വർദ്ധിച്ചുവരുന്ന സൈബർ ആക്രമണത്തിനെതിരെ കർക്കശ നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, ഇരിങ്ങാലക്കുടയിൽ സ്ഥിതിചെയ്യുന്ന തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനം മന്ദിരം തുറന്നു

ഇരിങ്ങാലക്കുട : ജനങ്ങളുടെ സംരക്ഷകരായും സുഹൃത്തുക്കളായും നിയമ പരിപാലനം നടത്തേണ്ടവരാണ് പോലീസ്. സേനയ്ക്ക് അപമാനം വരുത്തിവെക്കുന്നവര്‍ക്ക് ഒരു സംരക്ഷണവും കിട്ടില്ലെന്നും അവർ സേനയ്ക്ക് പുറത്തുപോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. ഇരിങ്ങാലക്കുടയിൽ സ്ഥിതിചെയ്യുന്ന തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനം മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേനയുടെ പ്രവർത്തനങ്ങൾ നിക്ഷ്പക്ഷമായും സ്വതന്ത്രമായും നിർവഹിക്കുന്ന കാര്യത്തിൽ ബാഹ്യ ഇടപെടലുകൾ തടസ്സമാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വർദ്ധിച്ചുവരുന്ന സൈബർ ആക്രമണത്തിനെതിരെ കർക്കശ നടപടി ഉണ്ടാകണം. സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തിൽ മുന്തിയ പരിഗണന നൽകണമെന്നും ആകസ്മികമായ സംഭവങ്ങൾ നേരിടുന്നതിന് സേന പ്രാപ്തമാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

continue reading below...

continue reading below..


സമർത്ഥവും ശാസ്ത്രീയവുമായി കേസുകൾ തെളിയിക്കാൻ കഴിയുന്ന പോലീസാണ് കേരളത്തിൽ. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണ് പോലീസിനുള്ളത്. ഇത് സേനയ്ക്ക് പുതിയ മുഖം നൽകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എത്തിച്ചേരുന്ന സാംസ്കാരിക നഗരമായ തൃശ്ശൂരിൽ സാമൂഹ്യജീവിതം കൂടുതൽ ഭദ്രമാക്കേണ്ടത് അനിവാര്യതയാണ്. അതിൽ ഏറ്റവും പ്രധാനം ക്രമസമാധാന പരിപാലനമാണ്. ഈ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുനത്താനും വലിയ സംഭാവന നൽകാനും പുതിയ റൂറൽ പോലീസ് ആസ്ഥാനമന്ദിരത്തിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള പോലീസിന് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിന് സർക്കാർ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. സാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യത്തിലും മികവേറിയ പോലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ഉള്ളത്. വിവിധ ആവശ്യങ്ങൾക്കായി പോലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് സഹായമാകും വിധമാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയായി. ജില്ലയിലെ ഭരണനിർവഹണത്തിനും നിയമപരിപാലനത്തിനും നീതിനിർവഹണത്തിനും ആസ്ഥാന മന്ദിരം വലിയ രീതിയിൽ പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുടയിൽ 64 കോടി രൂപ മുതലാക്കി കോടതി സമുച്ചയം കൂടി വരുന്നുണ്ടെന്നും അതുകൂടി പൂർത്തീകരിച്ചാൽ സംസ്ഥാനത്ത് ഏറ്റവും മികച്ച നീതി നിർവഹണ കേന്ദ്രമായി ഇരിങ്ങാലക്കുട മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2021 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തെരഞ്ഞെടുത്ത കൊരട്ടി പോലീസ് സ്റ്റേഷന് മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം നൽകി. കൊരട്ടി ഐഎസ്എച്ച്ഒ ബി കെ അരുൺ, എസ്ഐ ഷാജു എടത്താടൻ എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി. തുടർന്ന് തൃശ്ശൂർ റൂറൽ പോലീസ് മീഡിയ വിങ്ങും സ്റ്റേറ്റ് പോലീസും സംയുക്തമായി നിർമ്മിച്ച തൃശ്ശൂർ റൂറൽ പോലീസിന്റെ ചരിത്രരേഖകൾ ഉൾപ്പെടുന്ന ഹ്രസ്വവീഡിയോ പ്രദർശിപ്പിച്ചു.

തൃശ്ശൂർ റൂറൽ പോലീസ് ജില്ലാ ആസ്ഥാനമന്ദിരം പരിസ്ഥിതി സൗഹൃദ കെട്ടിടം ആയിട്ടാണ് രൂപകല്പന ചെയ്തിട്ടുള്ളത്. കേരള പോലീസ് ഹൗസിംഗ് കോപ്പറേറ്റീവ് സൊസൈറ്റിയാണ് 19,926 സ്ക്വയർ ഫീറ്റിലുള്ള മൂന്ന് നില കെട്ടിട സമുച്ചയം നിർമിച്ചത്. ബിൽഡിങ്ങിന്റെ താഴെ നിലയിൽ വിസിറ്റേഴ്സ് ഏരിയ, അക്കൗണ്ട്സ് ഓഫീസറും, മാനേജർ റൂം, ക്യാഷിയർ റൂം, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് റൂം, ഗാർഡ് റൂം, മിനിസ്റ്റീരിയൽ സ്റ്റാഫിനുള്ള ഇടം, ടോയ്ലറ്റ് തുടങ്ങിയവയാണുള്ളത്. ഒന്നാം നിലയിൽ ജില്ലാ പോലീസ് മേധാവിയുടെ ക്യാബിൻ, ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ്,അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ഓഫീസ്, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ്, സൈബർ സെൽ തുടങ്ങിയവയും രണ്ടാം നിലയിൽ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസ്, ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോ, ഫിംഗർ പ്രിന്റ് ബ്യൂറോ, ജില്ലാ പരിശീലന കേന്ദ്രം, ലൈബ്രറി എന്നിവയുമാണുള്ളത്. ഭാവിയിൽ കാന്റീൻ സൗകര്യങ്ങൾ, സിസിടിവി മോണിറ്ററിംഗ് സംവിധാനം, കൺട്രോൾ റൂം ഉൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തും.


ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ മുഖ്യപ്രഭാഷണം നടത്തി. എംപി മാരായ ടി എൻ പ്രതാപൻ, ബെന്നി ബഹനാൻ, എംഎൽഎമാരായ കെ കെ രാമചന്ദ്രൻ, വി ആർ സുനിൽകുമാർ, ഇ ടി ടൈസൺ മാസ്റ്റർ, സനീഷ് കുമാർ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയഗിരി, വാർഡ് കൗൺസിലർ ഷാജു, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, റൂറൽ എസ് പി ഐശ്വര്യ ഡോംഗ്രെ, ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page