ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലയിലെ സൈബർ വളണ്ടിയേഴ്സിന്റെ ട്രെയിനിങ് പ്രോഗ്രാം ഇന്ന് ഇരിങ്ങാലക്കുടയിലെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്തു നടന്നു. സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിന് പോലീസും പൊതുജനങ്ങളും ചേർന്നുള്ള ഒരു കൂട്ടായ്മയാണ് സൈബർ വളണ്ടിയേഴ്സ്.
ജനങ്ങൾക്കിടയിൽ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചും അത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാതെ എങ്ങനെ സുരക്ഷിതമായി സൈബർ മേഖല കൈകാര്യം ചെയ്യാം എന്നതിനെ പറ്റിയും ഒരു അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഇത്തരം സൈബർ വളണ്ടിയേഴ്സിൻ്റ സേവനം കൊണ്ട് പോലീസ് ഉദേശിക്കുന്നത്. നമ്മുടെ ഇടയിൽ പൊതുവേ റിപ്പോർട്ട് ചെയ്യപ്പെടുന്ന സൈബർ കുറ്റകൃതങ്ങളെ കുറിച്ചും, ഇതിൽ സൈബർ കുറ്റവാളികൾ പൊതുവിൽ സ്വീകരിച്ചു വരുന്ന തട്ടിപ്പ് രീതികളെ കുറിച്ചും പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിക്ക്ന്നത് മൂലം സൈബർ കുറ്റകൃത്യങ്ങൾ ഗണ്യമായി കുറയ്ക്കാൻ സാധിക്കുന്നു.
തൃശൂർ റൂറൽ ജില്ലയിലെ വിവിധ മേഖലയിലുള്ള അമ്പതോളം പേരാണ് ഇന്നത്തെ ട്രെയിനിങ്ങിൽ പങ്കെടുത്തത് .സാമൂഹ്യ സേവന പ്രവർത്തകർ ഐടി പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, മറ്റു ജോലിചെയ്യുന്ന ആളുകൾ, വീട്ടമ്മമാർ തുടങ്ങിയവരാണ് ഇതിൽ പങ്കെടുത്തത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐ പി എസ് അവർകളുടെ മേൽനോട്ടത്തിൽ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചും സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാതിരിക്കാനുള്ള വിവിധ സൈബർ സെക്യൂരിറ്റി രീതികളെ കുറിച്ചും സൈബർ വിദഗ്ധരായ പോലീസ് ഉദ്യഗസ്ഥർ ക്ലാസ് എടുത്തു.