ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള കേന്ദ്രസർക്കാർ അവഗണന അവസാനിപ്പിക്കണമെന്നും റെയിൽവേ അമിക്സ് കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസും കേന്ദ്ര സഹമന്ത്രി കൂടിയായ തൃശൂർ എം. പി യും നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം എന്നും സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി ആവശ്യപ്പെട്ടു.
ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം ഏറ്റവും കൂടുതൽ അവഗണന നേരിട്ട റെയിൽവേ സ്റ്റേഷനാണ് ഇരിങ്ങാലക്കുട, തൃശൂർ റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ യാത്രക്കാരും വരുമാനവും ഉണ്ടായിരുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ 10 വർഷക്കാലത്തിനിടയിൽ 5 പ്രധാനപ്പെട്ട ട്രെയിനുകളുടെ രാത്രികാല സ്റ്റോപ്പുകൾ റദ്ദാക്കി. ആ സ്റ്റോപ്പുകൾ പുനസ്ഥാപിക്കുമെന്നും റെയിൽവേ വികസനത്തിനു വേണ്ടി കേന്ദ്രസർക്കാർ ആവിഷ്കരിച്ച അമൃത് ഭാരത് പദ്ധതിയിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ ഉൾപ്പെടുത്തുമെന്നും വാഗ്ദാനം ഉണ്ടായിരുന്നു എന്നാൽ സ്റ്റോപ്പുകൾ പുന: സ്ഥാപിക്കുവാനോ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തുവാനോ ഇതുവരെ തയ്യാറായിട്ടില്ല.
യാത്രക്കാരും വരുമാനവും കുറഞ്ഞ സ്റ്റേഷനുകളുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടുമ്പോൾ ഇരിങ്ങാലക്കുടയെ നിരന്തരം അവഗണിക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. റെയിൽവേ സ്റ്റേഷനിൽ ഒരു ഹോട്ടൽ വേണമെന്ന് യാത്രക്കാരുടെ നിരന്തരമായ ആവശ്യം പോലും വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാൻ റെയിൽവേ അധികൃതർ തയ്യാറായില്ല. ഉപയോഗശൂന്യമെന്ന് റെയിൽ വേ തന്ന വിലയിരുത്തിയ തകർന്നുവീഴാറായ കെട്ടിടത്തിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാതെയാണ് പേരിന് ഒരു ഹോട്ടൽ അനുവദിച്ചിട്ടുള്ളത്, പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടും വിധം ഹോട്ടൽ പ്രവർത്തിപ്പിക്കണമെന്ന ആവശ്യത്തിനും റെയിൽവേ അധികൃതർ ചെവികൊണ്ടില്ല .
നൂറുകണക്കിന് യാത്രക്കാർ നിരന്തരം ആശ്രയിക്കുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്‌റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യ വികസനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനും, നിറുത്തലാക്കിയ ട്രയിനുകളുടെ സ്റ്റോപ്പുകൾ പുന: സ്ഥാപിക്കുന്നതിനും ബഹുജന പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com