ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ ‘സി ഫോർ സൈക്ലിംഗ് ‘ ക്ലബ് 25 കിലോമീറ്റർ സൈക്കിൾ റാലി സംഘടിപ്പിച്ചു. രാവിലെ 8 മണിയോടുകൂടി ആർട്സ് ഡീൻ ഡോ.ബി. പി. അരവിന്ദയും സൈക്ലിംഗ് ക്ലബ് കോർഡിനേറ്റർ സ്മിത ആന്റണിയും ചേർന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ചേർന്ന യോഗത്തിൽ കഴിഞ്ഞവർഷം 1500 കിലോമീറ്ററിൽ അധികം ദൂരം സൈക്കിളിൽ സഞ്ചരിച്ച അധ്യാപിക സ്മിത ആന്റണി, കാലിക്കറ്റ് യൂണിവേഴ്സിറ്റി സൈക്ലിംഗ് മത്സരത്തിൽ രണ്ടാം സ്ഥാനത്തിന് അർഹനായ വിഷ്ണു ദേവ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ബെസ്റ്റ് എൻ.എസ്.എസ് വളണ്ടിയർ ആയി തിരഞ്ഞെടുക്കപ്പെട്ട ജോൺ ജോജു എന്നിവരെ അനുമോദിച്ചു. പെൺകുട്ടികളിൽ ശാരീരിക ക്ഷമതയും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നതിൽ ഇത്തരം കായിക വിനോദങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. അത്തരത്തിൽ മാതൃകാപരമായ നേട്ടമാണ് അധ്യാപികയായ സ്മിത ആന്റണി കാഴ്ച വച്ചിരിക്കുന്നത് എന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് പ്രിൻസിപ്പൽ ഫാ.ഡോ. ജോളി ആൻഡ്രൂസ് പറഞ്ഞു. മുൻ കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ, സ്റ്റാഫ് കോർഡിനേറ്റർ പ്രൊഫ. ഷിന്റൊ വി.പി., വിദ്യാർത്ഥി പ്രധിനിധിയായിരുന്ന എഡ്വിൻ ആന്റണി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.