ക്ഷേത്രത്തിലെ മാലിന്യങ്ങൾ സംസ്കരിക്കുവാൻ കൂടൽമാണിക്യം ദേവസ്വം ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണമെന്ന് ബി.ജെ.പി നഗരസഭ പാർളിമെൻ്ററി പാർട്ടി യോഗം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിനെതിരെ മാലിന്യവുമായി ബന്ധപ്പെട്ട് പരിസരവാസികളിൽ നിന്ന് നിരന്തരമായി പരാതികൾ ഉയർന്ന് വരുന്ന സന്ദർഭത്തിൽ ക്ഷേത്രത്തിലെ മാലിന്യങ്ങൾ സംസ്കരിക്കുവാൻ ദേവസ്വം ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണമെന്ന് ബി.ജെ.പി ഇരിങ്ങാലക്കുട നഗരസഭ പാർളിമെൻ്ററി പാർട്ടി യോഗം ദേവസ്വത്തോട് ആവശ്യപ്പെട്ടു.


ക്ഷേത്രം സ്ഥിതി ചെയ്യുന്ന നഗരസഭ 25, 26 വാർഡുകളിലെ പ്രതിനിധികൾ 2010 മുതൽ ബി.ജെ.പിക്കാരാണ്. സ്ഥിരതാമസക്കാരായ പരിസരവാസികളുടെ ബുദ്ധിമുട്ട് ജനപ്രതിനിധികൾക്ക് കാണാതിരിക്കാനാകില്ല. ആഗസ്റ്റ് 1 ന് വൈകീട്ട് 6 മണിക്ക്‌ ദേവസ്വം പറമ്പിൽ ആനപ്പിണ്ടവും പ്ലാസ്റ്റിക്കും കത്തിക്കുകയും പരിസരവാസികൾ പരാതി പറയുകയും ചെയ്‌തെന്ന് പ്രസ്താവനയിൽ പറയുന്നു.


ഉത്സാവകാലത്ത് പതിനായിരക്കണക്കിന് ആളുകളും മാസമാസം ആയിരങ്ങളും ഭക്ഷണം കഴിക്കുന്ന ഊട്ടുപുരയിലെ മാലിന്യങ്ങൾ ഇപ്പോൾ സമീപത്തെ കുളത്തിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. കുളം മാലിന്യത്താൽ നിറഞ്ഞു കഴിഞ്ഞു. ഇവിടെ ഒരു ട്രിറ്റ്മെൻ്റ് പ്ലാൻ്റ് അത്യാവശ്യമാണ്.


ഉത്സവകാലം 10 ദിവസം വരുന്ന ടൺ കണക്കിന് ആനപ്പീണ്ഡം സംസ്കരിക്കുവാനും ഖരമാലിന്യ സംസ്ക്കരണത്തിനും നൂതന മാർഗങ്ങൾ ഉണ്ടാക്കണം. കഴിഞ്ഞ ഉൽസവകാലത്ത് പ്ലാസ്റ്റിക് കുഴിച്ച് മൂടിയത് നഗരസഭ തുറപ്പിച്ച് ചാക്കിൽ നിറപ്പിക്കുകയുണ്ടായി. ഉത്സവകാലത്ത് ക്ഷേത്രത്തിന് ചുറ്റും ചിതറിക്കിടന്നിരുന്ന ആയിരക്കണക്കിന് ജോഡി ചെരുപ്പ് ഉത്സവം കഴിഞ്ഞ് എട്ടാം ദിവസം മാറ്റിയത് വാർഡ് കൗൺസിലറും നഗരസഭയും ഇടപെട്ടിട്ടാണ്.


ദേവസ്വം മാലിന്യങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് മൂലം പരിസ്ഥിതിക്കും പരിസരവാസികൾക്കും ഭക്തജനങ്ങൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ ദേവസ്വം അടിയന്തിരമായി ശ്രദ്ധിക്കണമെന്ന് ബി.ജെ.പി പാർളിമെൻ്ററി പാർട്ടി ആവശ്യപ്പെട്ടു.

യോഗം പാർളിമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഷാജുട്ടൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ആർച്ച അനിഷ്, സരിത സുഭാഷ്, സ്മിത കൃഷണകുമാർ, അമ്പിളി ജയൻ, വിജയകുമാരി അനിലൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page