരാർ പുരസ്‌കാരം കഥകളി ചെണ്ട വാദകൻ കലാനിലയം കുഞ്ചുണ്ണിക്കും സമർപ്പിക്കും. 30,000/- രൂപ, പ്രശസ്തി പ്രതം, ഫലകം എന്നിവ അടങ്ങുന്നതാണ് പുരസ്‌കാര തുകകൾ. മോഹനൻ പൊതുവാൾ, രമേശൻ നമ്പീശൻ, രാജേന്ദ്രവർമ്മ എന്നിവരടങ്ങുന്ന അവാർഡു നിർണ്ണയ സമിതിയാണ് ഇവരെ തെരഞ്ഞെടുത്തത്.



ആറു പതിറ്റാണ്ടുകളായി കഥകളി ചെണ്ടയിൽ ശോഭിച്ചു നിൽക്കുന്ന കലാനിലയം കുഞ്ചുണ്ണി, ഉണ്ണായിവാരിയർ സ്‌മാരക കലാനിലയത്തിന്റെ മുൻ പ്രിൻസിപ്പാൾ, കേരള കലാമണ്ഡലം ചെണ്ടവിഭാഗത്തിലെ വിസിറ്റിംഗ് പ്രൊഫസർ എന്നീ തസ്തിക കൾ അലങ്കരിച്ചിട്ടുണ്ട്. ഗുരു ചെങ്ങന്നൂർ രാമൻപിള്ള, കലാമണ്ഡലം കൃഷ്ണൻ നായർ, മാങ്കുളം വിഷ്ണു‌നമ്പൂതിരി, ഹരിപ്പാട് രാമകൃഷ്ണ‌പ്പിള്ള, പള്ളിപ്പുറം ഗോപാലൻനായർ, കലാമണ്ഡലം രാമൻകുട്ടിനായർ, കലാമണ്ഡലം ഗോപി തുടങ്ങിയ അതുല്യ കലാകാരന്മാരോടൊപ്പം നിരവധി അരങ്ങുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.



കലാനിലയം അപ്പുമാരാർ, കലാമണ്ഡലം കൃഷ്‌ണൻ കുട്ടി പൊതുവാൾ എന്നിവരുടെ ശിക്ഷണത്തിലാണ് ചെണ്ടയിൽ ഉന്നതപരിശീലനം നേടിയത്. കേരളകലാമണ്ഡലം അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, ചാലക്കുടി കഥകളി ക്ലബ്) സുവർണ്ണമുദ്ര, തൃശ്ശൂർ തിരുവമ്പാടി കൃഷ്‌ണൻകുട്ടി സ്‌മാരക സുവർണ്ണമുദ്ര, ഡോ.കെ.എൻ.പിഷാരടി സ്‌മരക കഥകളി പുരസ്‌കാരം, 2007-ൽ കലാലോകത്തിന്റെ വീരശൃംഖല, കലാമണ്ഡലം രാമൻകുട്ടി നായർ നിവാപം അവാർഡ് സന്ദർശനം നടത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ വെള്ളിനേഴി കുറുവട്ടൂർ സ്വദേശിയാണ്.



കുട്ടനെല്ലൂർ കുറുപ്പത്ത് രാജൻമാരാർ, മാക്കോത്ത് ശങ്കരൻകുട്ടി മാരാർ, കുഴൂർ ചന്ദ്രമാരാർ എന്നിവരിൽ നിന്ന് പഞ്ചവാദ്യത്തിൻ്റെ തിമിലയിൽ ശിക്ഷണം നേടിയ ശേഷം കുഴൂർ ത്രയം, അന്നമനട ത്രയം, പല്ലാവൂർ ത്രയം, പുറത്തുവീട്ടിൽ നാണുമാരാർ, പല്ലശ്ശന പത്മനാഭമാരാർ, ചിതലി രാമൻമാരാർ, തൃപ്പേക്കുളം അച്യുതമാരാർ എന്നിവരുടെ കൂടെ 65 വർഷമായുള്ള പ്രവർത്തിപരിചയം. തൃശൂർ പൂരം, നെന്മാറ-വല്ലങ്കി, ഉത്രാളിക്കാവ് പുരം, ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച സുവർണോപഹാരങ്ങൾ, മാരാർ ക്ഷേമസഭയുടെ കലാചാര്യ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തൃത്താല കൂടല്ലൂരാണ് താമസം.



നവംബർ 3 മുതൽ 8 വരെ നടക്കുന്ന ദേശീയ പല്ലാവൂർ താളവാദ്യോത്സവ വേദിയിൽ വെച്ച് അവാർഡ് സമർപ്പിക്കുമെന്ന് സമിതി ഭാരവാഹികൾ അറിയിക്കുന്നു. ഇരിങ്ങാലക്കുട പല്ലാവൂർ സമിതി പ്രസിഡന്റ് കലാമണ്ഡലം ശിവദാസ് അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page