ഓർമ്മകളിലൂടെ : കൂടൽമാണിക്യം കൂത്തമ്പലത്തിൽ ഈ വർഷത്തെ പ്രബന്ധകൂത്ത് അരങ്ങേറുന്നു എന്ന വാർത്ത വായിച്ചപ്പോൾ മനസ്സ് ഏതാണ്ട് ആറു പതിറ്റാണ്ടുകൾ പിന്നിലേക്കു സഞ്ചരിച്ചു – മഴയുടെ താളത്തിലും മിഴാവിന്റെ മുഴക്കത്തിലും നിറഞ്ഞിരുന്ന ആ ദിനങ്ങളിലേക്കു. നാലുമണിക്ക് സ്കൂൾ ബെൽ അടിച്ചാൽ വീട്ടിലേക്കുള്ള ഓട്ടം കളിക്കാനായിരുന്നില്ല; കുളിക്കാനായിരുന്നു. കുളി കഴിഞ്ഞാൽ നേരെ കൂത്തമ്പലത്തിലേക്ക്. ഇടവപ്പാതി തിമിർത്ത് പെയ്യുന്ന കാലത്താണ് വർഷംതോറും കൂടൽമാണിക്യം കൂത്തമ്പലത്തിൽ പ്രബന്ധകൂത്ത് അരങ്ങേറുന്നത്. ഏകദേശം ഒരു മാസം നീണ്ടുനിൽക്കുന്ന ഈ കലാവിരുന്നിന് വാവിനും പ്രഥമയ്ക്കും മാത്രം ഇടവേളയുണ്ടാകും.
രാമായണത്തിലെ ഓരോ കാണ്ഡങ്ങളിൽ നിന്നുമുള്ള ഭാഗങ്ങൾ തെരഞ്ഞെടുത്ത് ഓരോ വർഷവും അവതരിപ്പിക്കുന്നതായിരുന്നു പതിവ്. ആ ദിവസങ്ങളിലെ കൂത്തമ്പലവും, മഴയുടെ സംഗീതവും, കൂത്തിനായി കാത്തിരുന്ന ആ ബാല്യകാല ആവേശവും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.
പ്രബന്ധകൂത്തിന്റെ അവതരണാവകാശം പാരമ്പര്യമായി അമ്മന്നൂർ ചാക്യാർ കുടുംബത്തിനാണ്. നർമവും ചാതുര്യവും കലർത്തി പ്രേക്ഷകരെ ആകർഷിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന വിദൂഷകനാണ് പ്രബന്ധത്തിന്റെ അവതാരകൻ. സർപ്പരാജാവായ അനന്തനെ അനുസ്മരിപ്പിക്കുന്ന വിശിഷ്ടമായ ശിരോഭൂഷണം, കറുത്ത മീശയോടുകൂടിയ മുഖത്തെഴുത്ത്, ചുവന്ന പൊട്ടുകളാൽ അലങ്കരിച്ച ചന്ദനം പൂശിയ ശരീരം, ഞൊറിയോടുകൂടിയ തറ്റുടുത്ത വസ്ത്രം—ഇവയെല്ലാം ചേർന്നതാണ് വിദൂഷകന്റെ തനതായ വേഷഭംഗി.
സ്കൂൾ വിട്ട് വീട്ടിലേക്കു മടങ്ങുമ്പോൾ ചാക്യാർ ക്ഷേത്രത്തിലേക്കു പോകുന്നത് പലപ്പോഴും കാണാറുണ്ടായിരുന്നു. അവിടെ ചെന്നു ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി വൈകുന്നേരം അഞ്ചുമണിയോടെ അരങ്ങിലെത്തേണ്ടതുണ്ടല്ലോ. ഇന്ന് മാധവചാക്യാർ തന്നെയാകണമേ അവതാരകൻ എന്ന് പലപ്പോഴും മനസ്സിൽ പ്രാർഥിക്കാറുണ്ടായിരുന്നു. അതിന് പ്രധാന കാരണം അദ്ദേഹത്തിന്റെ അസാധാരണമായ വാഗ്ചാതുര്യമായിരുന്നു. ചില ദിവസങ്ങളിൽ പരമേശ്വര ചാക്യാരും, ചിലപ്പോൾ മൂഴിക്കുളം കൊച്ചുകുട്ട ചാക്യാരും അരങ്ങിലെത്തും.
