യുവപ്രതിഭകൾക്ക് വേദിയൊരുക്കാൻ ‘നവ്യം’ പോലുള്ള അരങ്ങുകൾ അനിവാര്യമെന്ന് ജി. വേണുഗോപാൽ

ഇരിങ്ങാലക്കുട : യുവകലാകാരന്മാരുടെ കലാവാസനകളും പാരമ്പര്യവും തിരിച്ചറിഞ്ഞ് വേദി നൽകി പ്രോത്സാഹിപ്പിക്കാൻ ‘നവ്യം’ പോലുള്ള അരങ്ങുകൾ അനിവാര്യമാണെന്ന് കേരള സംഗീത നാടക അക്കാദമി ചെയർമാനും പ്രശസ്ത ഗായകനുമായ ജി. വേണുഗോപാൽ പ്രസ്താവിച്ചു. യുവകലാകാരന്മാർക്കായി ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് ഒരുക്കിവരുന്ന ‘നവ്യ’ത്തിന്റെ അഞ്ചാമത് പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാസ്ഥാപനങ്ങളിലെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്ന ഞങ്ങളെപ്പോലുള്ളവർ കേവലം കാര്യസ്ഥഭാവം മാത്രമേ നിർവഹിക്കുന്നുള്ളൂ. യഥാർത്ഥ ആസ്വാദകരും കലാപ്രവർത്തകരുമാണ് കലാകാരന്മാരെ വിലയിരുത്തി പരിരക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലബ്ബ് മുഖ്യരക്ഷാധികാരി തോട്ടാപ്പിള്ളി വേണുഗോപാൽ മേനോൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

തുടർന്ന് കലാമണ്ഡലം വിപിൻ ശങ്കർ “ചിട്ടയുടെ അതിരുകളും സർഗ്ഗാത്മകതയുടെ ആകാശവും: നരകാസുരവധം കഥകളിയുടെ അരങ്ങുപാഠങ്ങളെ മുൻനിർത്തി ഒരു പുനർവായന” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വൈകീട്ട് 6.30-ന് ഹരികൃഷ്ണൻ, പാർവ്വതി പിണക്കാമിറ്റം, യദുകൃഷ്ണൻ എന്നിവർ അണിനിരന്ന ‘നരകാസുരവധം’ കഥകളിയും അരങ്ങേറി.

രണ്ടാം ദിനത്തിൽ വരവീണ സ്കൂൾ ഓഫ് മ്യൂസിക് അവതരിപ്പിച്ച സംഗീതാർച്ചനയും, “മാലിയുടെ സംഗീതം ആസ്വാദകഹൃദയങ്ങളിൽ” എന്ന വിഷയത്തിൽ കെ. ഗോപാലകൃഷ്ണൻ നായർ നടത്തിയ പ്രഭാഷണവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിഹാസ പുല്ലാങ്കുഴൽ വാദകൻ ടി.ആർ. മഹാലിംഗത്തിന്റെ (മാലി) നൂറാം ജന്മവർഷ സ്മരണയ്ക്കായി സമർപ്പിച്ച ഹരിപ്രസാദിന്റെ പുല്ലാങ്കുഴൽ കച്ചേരി ആസ്വാദകഹൃദയങ്ങളെ കീഴടക്കി.

ഉച്ചതിരിഞ്ഞ് പ്രശസ്ത ചെണ്ടവാദകൻ കലാനിലയം ഉദയൻ നമ്പൂതിരിയുമായി കാവനാട് രവി നമ്പൂതിരി അഭിമുഖം നടത്തി. തുടർന്ന് കലാമണ്ഡലം സുമേഷിന്റെ തായമ്പക അരങ്ങേറി. സംഗീത നാടക അക്കാദമി കൂടിയാട്ടം കേന്ദ്രം ഡയറക്ടറായി നിയമിതനായ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരെ ആദരിക്കുന്ന അനുമോദന ചടങ്ങും നടന്നു.


തുടർന്ന് “കൂടിയാട്ടത്തിലെ ചിട്ടപ്രധാനവും മനോധർമ്മപ്രധാനവുമായ കഥാപാത്രങ്ങളുടെ രംഗാവതരണങ്ങളിൽ പ്രയോക്താവിന്റെ സമീപനങ്ങൾ – ‘ഹിമകരം’ ആട്ടത്തെ കേന്ദ്രീകരിച്ച്” എന്ന വിഷയത്തിൽ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ പ്രഭാഷണം നടത്തി. സന്ധ്യയ്ക്ക് നേപത്ഥ്യ രാഹുൽ ചാക്യാർ അവതരിപ്പിച്ച ‘അശോകവനികാങ്കം’ കൂടിയാട്ടത്തോടെ പരിപാടികൾ സമാപിച്ചു. മൂന്നാംദിനമായ ഞായറാഴ്ച നവ്യം സമാപിക്കും.

രാവിലെ 9.15-ന് അയ്യപ്പഞ്ചേരി മാധവന്റെ സോപാനസംഗീതത്തോടെ പരിപാടികൾ ആരംഭിക്കും. 10 മണിക്ക് “പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സമന്വയം – ഏകാഹാര്യ നൃത്തരൂപങ്ങളിൽ” എന്നവിഷയത്തിൽ വിനോദ് ഗോപാലകൃഷ്ണൻ പ്രഭാഷണം നടത്തും. 11 മണിക്ക് ശോഭിത് രമേഷ് അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറും.

ഉച്ചതിരിഞ്ഞ് 2 മണിക്ക് സുപ്രസിദ്ധ കൂച്ചിപ്പുടി കലാകാരി ഗുരു ഡോക്ടർ പദ്മവാണി മോസലികണ്ടിയുമായി പ്രശസ്ത നർത്തകി സ്വാതിനാരായണൻ നടത്തുന്ന അഭിമുഖം ഉണ്ടാകും. “കുച്ചിപ്പുടി: ചരിത്രം, പാരമ്പര്യം, കലാപരമായ പരിണാമം” എന്നതാണ് അഭിമുഖത്തിലെ മുഖ്യവിഷയം.

തുടർന്ന് വൈകീട്ട് 3 മണിക്ക് പദ്മശ്രീ കലാമണ്ഡലം ക്ഷേമാവതിയുടെ നട്ടുവാങ്കത്തിൽ ജംഷീന ജമാൽ അവതരിപ്പിക്കുന്ന മോഹിനിയാട്ടവും, വൈകീട്ട് 5 മണിക്ക് ലക്ഷ്മി രഘുനാഥിന്റെ കൂച്ചിപ്പുടിയോടെ ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ ഈ വർഷത്തെ ‘നവ്യം’ കലാമേളയ്ക്ക് സമാപനം കുറിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page