ഹനൂമാന്‍റെ ലങ്കാദഹനത്തോടെ കൂടൽമാണിക്യം കൂത്തമ്പലത്തിലെ തോരണയുദ്ധം കൂടിയാട്ടം അവസാനിച്ചു

ഇരിങ്ങാലക്കുട : ശ്രീ.കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ആഭിമുഖ്യത്തിൽ ക്ഷേത്രം കൂത്തമ്പലത്തിൽ നടന്നു വന്നിരുന്ന സമ്പൂർണതോരണയുദ്ധം കൂടിയാട്ടം നിർവ്വഹണം സഹിതം സമാപിച്ചു. ഏഴ് വർഷം മുമ്പാണ് തോരണയുദ്ധം അരങ്ങേറിയിട്ടളളത്.

സീതാദർശനത്തിനുശേഷം അശോകവനികോദ്യാനം നശിപ്പിച്ച്, ഇന്ദ്രജിത്തിന്‍റെ ബ്രഹ്മാസ്ത്രം കൊണ്ട് പിടിച്ചുകെട്ടി രാവണസഭയിലെത്തിയ ഹനൂമാൻ രാവണനോടൊപ്പത്തിനൊപ്പം ഇരുന്ന് ശ്രീരാമനെ സ്തുതിയ്ക്കുന്നതും, അത് കേട്ട് കുപിതനായ രാവണന്റെ കല്പനയാൽ ഹനൂമാന്റെ വാലിൽ തീ കൊളുത്തുമ്പോൾ ആ തീയ്യുകൊണ്ട് ഹനൂമാൻ ലങ്കാപുരി ചാമ്പലാക്കു ന്നതാണ് കഥാഭാഗം. ഹനുമാനായി ഗുരു അമ്മന്നൂർ കുട്ടൻചാക്യാർ രംഗത്തെത്തി.

രാവണന്‍റെ പൂർവ്വകഥാഭിനയത്തിൽ, ചിട്ടപ്രധാനമായ കുബേരനെ ജയിച്ച് പുഷ്പകവിമാനം കൈക്കലാക്കി പോകുന്നതും, തുടർന്നുളള പർവ്വതവർണ്ണന, കൈലാസോദ്ധരണം, പാർവ്വതീ വിരഹം എന്നിവയും ഡോ.അമ്മന്നൂർ രജനീഷ് ചാക്യാർ അവതരിപ്പിച്ചു. ആയുധങ്ങളേന്തി അഹോരാത്രം സൈനികർ കാവൽ നിൽക്കുന്ന ലങ്കയിലേക്ക് ഒരു വാനരൻ ഒറ്റയ്ക്ക് കടന്നുവന്ന് ഇത്രയും നാശനഷ്ടങ്ങളുണ്ടാക്കിയത് ആശ്ചര്യം ഉളവാക്കുന്നു എന്ന ലങ്കാപുരി വർണ്ണനയും ഗംഭീരമാക്കി.

സീതാപഹരണം അധർമ്മം ആണെന്ന് സ്വന്തം ജ്യേഷ്ഠനോട് പറഞ്ഞ് രാവണനെ സന്മാർഗ്ഗത്തിലേയ്ക്ക് നയിയ്ക്കാൻ ശ്രമിയ്ക്കുന്ന വിഭീഷണനെ രാവണൻ ലങ്കയിൽ നിന്ന് പുറത്താക്കുന്നു. വിഭീഷണനായി അമ്മന്നൂർ മാധവ് ചാക്യാർ വേഷമിട്ടു.

പി.കെ.ഹരീഷ് നമ്പ്യാർ, പി.കെ.ഉണ്ണികൃഷ്ണൻ നമ്പ്യാർ, ജിനേഷ് നമ്പ്യാർ, ശരത് നാരായണൻ നമ്പ്യാർ എന്നിവർ മിഴാവിലും, ഇന്ദിര നങ്ങ്യാർ, ദേവി നങ്ങ്യാർ, ഡോ.അപർണ്ണ നങ്ങ്യാർ എന്നിവർ താളത്തിലും, വിജയൻ മാരാർ ഇടയ്ക്കയിലും മേളമൊരുക്കി. കലാമണ്ഡലം സതീശൻ ചുട്ടി കൈകാര്യം ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page