കാടുകയറി വേട്ടയാടിയവർ ഇനി കുടുങ്ങും; വനംവകുപ്പിൻ്റെ സ്നിഫർ ഡോഗുകൾ പുറകെയുണ്ട്

  • ബിഎസ്എഫിൽ പരിശീലനം നേടിയ നായ്ക്കൾ
  • വർഷങ്ങൾക്ക് മുൻപ് നടന്ന കുറ്റകൃത്യങ്ങൾ പോലും കണ്ടെത്താൻ അതീവ ശേഷിയുള്ളവർ
  • സ്നിഫർ ഡോഗുകൾ തൃശൂർ ജില്ലയിൽ എത്തുന്നത് ആദ്യമായി
  • പോലീസിലെ ഡി.വൈ.എസ്പി റാങ്കിന് തുല്യമായി എ.സി.എഫ് റാങ്കാണ് സ്നിഫർ ഡോഗുകൾക്ക്

കാട്ടിലെ കുറ്റകൃത്യങ്ങൾ കണ്ടെത്താനുള്ള ദൗത്യവുമായാണ് അതീവ അന്വേഷണ ശേഷിയുള്ള സ്നിഫർ ഡോഗുകൾ മുകുന്ദപുരം താലൂക്കിൽ പെടുന്ന വനപ്രദേശമായ പാലപ്പിള്ളി റേഞ്ച് ഓഫീസിലെത്തി. പാലപ്പിള്ളി വനത്തിനുള്ളിലെയും വനാതിർത്തികളിലെയും മൃഗവേട്ട, അനധികൃതമായ ചന്ദനത്തടി കടത്തൽ, കഞ്ചാവ് തുടങ്ങിയ കുറ്റകൃത്യങ്ങൾ കണ്ടെത്താനാണ് പരിശീലനം നേടിയ രണ്ട് സ്നിഫർ ഡോഗുകൾ എത്തിയിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് നടന്ന കുറ്റകൃത്യങ്ങളിൽ പോലും തെരച്ചിൽ നടത്തി കണ്ടെത്താൻ ശേഷിയുള്ളവയാണ് സ്നിഫർ ഡോഗുകൾ.

തേക്കടി കടുവ സങ്കേതത്തിൽ വർഷങ്ങളോളം പരിശീലനം നേടിയ വനവകുപ്പിൻ്റെ ജെനി, ജൂലി എന്നി രണ്ട് സ്നിഫർ ഡോഗുകളാണ് പാലപ്പിള്ളിയിൽ എത്തിയത്. തൃശൂർ ജില്ലയിൽ ആദ്യമായാണ് ഇവർ എത്തുന്നത്. കേരളത്തിൽ വനംവകുപ്പിൻ്റെ കീഴിൽ മൂന്ന് സ്നിഫർ ഡോഗുകളാണ് ഉള്ളത്. അതിൽ ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ടതാണ് ജെനിയും ജൂലിയും.

2015ലാണ് ഇവർ വനംവകുപ്പിൻ്റെ ഭാഗമാകുന്നത്. ബിഎസ്എഫിൽ നിന്ന് പരിശീലനം നേടിയ ഡോഗ് ട്രെയിനർ കെ.ആർ.ശേഖറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്നിഫർ ഡോഗുകളെ പാലപ്പിള്ളിയിൽ എത്തിച്ചത്. ജി.രഞ്ജിത്ത്, എൻ.എസ്.സനീഷ് എന്നിവരും സഹായികളായി കൂടെയുണ്ട്. പാലപ്പിള്ളി റേഞ്ച് ഓഫീസർ പ്രേംഷമീറിൻ്റെ ആവശ്യപ്രകാരമാണ് സ്നിഫർ ഡോഗുകളെ എത്തിച്ചത്.

വന്യമൃഗങ്ങളെ പിടികൂടാൻ ഒരുക്കിയിട്ടുള്ള കെണികൾ, കാട്ടിൽ കുഴിച്ചുമൂടിയ ചന്ദനത്തടികൾ, സ്ഫോടക വസ്തുക്കൾ എന്നിവയെല്ലാം പെടുന്നനെ ഡോഗുകൾക്ക് കണ്ടെത്താൻ കഴിയും. പന്നികളെ കൊന്നൊടുക്കാനുള്ള പടക്കങ്ങൾ കുഴിച്ചുമൂടിയാലും അവയെല്ലാം തെരഞ്ഞുപിടിച്ച് അറിയിക്കാനും ഈ നായ്ക്കൾക്ക് കഴിവുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ഡോഗുകളെ പാലപ്പിള്ളി റേഞ്ച് ഓഫീസിൽ എത്തിച്ചത്. പോലീസിലെ ഡിവൈഎസ്പി റാങ്കിന് തുല്യമായി എസിഎഫ് റാങ്കാണ് സ്നിഫർ ഡോഗുകൾക്ക്.

ഇക്കാലയളവിൽ നിർണ്ണായകമായ 14 കേസുകൾ തെളിയിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചതോടെയാണ് സ്നിഫർ ഡോഗുകൾ വനംവകുപ്പിൻ്റെ ഉന്നത പദവിയിലെത്തിയത്. കാടുകയറി വേട്ടയാടിയവർ തെളിവുകൾ ഉപേക്ഷിച്ചു പോയിട്ടുണ്ടെങ്കിൽ അവരുടെയരികിൽ മണത്തെത്തും ജെനിയും ജൂലിയും. വേട്ടക്കാരുടെ ഉറക്കം കെടുത്താൻ പാലപ്പിള്ളി മേഖലയിലെ കാടുകയറാനുള്ള ഒരുക്കത്തിലാണ് സ്നിഫർ ഡോഗുകൾ.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O

continue reading below...

continue reading below..