മിഴാവിൽ സാധാരണയായി ചാത്തക്കുടം കൃഷ്ണൻ നമ്പ്യാരോ പടിഞ്ഞാറേ നടയിലെ ദാമോദരൻ നമ്പ്യാരോ ആയിരിക്കും. മിഴാവ് വായിക്കുന്ന നമ്പ്യാർ തന്നെയാണ് അണിയറയിലും ചാക്യാരെ സഹായിക്കുന്നത്.
മുണ്ടും രണ്ടാംമുണ്ടും ധരിച്ച്, മഴക്കാലത്തിന്റെ അനിവാര്യസഹചാരിയായ കാലൻകുട നിവർത്തിപ്പിടിച്ച്, അന്ന് അവതരിപ്പിക്കേണ്ട ഭാഗങ്ങൾ മനസ്സിൽ ആവർത്തിച്ചും ആലോചിച്ചും കൊണ്ടാണ് മാധവചാക്യാർ നടന്നു പോകുന്നത്. മുഖത്ത് ഗൗരവഭാവം നിറഞ്ഞിരുന്നെങ്കിലും, വഴിയിൽ കാണുന്നവർക്കൊരു മൃദുപുഞ്ചിരി സമ്മാനിക്കാൻ അദ്ദേഹം ഒരിക്കലും മറന്നിരുന്നില്ല. ആ പുഞ്ചിരിയിൽ അദ്ദേഹത്തിൻടെ സൗമ്യതയും ആത്മവിശ്വാസവും ഒരുപോലെ തെളിഞ്ഞുനിന്നിരുന്നു.

കുളി കഴിഞ്ഞ് കൂത്തമ്പലത്തിൽ എത്തുമ്പോഴേക്കും മിഴാവിന്റെ മുഴക്കം തുടങ്ങിയിട്ടുണ്ടാകും. നല്ലൊരു സ്ഥലം കണ്ടെത്തി ഇരിപ്പുറപ്പിക്കുമ്പോഴേക്കും ചാക്യാർ അരങ്ങിൽ പ്രവേശിച്ചിട്ടുണ്ടാവും. കഥയുടെ തുടർച്ച ഉറപ്പാക്കുന്നതിനായി, അന്നേവരെ നടന്ന സംഭവങ്ങളുടെ ചുരുക്കം ശ്ലോകരൂപത്തിൽ ചാക്യാർ തുടക്കത്തിൽ അവതരിപ്പിക്കും. കഥയുടെ പ്രവാഹം ഒരിക്കലും മുടങ്ങാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കും. സന്തോഷകരമായ ഒരു സന്ദർഭം തെരഞ്ഞെടുത്താണ് സാധാരണയായി അന്നത്തെ അവതരണം അവസാനിപ്പിക്കുക. ശ്ലോകം ചൊല്ലി അതിന്റെ അന്വയവും അർത്ഥവും വിശദമായി വിശദീകരിക്കുന്നതാണ് പ്രബന്ധകൂത്തിലെ പ്രധാന സവിശേഷത.
അന്നത്തെ കാലത്ത് രാമായണ പ്രബന്ധകൂത്ത് സാധാരണയായി കൂടിയാട്ടത്തോടെയാണ് സമാപിച്ചിരുന്നത്. അതിനു വേണ്ടി വരുന്ന സാമ്പത്തിക ചിലവുകൾക്കും നാട്ടുകാർ സജീവമായി സഹകരിക്കുമായിരുന്നു. പിന്നീട് കൂടിയാട്ടത്തിന് പ്രത്യേക അരങ്ങുകൾ ലഭിച്ചു തുടങ്ങിയതോടെ കൂത്തമ്പലത്തിൽ കൂടിയാട്ടം പതിവായി നടക്കാതെയായി. പക്ഷെ ഓർമ്മകൾ ഇന്നും ജീവിക്കുന്നു. പ്രബന്ധോത്സവത്തിന് എല്ലാ വിജയാശംസകളും നേരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




