പുല്ലൂർ : മുരിയാട് പഞ്ചായത്തിലെ പുല്ലൂരിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ടേക്ക് എ ബ്രേക്ക് ഉപയോഗമില്ലാതെ നശിക്കുന്നതായി പരാതി. വഴിയാത്രക്കാർക്കായി പുല്ലൂർ പുളിഞ്ചോട്ടിൽ നിർമ്മിച്ചിട്ടുള്ള കിയോസ്‌ക്കാണ് ആർക്കും ആവശ്യമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നത്.
കുടംബശ്രീ ജില്ലാ മിഷന്റെ ഫണ്ട് ഉപയോഗിച്ചാണ് കിയോസ്‌ക്ക് നിർമ്മിച്ചത്. 2 വർഷം മുൻപ് നിർമ്മിച്ച ഈ കിയോസ്‌കിനു 2 ലക്ഷം രൂപയാണ് ചെലവ്. ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട ഏതാനും പഞ്ചായത്തുകളിൽ മാത്രമാണ് കിയോസ്‌ക് സ്ഥാപിച്ചിട്ടുള്ളത്. നിർമാണത്തിന് ശേഷം ഏറ്റെടുത്ത് നടത്താൻ ആളില്ലാതെ വന്നതോടെയാണ് കിയോസ്‌ക്ക് തുറന്നു പ്രവർത്തിക്കാൻ സാധിക്കാതെ വന്നത്.
ഉപകാരപ്രദമാകും വിധം മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഉത്തരവാദപ്പെട്ടവർ അത് ചെയ്തില്ലെന്ന് വാർഡ് അംഗം സേവ്യർ ആളൂക്കാരൻ പറഞ്ഞു.
ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ടേക്ക് എ ബ്രേക്ക് കിയോസ്‌ക്ക് നശിക്കുന്നു
