കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനനോടുള്ള അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമായപ്പോൾ കേന്ദ്ര മന്ത്രിയും പരിവാരങ്ങളും സ്റ്റേഷനിൽ വന്നുപോയതോടെ സ്റ്റേഷനിൽ നടന്നു വന്നിരുന്ന പണികളും നിലച്ചതായും, വീണ്ടും സ്റ്റേഷനോടുള്ള അവഗണന തുടരുന്നതിനാൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് റെയിൽവേ സ്റ്റേഷൻ വികസന സമതി.
ഡി ആർ എം ഉൾപ്പെടെയുള്ള റയിൽവേ ഉദ്യോഗസ്ഥരും കേന്ദ്ര സഹമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരും മറ്റും സ്റ്റേഷൻ സന്ദർശിസിച്ചിരുന്നു. സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ ചില അറ്റകുറ്റപണികൾ തുടങ്ങുകയും ചെയ്തു. ഒടുവിൽ തൃശൂർ ലോക്സഭാംഗവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയും സ്റ്റേഷനിലെത്തി. ആ ദിവസങ്ങളിലൊക്കെ സ്റ്റേഷനിൽ എന്തൊക്കെയൊ വികസനം വരികയാണെന്ന പ്രതീതി വരുത്തി തിരക്കിട്ട ചില പണികൾ നടക്കുന്നുണ്ടായിരുന്നു. എന്നാൽ മന്ത്രിയുടെ സന്ദർശനത്തിൻ്റെ പിറ്റെ ദിവസം തന്നെ എല്ലാ പണികളും നിലച്ചു. ടൈൽസ് വിരിക്കാൻ കോൺക്രീറ്റു ചെയ്തതെല്ലാം മഴയിൽ ഒലിച്ചു വികൃതമായി.
എന്തുകൊണ്ടാണ് പണികൾ നിലച്ചതെന്നോ ഇനി എന്നാണ് പുനരാരംഭിക്കുകയെന്നോ ഉത്തരവാദപ്പെട്ട ആർക്കും അറിവില്ല. ഈ റയിൽവേസ്റ്റേഷനോട് കാലങ്ങളായി റയിൽവേ അധികൃതർ കാണിക്കുന്ന അവഗണന ഇനിയും തുടരുമെന്നതിൻ്റെ തെളിവാണ് ഇതെന്ന് റെയിൽവേ സ്റ്റേഷൻ വികസന സമരത്തിൻ്റെ മുഖ്യസംഘാടകൻ വർഗ്ഗീസ് തൊടുപറമ്പിൽ ആരോപിച്ചു.
നിർത്തലാക്കിയ തീവണ്ടികൾക്ക് ഇവിടെ വീണ്ടും സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ല , കേന്ദ്രസർക്കാർ ഇനിയും തീരുമാനം പ്രഖ്യാപിക്കാത്ത അമൃത് ഭാരത് റയിൽവേ സ്റ്റേഷൻ വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തുമെന്ന വാഗ്ദാനവും അടിസ്ഥാനമില്ലാത്തതാണ് എന്നും പ്രസ്താവനയിൽ പറയുന്നു.

റെയിൽവേ സ്റ്റേഷൻ്റെ ഒരു ഭാഗം എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. സ്റ്റേഷൻ്റെ ഘടന മാറ്റുമ്പോൾ റയിൽവേ സ്റ്റേഷൻ്റെ സ്ഥാനം മാറിയേക്കാം എന്ന മന്ത്രിയുടെ പ്രസ്താവനയും സംശയാസ്പദമാണ്. യാതൊരു പ്രഖ്യാപനവും നടത്താത്ത മന്ത്രിയുടെ സന്ദർശനത്തിനു ശേഷം ജനകീയ സമരങ്ങൾ അനാവശ്യമാണെന്നും സമരക്കാർ വികസന വിരോധികളാണെന്നും സംയുക്ത പ്രസ്താവന നടത്തിയ ബി.ജെ.പി ജില്ലാ സെക്രട്ടറിയുടേയും സി.പി.ഐ. ലോക്കൽ സെക്രട്ടറിയുടേയും ജനവിരുദ്ധ നിലപാടുകളിൽ അതതു പാർട്ടികളുടെ ജില്ലാ നേതൃത്വങ്ങൾവ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു.

സമരം കൂടുതൽ ശക്തമാക്കുന്നതിനായി വിവിധ പ്രദേശങ്ങളിലുള്ളവരുടെ പ്രാതിനിത്യത്തോടെ കല്ലേറ്റുംകര റയിൽവേ സമരസമിതി വിപുലീകരണ യോഗം ജൂൺ 14 ശനിയാഴ്ച പകൽ 3 മണിക്ക് കല്ലേറ്റുംകരയിലുള്ള സ്വദേശി മിഷൻ കാര്യാലയത്തിൽ കൂടുന്നതാണ്. പ്രസ്തുത യോഗത്തിൽ സമരസമിതി ഓഫീസിൻ്റെ ഉദ്ഘാടനം പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ ജോയ് കൈതാരത്ത് നിർവ്വഹിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive