കൺവർജൻസ് 2024 : കരുതലായി മണപ്പുറം ഫൗണ്ടേഷൻ – ഭിന്നശേഷിക്കാർക്ക് 50 ഇലക്ട്രിക് വീൽചെയറുകൾ വിതരണം ചെയ്തു



ഇരിങ്ങാലക്കുട : ഇരുളടഞ്ഞു പോകുമായിരുന്ന തങ്ങളുടെ ജീവിതത്തിന് പുതുവെളിച്ചമേകിയവർക്കെല്ലാം ആ അൻപത് പേരും ഹൃദയത്തിൽനിന്നും നന്ദി അറിയിച്ചു. കൈപിടിച്ചവരും ചേർത്തണച്ചവരും കൂടെ നിർത്തിയവരുമെല്ലാം മനുഷ്യസ്‌നേഹത്തിന്റെ ആ മഹാസംഗമത്തിന് സാക്ഷികളായി. മണപ്പുറം ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ മണപ്പുറം ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘കൺവർജൻസ് 2024’ ചടങ്ങിൽ നടന്നത് വൈകാരിക മുഹൂർത്തങ്ങൾ. സഹയാത്രക്ക് സ്നേഹസ്പർശമായി പദ്ധതിയുടെ ഭാഗമായി സമൂഹത്തിൽ അർഹരായ 50 ഭിന്നശേഷിക്കാർക്കുള്ള ആധുനിക ഇലക്ട്രിക് വീൽചെയറുകളുടെ വിതരണവും, സധൈര്യം പദ്ധതിയുടെ ഭാഗമായി ലോക വനിതാദിനാഘോഷത്തിനോടാനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രഗത്ഭരായ വനിതകൾക്കുള്ള ആദരവും തൃശൂരിൽ നടന്നു.



ചടങ്ങിന്റെ ഉദ്ഘാടനം റവന്യു മന്ത്രി കെ. രാജന്‍ നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മണപ്പുറം ഗ്രൂപ്പ് പുതുവഴി തീർത്തവരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “നിർബന്ധിത സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ഗവണ്മെന്റ് നിയമം കൊണ്ടുവരുന്നതിന് മുൻപ്തന്നെ സാമൂഹിക മേഖലയിൽ നിരവധി സേവന പ്രവർത്തനങ്ങൾ മണപ്പുറം ഗ്രൂപ്പ് നടത്തിയിട്ടുണ്ട്. ആലംബഹീനരായ നിരവധി ആളുകൾക്ക് പുതുജീവിതം നൽകാനും മണപ്പുറത്തിനായി. കേരളത്തെ ആകെമാനം തകർത്തുകളഞ്ഞ പ്രകൃതി ദുരന്തങ്ങളിലെല്ലാം കരുതലിന്റെ സ്നേഹസ്പർശമാകാൻ മണപ്പുറത്തിനു കഴിഞ്ഞു. ഇതിന്റെയൊക്കെ തുടർച്ചയായാണ് ഇന്നത്തെ സംഗമത്തെ നാം കാണേണ്ടത്”. അദ്ദേഹം പറഞ്ഞു.



മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി. പി. നന്ദകുമാർ പദ്ധതി സമർപ്പണം നടത്തി. അർഹരായ ആളുകൾക്ക് സഹായം നൽകാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “വലപ്പാട് തീരദേശ പരിധിയിൽ ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തി, 2019 മുതലാണ് മണപ്പുറം ഫൗണ്ടേഷൻ ജീവകാരുണ്യ മേഖലയിൽ ചുവടുറപ്പിച്ചത്. തുടർന്നും, പ്രാദേശിക മേഖലയിൽ ഉൾപ്പടെ സന്നദ്ധ പ്രവർത്തനങ്ങൾ നടത്താനും ജീവിതങ്ങളെ കൈപിടിച്ചു നടത്താനും മണപ്പുറം ഫൗണ്ടേഷന് സാധിച്ചു. സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നിരവധി പദ്ധതികൾ ഇതിനോടകം പൂർത്തീകരിച്ചു”. അദ്ദേഹം പറഞ്ഞു.



വൈകല്യം തീർത്ത പരിമിതികളെ മറികടന്ന് കാർ ലൈസൻസ് കരസ്ഥമാക്കിയ ഇടുക്കി സ്വദേശി ജിലുമോൾ മരിയറ്റ് തോമസിനെയും സാമൂഹിക പ്രവർത്തക ഉമ പ്രേമനെയും ചടങ്ങിൽ ആദരിച്ചു. ഒറ്റപ്പാലം എംഎൽഎ കെ. പ്രേംകുമാർ, നാട്ടിക എംഎൽഎ സി. സി. മുകുന്ദൻ, ചാലക്കുടി എംഎൽഎ റോജി ജോൺ, കൊടുങ്ങല്ലൂർ എംഎൽഎ സുനിൽകുമാർ, കൈപ്പമംഗലം എംഎൽഎ ഇ. ടി. ടൈസൺ മാസ്റ്റർ, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ്, ആശിർവാദ് മൈക്രോഫിനാൻസ് എംഡി രവീന്ദ്ര ബാബു, മണപ്പുറം റീതി ജ്വല്ലറി എംഡി സുഷമ നന്ദകുമാർ, മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ്, ജനറൽ മാനേജർ ജോർജ് മൊറേലി, മസ്‌കുലര്‍ ഡിസ്ട്രോഫി ബാധിതരുടെ സംഘടനയായ മൈൻഡ് ട്രസ്റ്റിന്റെ വൈസ് ചെയർമാൻ കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

You cannot copy content of this page