ജി 20 ഉച്ചകോടിയിൽ നടവരമ്പ് ബെൽവിക്‌സ് പെരുമ

ഇരിങ്ങാലക്കുട : ലോകരാഷ്ട്ര നേതാക്കൾ എത്തിച്ചേരുന്ന ജി 20 ഉച്ചകോടിയുടെ വേദിയായ ഡൽഹി പ്രഗതി മൈതാനിയിൽ ഒരുക്കുന്ന കരകൗശല ബസാറിൽ ഇരിങ്ങാലക്കുടക്ക് അഭിമാനമായി നടവരമ്പ് ബെല്‍വിക്‌സിലെ കരകൗശല ഉത്പന്നങ്ങൾ തിളങ്ങും. ബെല്‍വിക്സിൽ വെള്ളോടിൽ നിർമ്മിച്ച ഉരുളി, പാചകപാത്രങ്ങൾ എന്നിവയാണ് പ്രദർശനത്തിൽ അവതരിപ്പിക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്ന ലോകരാഷ്ട്ര നേതാക്കൾക്കും, അന്താരാഷ്ട്ര മാധ്യമങ്ങൾക്കും കരകൗശലബസാറിൽ നിന്നും പ്രാദേശികമായ ഉത്പന്നങ്ങൾ അറിയുവാനും വാങ്ങുവാനും അവസരം ഉണ്ടാകും.

നടവരമ്പ് കൃഷ്ണയ്യരാണ് വെങ്കല ശില്പശാലയുടെ സ്ഥാപകൻ. 1972 ലാണ് കുലത്തൊഴിൽ സംരക്ഷണത്തിനായി നടവരമ്പ് കൃഷ്ണ ബെൽ മെറ്റൽ വർക്കേഴ്സ് ഇൻഡസ്ട്രിയൽ സഹകരണസംഘം രൂപീകരിക്കുന്നത്.ജില്ലയിലെ തന്നെ ഏക ബെൽ മെറ്റൽ സഹകരണസംഗമാണ് ബെല്‍വിക്സ്. പരമ്പരാഗത രീതി ഉപയോഗിച്ചാണ് ഇവിടെ ഓരോ ഉത്പന്നങ്ങളും ശില്പികളുടെ കലാവിരുതിൽ നിർമ്മിക്കുന്നത്. അതുതന്നെയാണ് മറ്റുള്ളവയിൽ നിന്നും ബെൽവിക്സിനെ വേറിട്ട് നിർത്തുന്നത്. നൂറു ശതമാനം ഗ്യാരണ്ടിയാണ് ബെൽവിക്സ് ഓരോ ഉത്പന്നങ്ങൾക്കും ഉറപ്പുതരുന്നത്. സ്ഥാപനത്തിന്റെ മുഖമുദ്ര തന്നെ ഇവിടുത്തെ തൊഴിലാളികളുടെ ആത്മാർത്ഥണവും കരവിരുതുമാണ്.ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിർമ്മാണ രീതി മൂലമാണ് വിദേശങ്ങളിൽ നിന്നുപോലും തുടർച്ചയായി ഇവിടേക്കാവശ്യക്കാർ എത്തുന്നത്.

നിറങ്ങളിൽ തിളങ്ങുന്ന ഓരോ ഉത്പന്നങ്ങളും കരിയും പുകയും ചേർന്ന അധ്വാനത്തിന്റെയും കലയുടെയും ഫലമാണ്. അമേരിക്ക ഖത്തർ പോലുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇവിടേക്ക് ആവശ്യക്കാർ എത്താറുണ്ട്. ഇവിടുത്തെ തൊഴിലാളികൾ തന്നെയാണ് സംഘത്തിന്റെ ഭരണസമിതിയിൽ ഉള്ളത്. ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ നടവരമ്പ് ചിറക്കി സമീപമാണ് ബെൽവിക്സ് സ്ഥിതി ചെയ്യുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page