ഇരിങ്ങാലക്കുട : ഗവേഷക സംഘം പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ തുമ്പിയിനത്തിന് വയനാടൻ തീക്കറുപ്പൻ (എപ്പിതെമിസ് വയനാടെൻസിസ്) എന്ന് പേര് നൽകി. പശ്ചിമഘട്ടത്തിൽ ഉടനീളം കാണപ്പെടുന്ന തീക്കറുപ്പൻ തുമ്പിയുമായി സാമ്യമുള്ള ഈ തുമ്പിയുടെ നിറം സാധാരണ തീക്കറുപ്പനെ അപേക്ഷിച്ച് കൂടുതൽ കറുപ്പും, ചോരച്ചുവപ്പുമാണ്. ഈ ജനുസ്സിൽ നിന്നും കണ്ടെത്തപ്പെടുന്ന രണ്ടാമത്തെ തുമ്പിയാണിത്. വയനാടൻ കാടുകളിലെ ചതുപ്പ് പ്രദേശങ്ങളിൽ നിന്നും കണ്ടെത്തിയ ഈ സുന്ദരൻ തുമ്പിയെ വർഷത്തിൽ ഏകദേശം ഒരു മാസക്കാലത്തേക്ക് (ഒക്ടോബർ) മാത്രമേ കാണാനാവൂ. ബാക്കി കാലം ചതുപ്പിൽ ലാർവയായാണ് ഇത് കഴിയുന്നത്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതിശാസ്ത്ര വിഭാഗത്തിലെ ഗവേഷകരായ വിവേക് ചന്ദ്രൻ, ഡോക്ടർ സുബിൻ കെ ജോസ്, പ്രകൃതിനിരീക്ഷകനും പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറുമായ ഡേവിഡ് രാജു, ജർമനിയിലെ മാക്സ് പ്ലാൻക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകൻ സീഷാൻ മിർസ എന്നിവരാണ് പുതിയ തുമ്പിയെ കണ്ടെത്തിയത്.
ഇന്ത്യയിൽ ഇതാദ്യമായാണ് ജനിതക വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ഒരു പുതിയ തുമ്പിയെക്കുറിച്ചുള്ള വിവരണം പുറത്തുവരുന്നതെന്ന് സംഘം പറഞ്ഞു. നിലവിലെ അറിവുവെച്ച് ജൈവവൈവിധ്യ സമ്പന്നമായ വയനാട് പീഠഭൂമിയിൽ മാത്രമാണ് ഈ തുമ്പി ഉള്ളത്. വയനാടൻ തീക്കറുപ്പന്റെ കണ്ടെത്തലിന്റെ വിവരങ്ങൾ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ജേർണൽ ഓഫ് ഏഷ്യ പസിഫിക് ബയോഡൈവേഴ്സിറ്റിയിൽ പ്രസിദ്ധീകരിച്ചു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews