ഇരിങ്ങാലക്കുട : 108 വർഷത്തെ പാരമ്പര്യമുള്ള ഐ.ടി.യു. ബാങ്കിലെ ഇന്നത്തെ അവസ്ഥക്ക് കാരണക്കാർ ബാങ്കിന്റെ മുൻ ചെയർമാനും നിലവിലെ ഇരിങ്ങാലക്കുട നഗരസഭാ ചെയർമാനുമായ എം.പി. ജാക്സണും സഹ ഡയറക്ടർമാരും ജീവനക്കാരും ഉൾപ്പെട്ട ഭരണത്തിലെ വീഴ്ചകളാണ് എന്ന് ഐ.ടി.യു. ബാങ്ക് നിക്ഷേപക സംരക്ഷണ സമിതി. നിക്ഷേപകർക്ക് പണം തിരികെ ലഭ്യമാക്കാൻ കേന്ദ്ര-കേരള സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് നിക്ഷേപക സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിക്ഷേപകർക്ക് ഏകദേശം 482 കോടി രൂപ ലഭിക്കാനുണ്ടെന്നും, 2025 ജൂലൈ 30 മുതൽ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ബാങ്കിൽ ഇടപാടുകൾക്ക് നിയന്ത്രണമുണ്ടെന്നും സമരസമിതി വ്യക്തമാക്കി. ഇതുമൂലം ബാങ്കിൽ നിക്ഷേപിച്ച ഏഴായിരത്തോളം പേരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ വലിയൊരു വിഭാഗം പ്രതിസന്ധിയിലാണ്.
റിസർവ് ബാങ്കിന്റെ നിർദേശങ്ങൾ പാലിക്കാത്തത്, മൂലധനക്കുറവ്, വർധിച്ചുവരുന്ന നിഷ്ക്രിയ ആസ്തികൾ, മുൻ ഭരണസമിതിയുടെ വീഴ്ചകൾ എന്നിവയാണ് ബാങ്കിന്റെ പ്രതിസന്ധിക്ക് കാരണമെന്നാണ് സമരസമിതിയുടെ ആരോപണം.
റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾ നിലനിൽക്കെ മതിയായ രേഖകളില്ലാതെ 115 കോടി രൂപ വിതരണം ചെയ്തതായും ഇത് ബാങ്കിന്റെ സഞ്ചിത നഷ്ടം വർധിക്കാൻ കാരണമായതായും അവർ പറഞ്ഞു.
ഡി.ഐ.സി.ജി.സി. മുഖേന നിക്ഷേപകർക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകിയതിന്റെ ഭാഗമായി ഏകദേശം 462 കോടി രൂപ തിരികെ നൽകേണ്ട ബാധ്യത ബാങ്കിനുണ്ടെന്നും, ഇതിന് ഗവണ്മെന്റ് സെക്യൂരിറ്റികളടക്കം 382 കോടി രൂപയുടെ ആസ്തികൾ ഡി.ഐ.സി.ജി.സി. ചാർജ് ചെയ്ത് മരവിപ്പിച്ചിരിക്കുകയാണെന്നും സമരസമിതി ആരോപിച്ചു. അതിനാൽ ബാങ്കിൽ നിക്ഷേപകരുടെ പണം മുഴുവൻ തിരിച്ചുനൽകാൻ മതിയായ തുകയുണ്ടെന്ന മുൻ ചെയർമാന്റെ അവകാശവാദം ശരിയല്ലെന്നും വാർത്ത സമ്മേളനത്തിൽ സമതി പറഞ്ഞു.
നിക്ഷേപകർക്ക് ലഭിച്ചിരുന്ന 7.5 ശതമാനം പലിശ രണ്ട് ശതമാനമായി കുറച്ചതായും, ഈ തുക പോലും കൃത്യമായി ലഭിക്കുന്നില്ലെന്നും സമരസമിതി ആരോപിച്ചു. അതേസമയം ജീവനക്കാരുടെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും കാര്യമായ കുറവുണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. അടച്ചുപൂട്ടിയതും പ്രവർത്തനരഹിതവുമായ വിവിധ ശാഖകളുടെ വാടകയിനത്തിൽ പ്രതിവർഷം ഏകദേശം ഒൻപത് കോടി രൂപയും, ജീവനക്കാരുടെ ശമ്പളത്തിനായി നാല് കോടി രൂപയും ചെലവഴിക്കുന്നതായും സമരസമിതി ആരോപിച്ചു.
