ആളൂർ പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണം വൈകുന്നതിനെതിരെ ജനകീയ പ്രതിഷേധ സമരം വരുന്നു…

കല്ലേറ്റുംകര : ആളൂർ, മുരിയാട് ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്ന ആളൂർ പോലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി ഒരു ദശകമായിട്ടും ആവശ്യമായ സൗകര്യങ്ങളോടെ സ്വന്തം കെട്ടിടം നിർമ്മിക്കാത്തതിനെതിരെ ജനങ്ങളിൽ ശക്തമായ പ്രതിഷേധം വളരുന്നു.

വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ പെരുമഴയത്ത് പോലും നനഞ്ഞു കുതിർന്ന് പോലീസ് സ്റ്റേഷന് പുറത്തു നിൽക്കേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്. ആളുകളെ അകത്തു കയറ്റാനുള്ള സൗകര്യങ്ങളില്ല.
തിരക്കു കൂടിയാൽ പ്രവേശന കവാടം അടക്കുകയല്ലാതെ പോലീസ് ഉദ്യോഗസ്ഥർക്കു വേറെ മാർഗ്ഗമില്ല.
പരാതിക്കാരും മറ്റുള്ളവരും നിൽക്കുന്നതിനിടയിലൂടെയാണ് സമീപത്തുള്ള പോളിടെക്നിക് കോളേജിലേക്കുള്ള വിദാർത്ഥി – വിദ്യാർത്ഥിനികളുടേയും യാത്ര.

ഗ്രാമപഞ്ചായത്ത് – സബ്ബ് രജിസ്ട്രാർ – വില്ലേജ് – വി.ഇ.ഒ കുടുംബശ്രീ കാര്യാലയങ്ങളിലേക്കും ഹോമിയോ- ആയുർവ്വേദ ആശുപത്രികളിലേക്കും കല്ലേറ്റുംകര സഹകരണ ബാങ്കിലേക്കും ഇരിങ്ങാലക്കുട റയിൽവേ സ്റ്റേഷനിലേക്കും നൂറുകണക്കിനു ആളുകൾ യാത്ര ചെയ്യുന്ന റോഡിൻ്റെ ഇരുവശവും പോലീസ് പിടിച്ചെടുത്ത ജെ.സി.ബി ഉൾപ്പെടെയുള്ള വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത് അത്യന്തം അപകടകരമായ സ്ഥിതിയാണ് സൃഷ്ടിക്കുന്നത്.

ഈ പോലീസ് സ്റ്റേഷൻ ഇവിടെ നിന്നും മാറ്റുവാനും ചില ശ്രമങ്ങൾ നടന്നിരുന്നു ഇതിന്റെ ഭാഗമായി കെട്ടിട നിർമ്മാണത്തിന് വേളൂക്കര പഞ്ചായത്തിലെ കടുപ്പശ്ശേരിയിൽ മറ്റൊരു സ്ഥലം അനുവദിപ്പിച്ചു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് അധികൃതർ പിന്നീട് ആ നീക്കം ഉപേക്ഷിച്ചു. അതിനു ശേഷം ആളൂർ ഗ്രാമപഞ്ചായത്തു വക സ്ഥലം അനുവദിയ്ക്കാൻ തയ്യാറായെങ്കിലും സ്ഥലം മതിയാകില്ലെന്നു ബന്ധപ്പെട്ടവർ നിലപാടെടുത്തു.

ഒരു സ്വകാര്യ വ്യക്തി അനുവദിച്ച സ്ഥലം കെട്ടിട നിർമ്മാണത്തിന് അനുകൂലമല്ലെന്നും പറയുന്നു. കാരണങ്ങൾ എന്തു തന്നെയായലും ആളൂർ പോലീസ് സ്റ്റേഷന് സ്വന്തമായ കെട്ടിടം എന്നത് അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് കല്ലേറ്റുംകര വികസന സമിതി യോഗം അഭിപ്രായപ്പെട്ടു. ജനകീയ പ്രതിഷേധ സമരങ്ങൾക്കു മുന്നോടിയായി ബന്ധപ്പെട്ട അധികാരികൾക്ക് സമര മുന്നറിയിപ്പ് നൽകാൻ ശനിയാഴ്ച കല്ലേറ്റുംകര പള്ളിനട കവലയിലുള്ള സ്വദേശി മിഷൻ ഗ്രാമസേവാകേന്ദ്രത്തിൽ കൂടിയ യോഗം തീരുമാനിച്ചു.

വികസന സമിതി യോഗത്തിൽ വർഗ്ഗീസ് തൊടുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. മാർട്ടിൻ പി പോൾ, ജോസ്. പി.എൽ,  ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ, ആൻ്റു പുന്നേലിപറമ്പിൽ, ഐ. കെ. ചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page