ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ കർക്കിടകമാസത്തിൽ നടത്താറുള്ള ഇല്ലം നിറയ്ക്കാവശ്യമായ നെൽക്കതിർ ദേവസ്വം ഭൂമിയിൽ തന്നെ കൃഷിചെയ്യുന്ന രീതി പിന്തുടർന്ന് കൊട്ടിലായ്ക്കൽ പറമ്പിൽ കരനെൽ കൃഷി മാതൃകയിൽ വിളയിച്ചെടുത്ത കതിരുകൾ കൊയ്തെടുത്തു. വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങ് ദേവസ്വം തന്ത്രി പ്രധിനിധി ഗോവിന്ദൻ നമ്പൂതിരിപ്പാട് നിലവിളക്ക് കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു. ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് മെംബർമാരായ അഡ്വ. അജയ് കുമാർ, കെ ബിന്ദു, അഡ്മിനിസ്റ്റ്രേറ്റർ ഉഷാ നന്ദിനി, ദേവസ്വം ജീവനക്കാർ, മുൻ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ഭരതൻ കണ്ടേങ്കാട്ടിൽ, ഷൈൻ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പുറത്തുനിന്നും ഇല്ലംനിറയ്ക്കാവശ്യമായ നെൽക്കതിർക്കറ്റകൾ കൊണ്ടുവരുന്നതിനു പകരം, 2018 മുതൽ ക്ഷേത്രം ദേവസ്വം ഭൂമിയിലാണ് ഇവ വിളയിച്ചെടുക്കുന്നത്. ദേവസ്വത്തിന്റെ കീഴേടങ്ങളായ അയ്യൻകാവ് ആലുവ ഉളിയന്നൂർ എന്നിവടങ്ങളിലെ ഇല്ലംനിറ ചടങ്ങുകൾക്കും ഇവിടെ വിളയിച്ചെടുത്ത നെൽക്കതിർക്കറ്റകൾ ആണ് ഉപയോഗിക്കുന്നത്. കൂടാതെ സമീപ പ്രദേശങ്ങളിലെ മറ്റു ക്ഷേത്രങ്ങളിലേക്കും കട്ടകൾ ഇവിടെനിന്നും കൊണ്ടുപോകാറുണ്ട്. തൊണ്ണൂറ് ദിവസംകൊണ്ട് വിളവെടുക്കാവുന്ന കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത അത്യുത്പാദനശേഷിയുള്ള മനുരത്‌ന ഇനം വിത്താണ് ഇവിടെ പാകിയിരുന്നത്.
എടതിരിഞ്ഞി എച്ച് ഡി പി സമാജം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളുടെ കൊയ്ത്തു പാട്ടു കൊയ്ത്തു ഉത്സവത്തിന് ആവേശം പകർന്നു. അധ്യാപകർക്കൊപ്പം എല്ലാവർഷവും വിദ്യാർഥികൾ ചടങ്ങിന് എത്താറുണ്ട്.
ഓഗസ്റ്റ് 9 വെള്ളിയാഴ്ച രാവിലെ 8.45 മുതൽ 10.45 വരെയുള്ള ശുഭമുഹൂർത്തത്തിൽ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലംനിറ തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തുന്നതാണ്.
നെൽക്കതിരുകൾ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിൽ നിന്നും തന്ത്രി, കീഴ്‌ശാന്തിമാർ എന്നിവർ ശിരസ്സിലേറ്റി നാദസ്വരത്തിൻ്റെ അകമ്പടിയോടെ മണ്ഡപത്തിലേക്ക് എഴുന്നെള്ളിക്കും. പൂജിച്ച നെൽക്കതിരുകൾ ഭഗവാന് ആദ്യം സമർപ്പിച്ച് പിന്നീട് ഭക്തജനങ്ങൾക്ക് പ്രസാദമായി വിതരണം ചെയ്യും. അന്നേ ദിവസം ക്ഷേത്രത്തിലെ എത്യത്ത് പൂജ രാവിലെ 6 മണിക്കായിരിക്കും. കൂടൽമാണിക്യം ദേവസ്വത്തിന്റെ കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ അന്നേ ദിവസം ഇല്ലംനിറ നടത്തുന്നതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com