നിക്ഷേപത്തുക സമയത്ത് ലഭിക്കാത്തതിനാൽ ചികിത്സ മുടങ്ങിയവർ, കാൻസർ രോഗികൾ, പാലിയേറ്റീവ് പരിചരണത്തിലുള്ളവർ, പഠനം, വിവാഹം, ഭവനനിർമാണം എന്നിവ മുടങ്ങിയവർ, വാടക നൽകാൻ കഴിയാതെ കുടിയിറക്കപ്പെട്ടവർ തുടങ്ങി നിരവധി പേർ ദുരിതത്തിലാണെന്നും അവർ പറഞ്ഞു. അനാഥാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, സഹകരണ സംഘങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ സാംസ്കാരിക സംഘടനകൾ തുടങ്ങിയവയും നിക്ഷേപകരുടെ കൂട്ടത്തിലുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ബാങ്ക് ലിക്വിഡേഷൻ നടപടികളിലേക്ക് നീങ്ങുകയാണെന്ന അഡ്മിനിസ്ട്രേറ്ററിൽ നിന്നുള്ള വിവരം നിക്ഷേപകരിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ബാങ്ക് പ്രസിദ്ധീകരിച്ച നിഷ്ക്രിയ ആസ്തി പട്ടിക പ്രകാരം 23 വായ്പാ അക്കൗണ്ടുകളിലായി 124.5 കോടി രൂപയുടെ കുടിശ്ശികയുണ്ടെന്നും സമരസമിതി ആരോപിച്ചു. 2026 മാർച്ച് 31ലെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം നിഷ്ക്രിയ ആസ്തികളുടെ മൂല്യം 362 കോടി രൂപയാണെങ്കിലും നിലവിലെ വിപണി വില കണക്കാക്കിയാൽ ഇവയ്ക്ക് 100 കോടി രൂപ പോലും ലഭിക്കില്ലെന്നും അവർ ആരോപിച്ചു.
സമരസമിതിയുടെ ആവശ്യങ്ങൾ
ഐ.ടി.യു. ബാങ്കിന്റെ പുനരുദ്ധാരണത്തിനായി കേന്ദ്ര-കേരള സർക്കാരുകൾ മൂലധന നിക്ഷേപത്തിൽ പങ്കാളികളാകുക.
ഫോറൻസിക് ഓഡിറ്റ് നടത്തുകയും സാമ്പത്തിക കുറ്റാന്വേഷണം നടത്തുകയും ചെയ്ത് ബാങ്കിന്റെ തകർച്ചയ്ക്ക് ഉത്തരവാദികളായവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി നിക്ഷേപകരുടെ പണം തിരികെ നൽകുക.
നിക്ഷേപകരെ അധിക്ഷേപിക്കുകയും ബാങ്കിൽ മതിയായ പണമുണ്ടെന്ന് തെറ്റായി പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് എം.പി. ജാക്സൺ നഗരസഭാ ചെയർമാൻ സ്ഥാനം രാജിവെക്കുക.
വിവിധ അധികാരകേന്ദ്രങ്ങളിൽ പരാതികൾ നൽകിയിട്ടും നാളിതുവരെ ആശ്വാസകരമായ നടപടികളുണ്ടായിട്ടില്ലെന്നും, ഇതിനെ തുടർന്നാണ് സമാധാനപരമായ സമരപരിപാടികളുമായി രംഗത്തിറങ്ങിയതെന്നും ഐ.ടി.യു. ബാങ്ക് നിക്ഷേപക സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഐടി യു ബാങ്ക് നിക്ഷേപക സംരക്ഷണ സമര സമിതി പ്രസിഡന്റ് പ്രിൻസ് മാത്യു സെക്രട്ടറി, ലിയോ പി ആന്റോ, ട്രഷറർ ടി സി സഞ്ജീവൻ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സനോജ് മോഹൻ, ഫിനാൻഷ്യൽ അഡ്വൈസർ ജോസ് സി കെ, അക്കൗണ്ട് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സുനിൽ സി തെക്കേക്കര, ലീഗൽ അഡ്വൈസർ അഡ്വ ആന്റണി എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
The ITU Bank Depositors' Protection Committee has urged the Central and Kerala governments to intervene urgently to ensure the return of funds to depositors. They have also demanded that the assets of those responsible be confiscated to facilitate the repayment of the depositors' money.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




