ഇരിങ്ങാലക്കുട : ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന 29-മത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുന്നോടിയായി നടക്കുന്ന വിളംബര ടൂറിംഗ് ടാക്കീസിൻ്റെ തൃശ്ശൂർ ജില്ലയിലെ ആദ്യ സ്വീകരണം ഡിസംബർ 2 ന് രാവിലെ 9.30 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിൽ. ഫാ ജോസ് തെക്കൻ സെമിനാർ ഹാളിൽ നടക്കുന്ന സ്വീകരണ ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.
കോളേജ് പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായി പങ്കെടുക്കും. കോളേജ് മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ, സംസ്ഥാന ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് മെമ്പർ പ്രകാശ് ശ്രീധർ,അക്കാദമി ജനറൽ കൗൺസിൽ മെമ്പർ സിബി കെ തോമസ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും.
സ്വീകരണ ചടങ്ങിന് ശേഷം അപർണ്ണാ സെൻ സംവിധാനം ചെയ്ത ബംഗാളി ചിത്രം ‘ ദി ജപ്പാനീസ് വൈഫ് ‘ പ്രദർശിപ്പിക്കും. നവംബർ 27 ന് കണ്ണൂരിലെ കയ്യൂരിൽ നിന്നും ആരംഭിച്ച ടൂറിംഗ് ടാക്കീസ് വിളംബരജാഥ ഡിസംബർ 10 ന് തിരുവനന്തപുരത്ത് സമാപിക്കും.