ഇരിങ്ങാലക്കുട : ബിജെപിയിൽ നിന്നും ഇരുപതോളം പ്രവർത്തകരും ആയി സിപിഐയിലേക്ക് മാറി പ്രവർത്തിക്കുന്നതിനുള്ള രാഷ്ട്രീയ വിരോധത്താൽ യുവാവിനെ ആക്രമിച്ച കേസിൽ കുറ്റക്കാർ എന്ന് കണ്ട പ്രതികളെ കഠിനതടവിന് ശിക്ഷിച്ചു. വലപ്പാട് ബീച്ച് കടുവങ്ങശ്ശേരി വീട്ടിൽ വിഷ്ണു കെ ഹരി (30) വലപ്പാട് ബീച്ച് പോണത് വീട്ടിൽ വിനയ പ്രസാദ് (30) എന്നിവരെ കുറ്റക്കാർ എന്ന് കണ്ട് ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് ജഡ്ജ് ഫസീല ടി ബി പത്തുവർഷം വീതം കഠിനതടവിനും 50000 രൂപ വീതം പിഴ ഒടുക്കുന്നതിനും പിഴ തുകയിൽ നിന്നും 1,00,000 രൂപ ഒന്നാം സാക്ഷിക്ക് നഷ്ടപരിഹാരം നൽകുവാനും ശിക്ഷ വിധിച്ചത്.
2016 ജനുവരി 1 ന് ന്യൂയർ ആഘോഷം കഴിഞ്ഞ് വലപ്പാട് ബീച്ചിൽ നിന്നും സ്വന്തം വീട്ടിലേക്ക് വന്നിരുന്ന വലപ്പാട് ബീച്ച് വളവത്ത് വീട്ടിൽ സുരേഷ് മകൻ സാഗിന് എന്നയാളെ പുലർച്ചെ 1, 30 മണിക്ക് വലപ്പാട് ബീച്ച് ദേശത്ത് നിലാവ് നഗർ ജംഗ്ഷനിൽ ഒന്നാം സാക്ഷി കോളറിൽ പിടിച്ച് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞു കയ്യിൽ ഉണ്ടായിരുന്ന വടിവാളുകൊണ്ട് സാഗിന്റെ ഇടതു കൈമുട്ടിൽ വെട്ടിയതിൽ ഇടതു കൈ മുട്ടിന്റെ എല്ല് പൊട്ടുകയും ഞരമ്പ് മുറിഞ്ഞ് ഗുരുതരപരുക്ക് ഏൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതാണ് കേസ്.
വലപ്പാട് പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന പി ജി മധു രജിസ്റ്റർ ചെയ്ത കേസിൽ വലപ്പാട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ആർ രതീഷ് കുമാർ അന്വേഷണം നടത്തുകയും, പിന്നീട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സി ആർ സന്തോഷ് തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതാണ്.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 21 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകൾ ഹാജരാക്കുകയും ചെയ്തു. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി ജെ ജോബി അഡ്വക്കേറ്റ് മാരായ ജിഷ ജോബി , യാക്കുബ്സുൽഫിക്കർ, മുസാഫർ അഹമ്മദ് എന്നിവർ ഹാജരായി.