ശ്രീ കേശവൻ വൈദ്യരുടെ ജന്മദിനാഘോഷം ഇന്ന് നടക്കുകയാണല്ലോ. അദ്ദേഹത്തെക്കുറിച്ചു മനസ്സിൽ വന്ന ഒരു സംഭവം ഇവിടെ കുറിക്കുന്നത് ഉചിതമാണെന്നു തോന്നി- വേറിട്ട ഒരു ചിന്തയാകും അത്.
എൺപതുകളിലെ ഒരു സംഭവം. ഇരിങ്ങാലക്കുട യങ്സ്റ്റർസ് ക്രിക്കറ്റ് ക്ലബ്ബിന്റെയും ഗോപി സ്മാരക അഖില കേരള ക്രിക്കറ്റ് ടൂർണമെന്റിന്റെയും സെക്രട്ടറി എന്ന നിലയിൽ ഭാരിച്ച ഒരു ഉത്തരവാദിത്തം നിറവേറ്റുന്ന സമയം. ടൂർണമെന്റ് അടുത്തെത്തി. ഏറ്റവും പ്രധാനമായി വേണ്ടിയിരുന്നത് “മാറ്റ്” ആണ്. ക്ലബ്ബിന് മൂലധനമോ സാമ്പത്തിക സ്രോതസ്സോ ഇല്ല. ടീമുകളിൽ നിന്ന് ഫീസൊന്നും വാങ്ങാറില്ല. നല്ലവരായ നാട്ടുകാരുടെ സഹായസഹകരണങ്ങൾ മാത്രം. മാറ്റ് വാങ്ങുവാൻ ഉള്ള സാമ്പത്തികം കഷ്ടിയായിരുന്നു താനും.
ടൂർണമെന്റിന്റെ രണ്ടാം സ്ഥാനത്തിനുള്ള ട്രോഫി ചന്ദ്രികയുടെ വകയായിരുന്നു. സാധാരണ ആയി ഉദ്ഘാടനത്തിന് വൈദ്യർ അവർകൾ ആണ് പതിവ്. ആ വർഷവും അദ്ദേഹത്തെ ക്ഷണിക്കാൻ പോയതാണ്. ഉദ്ഘാടനത്തിന് വരാം എന്ന് സമ്മതിച്ചു. തിരിച്ചു വരാൻ നേരത്തു അദ്ദേഹം ചോദിച്ചു നിങ്ങൾക്കെല്ലാം പതിവുള്ള ഉത്സാഹം ഇല്ലല്ലോ എന്ത് പറ്റി. മടിച്ചാണെങ്കിലും മാറ്റിന്റെ കാര്യം അവതരിപ്പിച്ചു. അദ്ദേഹത്തിന് സംശയം ഒന്നുമുണ്ടായില്ല ഉടൻ ആലപ്പുഴയിലെ അദ്ദേഹത്തിന്റെ സുഹൃത്തിനെ വിളിച്ചു നിമിഷം കൊണ്ട് മാറ്റിന്റെ കാര്യം തീരുമാനമായി. ഇനി ഓഫീസുമായി ബന്ധപ്പെട്ടാൽ മതി. ടൂർണമെന്റിന് ഒരു ദിവസം മുൻപ് മാറ്റ് ചന്ദ്രികയുടെ ഓഫീസിൽ എത്തിയിട്ടുള്ളതായി അറിയിപ്പ് വന്നു.
കലാസാംസ്കാരിക രംഗങ്ങളിൽ മാത്രല്ല കായിക രംഗങ്ങളിലും അദ്ദേഹത്തിനുള്ള താല്പര്യം വ്യക്തമാക്കുന്നതായിരുന്നു ആ സംഭവം. ഗോപി മെമ്മോറിയൽ ടൂർണമെന്റിന്റെ വിവരങ്ങൾ ഓഫീസു മുഖേന ദിവസേന അദ്ദേഹം തിരക്കുമായിരുന്നു. പാർക്ക് ക്ലബ് നടത്തിവന്നിരുന്ന അഖിലകേരള ബാൾബാഡ്മിന്റൺ ടൂർണമെന്റിനും അദ്ദേഹം സഹകരണങ്ങൾ നൽകി വന്നിരുന്നു. ചന്ദ്രിക ട്രോഫിക്ക് വേണ്ടിയായിരുന്നു പാർക് ക്ലബ്ബിന്റെ ടൂർണമെന്റ്.
ഈ കുറിപ്പ് അദ്ദേഹത്തിന്റെ ഓർമ്മക്ക് മുൻപിൽ സമർപ്പിക്കുന്നു.