ഇരിങ്ങാലക്കുട : മുനിസിപ്പൽ ഓഫീസ് കോമ്പൗണ്ടിന് വടക്കും അയ്യങ്കാവ് മൈതാനത്തിന് തെക്കുമുള്ള പൊതുവഴി അടച്ചുകെട്ടാനുള്ള നീക്കം അപലപനീയവും അനുവദിക്കാനാകാത്തതും ആണെന്ന് സി പി ഐ ഇരിങ്ങാലക്കുട ലോക്കൽ കമ്മിറ്റി വിലയിരുത്തി.
പ്രസ്തുത റോഡ് അടച്ചുകെട്ടാനും മുനിസിപ്പൽ ഓഫീസ് കോമ്പൗണ്ടിൻ്റെ ഭാഗമാക്കാനും മുനിസിപ്പാലിറ്റി മുമ്പൊരിക്കൽ ശ്രമിക്കുകയുണ്ടായി. തദവസരത്തിൽ സി പി ഐ ക്കാരായ കെ.കെ. കൃഷ്ണാനന്ദബാബുവും പി.കെ സദാനന്ദനും വാദികളായി അഡ്വ രാജേഷ് തമ്പാൻ മുഖാന്തിരം ഇരിങ്ങാലക്കുട മുൻസിഫ് കോടതിയിൽ മുനിസിപ്പാലിറ്റിക്കെതിരെ പൊതുതാൽപര്യ വ്യവഹാരം ബോധിപ്പിച്ചു.
വ്യവഹാരത്തെ എതിർത്തുവെങ്കിലും ഒടുവിൽ വഴി അടച്ചുകെട്ടുകയോ വീതികുറയ്ക്കുകയോ ഗതാഗതം തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്ന് മുനിസിപ്പാലിറ്റിയെ ശാശ്വതമായി വിലക്കി വിധി പാസാക്കി. കോടതിവിധിയെ വെല്ലുവിളിച്ചാണ് ഇക്കഴിഞ്ഞയാഴ്ച വഴിയുടെ ഇരുഭാഗത്തും പില്ലറും ഗേറ്റും പണിയാൻ സ്ഥലത്ത് മാർക് ചെയ്തത്.
നൂറുകണക്കിനാളുകൾ രാവും പകലും ഗതാഗതം ചെയ്കയും വ്യായാമത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന പൊതുവഴി അടച്ചു കെട്ടാൻ മുനിസിപ്പാലിറ്റിക്ക് അവകാശമില്ല.
സി പി ഐ ഇരിങ്ങാലക്കുട ടൗൺ ലോക്കൽ സെക്രട്ടറി കെ എസ് പ്രസാദും മുൻ കൗൺസിലർ എം സി രമണനും വ്യവഹാരത്തിലെ വിധിഉടമ കൂടിയായ പി കെ സദാനന്ദനും അടങ്ങുന്ന സി പി ഐ സംഘം മുനിസിപ്പൽ സെക്രട്ടറി ചെയർപെഴ്സൻ എന്നവരെ കണ്ട് വിധിയുടെ വിവരം ഓർപ്പിച്ച് പ്രതിഷേധം അറിയിച്ചു.
അതിനെ തുടർന്നാണ് പണി തുടരാതെയിരുന്നത്. അന്വേഷണത്തിൽ റോഡിൻ്റെ ഇരുഭാഗത്തും പില്ലർ പണിത് ഗേറ്റ് വക്കാനും അടച്ചുകെട്ടുവാനും പൊതുഗതാഗതം അസാധ്യമാക്കാനും തന്നെയാണ് മുനിസിപ്പാലിറ്റി നിർദ്ദേശിച്ചത് എന്ന് വൃക്തമായി. എന്നാൽ ചെയർപെഴ്സൻ നടത്തിയ പത്രപ്രസ്താവനയിൽ സത്യത്തിൻ്റെ കണിക പോലുമില്ല.
റോഡിൽ ഗതാഗതം തടസ്സപ്പെടുത്തുകയോ അടച്ചുകെട്ടുകയോ ചെയ്താൽ ജനങ്ങൾക്കൊപ്പം നിന്ന് പൊരുതാനും കോടതിവിധി ലംഘിക്കുന്ന ചെയർപെഴ്സനും സെക്രട്ടറിയും ഉൾപ്പടെ ഉള്ളവർക്കെതിരെ നിയമവഴി തേടാനും തീരുമാനിച്ചു.
കെ സി മോഹൻലാൽ അധ്യക്ഷനായ യോഗത്തിൽ കെ.എസ് പ്രസാദ്, ബെന്നി വിൻസെൻ്റ്, അഡ്വ രാജേഷ് തമ്പാൻ, കെ.സി.ശിവരാമൻ, അഡ്വ ജിഷാ ജോബി, വർധനൻ പുളിക്കൽ, ടി വി സുകുമാരൻ, ഷിജിൻ തവരങ്ങാട്ടിൽ, വി.കെ സരിത, ശോഭന മനോജ്, സുനിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com