ചെറുകിട പ്രസ്സുകളെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷൻ – 40-ാമത് റൂബി ജൂബിലി തൃശൂർ ജില്ലാ സമ്മേളനം ആഗസ്റ്റ് 17ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് നേടുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിപത്രം ഹാജരാക്കണമെന്ന നിർദ്ദേശം നിരവധി ചെറുകിട പ്രസ്സുടമസ്ഥരെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചിരിക്കുന്നതായി കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷൻ.

ആയതിനാൽ 5 എച്ച്.പി.-യിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്ന അച്ചടി സ്ഥാപനങ്ങളെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.



നാമമാത്രമായ ജീവനക്കാരെ ഉൾപ്പെടുത്തി കുറഞ്ഞ മുതൽമുടക്കിൽ സ്വയംതൊഴിൽ സംരംഭങ്ങളായി പ്രവർത്തിക്കുന്നവയാണ് പ്രിന്റിംഗ് പ്രസ്സുകളിൽ അധികവും. മലിനീകരണം തീരെ ഇല്ലാതെ, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കമ്പ്യൂട്ടർ നിയന്ത്രിതമായാണ് നിലവിൽ ഡിജിറ്റൽ അച്ചടിയന്ത്രങ്ങൾ പ്രവർത്തിക്കുന്നത്.

ലൈസൻസ് നേടുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിപത്രം ഹാജരാക്കണമെന്ന നിർദ്ദേശം ഒന്നോ രണ്ടോ ജീവനക്കാരുള്ള ചെറുകിട പ്രസ്സുകളേയും കോടിക്കണക്കിന് രൂപ വിലയുള്ള മെഷിനറികളും നൂറുകണക്കിന് ജീവനക്കാരുമായി പ്രവർത്തിക്കുന്ന പത്രസ്ഥാപനങ്ങളേയും ഒരേ കാറ്റഗറിയിൽ ഉൾപ്പെടുത്തിയതാണ് ഈ പ്രതിസന്ധിക്ക് കാരണം.



സംഘടനയുടെ 40-ാമത് റൂബി ജൂബിലി തൃശൂർ ജില്ലാ സമ്മേളനം ആഗസ്റ്റ് 17 ഞായറാഴ്ച ഇരിങ്ങാലക്കുട കല്ലട റീജൻസിയിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമ്മേളനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും.

ജില്ലാ പ്രസിഡണ്ട് സണ്ണി കുണ്ടുകുളം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് വൈ. വിജയൻ മുഖ്യപ്രഭാഷണം നടത്തുന്നതാണ്. സംസ്ഥാന – ജില്ലാ ഭാരവാഹികളായ എം. എസ്. വികാസ്, രാജീവ് ഉപ്പത്ത്, രവി പുഷ്പഗിരി, പി. എസ്. സിദ്ധൻ, കെ. എൻ. പ്രകാശ്, പി. ബിജു, സി. കെ. ഷിജുമോൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിക്കും.



അച്ചടി ഉൽപ്പന്നങ്ങൾക്ക് 12% ജി.എസ്.ടി. നിരക്ക് ബാധകമാക്കുക, സർക്കാർ – അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ അച്ചടി ജോലികൾ കേരളത്തിലെ പ്രസ്സുകൾക്ക് മാത്രം നൽകുക, അച്ചടി സ്ഥാപനങ്ങൾക്ക് പ്രത്യേകം ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തുക, കോട്ടയം വെള്ളൂരിലുള്ള കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡിൽ പ്രിന്റിങ്ങിനാവശ്യമായ എല്ലാ പേപ്പറുകളും ഉൽപ്പാദിപ്പിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അച്ചടിവിരുദ്ധ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംഘടന പ്രക്ഷോഭരംഗത്താണെന്നും ഭാരവാഹികൾ അറിയിച്ചു.

ജില്ലാ പ്രസിഡണ്ട് സണ്ണി കുണ്ടുകുളം, സംസ്ഥാന വൈസ് പ്രസിഡണ്ട് രാജീവ് ഉപ്പത്ത്, ജില്ലാ സെക്രട്ടറി പി. ബിജു, ഇരിങ്ങാലക്കുട മേഖലാ പ്രസിഡണ്ട് ബൈജു ജോസഫ്, ഇരിങ്ങാലക്കുട മേഖലാ സെക്രട്ടറി ടി. എസ്. ബൈജു, മേഖല ട്രഷറർ എം.കെ. കാർത്തികേയൻ, മേഖല ജോയിൻറ് സെക്രട്ടറി സെബി ജോസഫ് എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page