ഇരിങ്ങാലക്കുട : കേരള കോൺഗ്രസ്സിൽ നിന്നും ഇരിങ്ങാലക്കുട നിയമസഭാ സീറ്റ് തിരികെ വേണമെന്ന ആവശ്യത്തിൽ കോൺഗ്രസിൽ തന്നെ രണ്ടു പക്ഷമോ? തിങ്കളാഴ്ച ഇരിങ്ങാലക്കുട കോൺഗ്രസ് ആസ്ഥാനമായ രാജീവ് ഗാന്ധി ഭവനിൽ നിയോജകമണ്ഡലം ഭാരവാഹികളുടെ അധ്യക്ഷതയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ കേരള കോൺഗ്രസിൽ നിന്ന് നിയമസഭാ സീറ്റ് കോൺഗ്രസിന് വേണമെന്ന് ആവശ്യം വീണ്ടും ഉന്നയിച്ചു.
എന്നാൽ ഇത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ അറിവോടെ അല്ലെന്നും, ഇത്തരമൊരു ചർച്ച അവിടെ നടന്നിട്ടില്ലെന്നും ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട്മാരായ അജോ ജോൺ, കെ എസ് അസുറുദ്ദീൻ, അഡ്വ. സിജു പാറക്കാടൻ എന്നിവർ പിന്നീട് അറിയിച്ചു.
ചില വ്യക്തി താൽപര്യങ്ങൾക്ക് വേണ്ടി ചിലർ വിളിച്ചുചേർത്ത വാർത്താ സമ്മേളനം മാത്രമാണ് അതെന്നും, ഇരിങ്ങാലക്കുടയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആരായാലും അവർക്ക് വേണ്ടി പ്രവർത്തിക്കാൻ തങ്ങൾ തയ്യാറാണെന്നും ഇവർ വ്യക്തമാക്കി.
സോമൻ ചിറ്റേത്ത്, ടിവി ചാർളി, അഡ്വ വി സി വർഗീസ്, ജോസഫ് ചാക്കോ, സനൽ കല്ലൂക്കാരൻ, എം ആർ ഷാജു എന്നിവരാണ് രാജീവ് ഗാന്ധി ഭവനിൽ വാർത്താ സമ്മേളനം സംഘടിപ്പിച്ചത്.
സ്ഥിരമായി തോൽക്കുന്ന തോമസ് ഉണ്ണിയാടന് സീറ്റില്ല എന്ന നിലപാടിലാണ് യൂത്ത് കോൺഗ്രസ്. ഉണ്ണിയാടന് ഇരിങ്ങാലക്കുടലിൽ സീറ്റില്ല എന്നും കോൺഗ്രസിന് വേണ്ടി കൈപ്പത്തി ചിഹ്നം അടങ്ങിയ പോസ്റ്റുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഒരു മാസമായി തുടരെത്തുടരെ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു. ഇതിനു പുറകിൽ കോൺഗ്രസ് നേതാക്കളുടെ മൗന പിന്തുണയുണ്ടെന്ന് ഏവരും വിശ്വസിക്കുന്നുമുണ്ട് .
ഇതിനിടയിൽ കേരള കോൺഗ്രസിന് തന്നെയാണ് ഇരിങ്ങാലക്കുട നിയമസഭാ സീറ്റ് എന്ന ഉറപ്പിൽ തോമസ് ഉണ്ണിയാടൻ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ മുന്നോടിയായി കേരള കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറിക്ഷ അടങ്ങിയ പോസ്റ്റർ വിവിധയിടങ്ങളിൽ പതിപ്പിച്ചിരുന്നു . പക്ഷേ അടുത്ത ദിവസം തന്നെ അതിന്മേൽ കൈപ്പത്തി ചിന്നവും പ്രത്യക്ഷപ്പെട്ടു .

മുൻ വർഷങ്ങളിൽ കാണാത്ത തരത്തിൽ ഇത്തവണ യൂത്ത് കോൺഗ്രസിനെ മുന്നിൽ നിർത്തി ഇരിങ്ങാലക്കുട നിയമസഭാ സീറ്റ് കോൺഗ്രസിന് തിരികെ വേണമെന്ന് പ്രചരണം ശക്തമായി തന്നെ നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് ഈ വിഷയത്തിൽ കോൺഗ്രസിൽ തന്നെ രണ്ട് അഭിപ്രായം ഇപ്പോൾ ഉടലെടുക്കുന്നത്.
പ്രാദേശിക കോൺഗ്രസ്സ് നേതാക്കളുടെ കാലങ്ങളായുള്ള ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയെ കോൺഗ്രസ് തന്നെ ഇക്കുറിയും തോൽപ്പിക്കും എന്നുള്ള ഒരു സന്ദേശമാണ് പൊതുജനങ്ങളിൽ ഇത്തരം പ്രവർത്തികൾ കൊണ്ട് സ്ഥാനം പിടിക്കുന്നത് . ഇത് ഒരു സമ്മർദ്ദതന്ത്രമായി ഉപയോഗിക്കുകയാണ് കോൺഗ്രസിലെ ചില നേതാക്കൾ എന്നും പൊതുവിൽ സംസാരം ഉണ്ട് .
എനിക്കില്ലെങ്കിൽ മറ്റാർക്കും വേണ്ട എന്ന് മനോഭാവവും, മതേതരമെന്ന് പുറമേ തോന്നിപ്പിക്കും എങ്കിലും ‘ഇരിങ്ങാലക്കുടയിലെ പ്രത്യേക സമുദായിക രാഷ്ട്രീയം ‘ എന്ന ഓമനപ്പേര് പറഞ്ഞു പ്രാദേശികരെ ഒഴിവാക്കുകയും, അവസാനം നൂലിൽകെട്ടിയ പുറമെ നിന്നുള്ള ഇറക്കുമതികളെ കോൺഗ്രസ് സഹിക്കേണ്ട വരുമെന്ന വാസ്തവവും നിലനിൽക്കുന്നുണ്ട് .
കോൺഗ്രസിൽ വലിയേട്ടനെ അംഗീകരിച്ചു നിന്നില്ലെങ്കിൽ സ്ഥാനമില്ല എന്ന അനുഭവംകൊണ്ടാണ് പലരും പാർട്ടി വിട്ടു പോകുന്നത് എന്ന സംസാരവും ഇപ്പോഴത്തെ സംഭവവികാസങ്ങളോട് കൂട്ടിച്ചേർത്തു വായിക്കേണ്ടതാണ് .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

