ക്ഷേത്രാങ്കണങ്ങൾ ഹരിതാഭമാക്കാനുള്ള ദേവസ്വം വകുപ്പ് പദ്ധതിയായ ‘ദേവാങ്കണം ചാരു ഹരിതം’ പ്രകാരം ലോക പരിസ്ഥിതി ദിനത്തിൽ കൂടൽമാണിക്യം ദേവസ്വം ഭൂമിയിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്ഷേത്രാങ്കണങ്ങളെയും കുളങ്ങളെയും കാവുകളെയും പരിപാലിച്ച് ഹരിതാഭമാക്കാനുള്ള ദേവസ്വം വകുപ്പ് പദ്ധതിയായ ‘ദേവാങ്കണം ചാരു ഹരിതം’ ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് കൂടൽമാണിക്യം ദേവസ്വം ഭൂമിയിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ ഫലവൃക്ഷമായ പ്ലാവിൻ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു.

ദേവസ്വം ഓഫീസിന് മുൻവശത്തെ കൊട്ടിലാക്കൽ പറമ്പിൽ നടന്ന ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, അഡ്വ. അജയ് കുമാർ, രാഘവൻ മുളങ്ങാടൻ, വി.സി പ്രഭാകരൻ, ബിന്ദു, അഡ്മിനിസ്റ്റ്രേറ്റർ ഉഷാനന്ദിനി, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.

കൂടൽമാണിക്യം ദേവസ്വം കീഴേടങ്ങളായ എളനാട്, കാരപെറ്റ, ആളൂർ തിരുത്തി, ആളൂർക്കാവ്, പായ്ക്കര കുളങ്ങര, പാമ്പാ കോട്ട, ആലുവ ഉളളിയനൂർ, രാപ്പാൾ, അയ്യങ്കാവ്, ആലുവ കീഴ്മാട്, പൊന്മ എന്നിവടങ്ങളിലും ഇതിനോടൊപ്പം വൃക്ഷ തൈകൾ നട്ടു.

‘ദേവാങ്കണം ചാരു ഹരിതം’ പ്രവൃത്തികൾ ഭക്തജനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കുന്നതാണ് പദ്ധതി. തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽ മാണിക്യം ദേവസ്വം ബോർഡുകളിലെ ചെറുതും വലുതുമായ 3080 ക്ഷേത്രങ്ങളിലും ഇത് രണ്ടാം വർഷമാണ് പടത്തി നടപ്പാക്കുന്നത്.

പദ്ധതി ആരംഭിച്ച 2023 ൽ കൂടൽ മാണിക്യം ക്ഷേത്രത്തിൽ അശോക മരങ്ങൾ പ്രത്യേകമായി നട്ടുവളർത്തിയിരുന്നു. ക്ഷേത്രങ്ങളുടെ ഭാഗമായ തരിശ് ഭൂമിയെ ഹരിതാഭമാക്കി വൃത്തിയോടെ പരിപാലിക്കുന്നതു വഴി പ്രകൃതി-പരിസ്ഥിതി സംരക്ഷണവും സാധ്യമാകുമെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു. നന്ത്യാർവട്ടം, പവിഴമല്ലി , ചെത്തി, തെച്ചി, ചെമ്പരത്തി, തുളസി, ചെമ്പകം തുടങ്ങിയ പൂജാ പുഷ്പ സസ്യങ്ങളും അരയാൽ, ഇലഞ്ഞി, ആര്യവേപ്പ്, ദേവദാരു, മാവ്, പ്ലാവ് ചെന്തെങ്ങ് തുടങ്ങിയ വൃക്ഷങ്ങളും പടത്തി പ്രകാശം നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page