ഇരിങ്ങാലക്കുട : വ്യവസായ വാണിജ്യ വകുപ്പ് തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രവും മുകുന്ദപുരം താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന സംരംഭകത്വ ശില്പശാല നഗരസഭ മിനി ടൗൺഹാളിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയ്സൺ പാറക്കാടൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഇരിങ്ങാലക്കുട നഗരസഭ വ്യവസായ വികസന ഓഫീസർ സതീഷ് ഇ കെ സംരംഭകർക്കുള്ള പദ്ധതികളും സേവനങ്ങളും എന്ന വിഷയത്തിൽ ക്ലാസുകൾ നയിച്ചു. ഇരിങ്ങാലക്കുട നഗരസഭയുടെ കീഴിലുള്ള സംരംഭകത്വ ക്ലബ്ബിലെ അപേക്ഷകരും, സൂക്ഷ്മ ചെറുകിട വ്യവസായത്തിലേക്ക് അപേക്ഷ തന്നിട്ടുള്ള പുതിയ സംരംഭകരും ആണ് ക്ലാസിൽ പങ്കെടുത്തത്. സംരംഭകർക്ക് ആവശ്യമായ ലൈസൻസ്, ഫൈനാൻസ് തുടങ്ങിയ എല്ലാ കാര്യങ്ങളെയും കുറിച്ച് ഉൾപ്പെടുത്തിയ ക്ലാസിൽ നൂറോളം പേർ പങ്കെടുത്തു.
പുതിയ സംരംഭങ്ങളെ കുറിച്ച് അറിയുന്നതിനു ഇരിങ്ങാലക്കുട നഗരസഭ ഓഫീസിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇൻഡസ്ട്രിയൽ ഓഫീസർ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ എല്ലാ ദിവസവും നഗരസഭ അന്വേഷണ വിഭാഗത്തിൽ വ്യവസായ ഇന്റെണിന്റെ സേവനവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇരിങ്ങാലക്കുട നഗരസഭ വ്യവസായ വികസന ഓഫീസർ സതീഷ് ഇ.കെ (ഫോൺ -9497655898) ഇരിങ്ങാലക്കുട നഗരസഭ ഇ.ഡി.ഇ ആശ വി. (ഫോൺ-8281612457) ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
മുകുന്ദപുരം താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ സുനിത പി.വി സ്വാഗതവും ഇരിങ്ങാലക്കുട നഗരസഭ ഇ.ഡി.ഇ ആശ വി. നന്ദിയും പറഞ്ഞു.