ഇരിങ്ങാലക്കുട : മാനവസേവക്കായി ജാതിമത രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ രാജ്‌ഭവൻ എന്നും കൂടെയുണ്ടാക്കുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ.
ഇരിങ്ങാലക്കുട സേവാഭാരതി തിരുവനന്തപുരം ആർസിസിയുമായി സഹകരിച്ച് നടപ്പാക്കുന്ന കാൻസർ മുക്ത നഗരസഭാ കാംപെയ്‌ന് ക്യാമ്പയിൻ ഇരിങ്ങാലക്കുട ടൌൺ ഹാളിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ ഇവിടെ വന്നത് എതെകിലും തരത്തിലുള്ള സന്ദേശം നൽകാനല്ല മറിച്ച് ഇവിടെ നടക്കുന്ന സേവനങ്ങൾ കണ്ടു പഠിക്കാനും അത് ഉൾക്കൊണ്ട് മറ്റിടങ്ങളിൽ ഇതേപ്പറ്റി സംസാരിക്കാനും പ്രചരിപ്പിക്കാനുമാണെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നിശ്ചയിച്ചിരുന്ന ചടങ്ങ് ഗവർണർ എത്തിയതിനെ തുടർന്ന് അര മണിക്കൂർ നേരെത്തെയാണ് ആരംഭിച്ചത്. പരിപാടികൾക്ക് വൈകി എത്തുന്നതിന് തുടർന്നാണ് സാധാരണ ക്ഷമ ചോദിക്കുന്നത് എങ്കിലും ഇവിടെ നേരത്തെ എത്തിയതിനും ക്ഷമ ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു. സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു എസ്. മേനോൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു.
സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ സിഎസ്ആർ ഫണ്ടിൽനിന്ന് ഒരു ആംബുലൻസും സേവാശക്തി ഫൗണ്ടേഷൻ പാലിയേറ്റീവ് കെയറിനുവേണ്ടി അനുവദിച്ച വാഹനവും ഗവർണർ നാടിനു സമർപ്പിച്ചു.
ഇരിങ്ങാലക്കുട നഗരസഭയിലെ എല്ലാ വാർഡുകളിലും കാൻസർ രോഗനിർണയ ക്യാമ്പുകളും ഏതൊരു സാധാരണക്കാരനും സമീപിക്കാവുന്ന രീതിയിൽ സൗജന്യ കൺസൾട്ടേഷനോടു കൂടിയ ലാഭരഹിത വെർച്വൽ ക്ലിനിക്കും ഇതിന്റെ ഭാഗമായി ഇരിങ്ങാലക്കുട സേവാഭാരതി ഒരുക്കുന്നുണ്ട്.
തിരുവനന്തപുരം ആർസിസിയിലെ പ്രമുഖ ഡോക്ടർ ആർ. രാജീവിനെയും ആറായിരത്തിൽപ്പരം മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ആതുരസേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജില്ലാ മെഡിക്കൽ ക്യാമ്പ് കോഡിനേറ്ററും കൊമ്പടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബ് അംഗവുമായ ജോൺസൻ കോലങ്കണ്ണിയെയും കഴിഞ്ഞ 18 വർഷമായി താലൂക്കാശുപത്രിയിൽ സേവാഭാരതി നടത്തുന്ന അന്നദാനത്തിന് നേതൃത്വം നൽകുന്ന രാമനെയും ചടങ്ങിൽ ഗവർണർ ആദരിച്ചു.
ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, ആർഎസ്എസ് ഉത്തര പ്രാന്ത് കാര്യവാഹ് പി എൻ ഈശ്വരൻ, ദേശീയ സേവാഭാരതിയുടെ ജില്ലാ പ്രസിഡന്റ് റിട്ടയേർഡ് ഐപിഎസ് ഉദ്യോഗസ്ഥൻ എൻ ഉണ്ണിരാജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സേവാഭാരതി സെക്രട്ടറി സായിറാം സ്വാഗതവും ട്രഷറർ ഐ. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ ഉണ്ണികൃഷ്ണൻ, ജില്ലാ ട്രഷറർ നോഫ് ടീച്ചർ, ജില്ലാ കമ്മിറ്റി അംഗം സി വി ഷിബു, ഇരിങ്ങാലക്കുട സേവാഭാരതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാകാര്യ വാഹ് ഉണ്ണികൃഷ്ണൻ മാസ്റ്റർ, പൂർവ സൈനിക പരിഷത്ത്സംസ്ഥാന ഓർഗനൈസിംങ്ങ് സെക്രട്ടറി സേതുമാധവൻ, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സി കെ സന്തോഷ്, ക്രൈസ്റ്റ് കോളേജ് മാനേജർ ജോയ് പീണിക്കപറമ്പിൽ, സെന്റ് ജോസ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസി, തോമസ് ഉണ്ണിയാടൻ, എം പി ജാക്സൺ തുടങ്ങിയവർ സദസ്സിൽ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

