നഗരസഭയുടെ ‘സാങ്കേതികത്വം’ മൂലം ശ്രീ കൂടൽമാണിക്യം മണിമാളിക കെട്ടിടം പുതിക്കിപണിയുന്നതിൽ അനിശ്ചിതത്വം തുടരുന്നു : സർവ്വേ നമ്പറുകളിലെ മറ്റു രണ്ടു കെട്ടിടങ്ങൾക്ക് ദേവസ്വം ബിൽഡിംഗ്‌ പെർമിറ്റിനു അപേക്ഷ നൽകിയിട്ടും നഗരസഭ മേൽ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ദേവസ്വം

സാങ്കേതികത്വം പറഞ്ഞ് കൂടൽമാണിക്യം ദേവസ്വത്തിന്‍റെ വഴിപാട് ഇതര വരുമാനം വർദ്ധിപ്പിക്കുന്ന പദ്ധതികൾക്ക് ഇരിങ്ങാലക്കുട നഗരസഭ തടസ്സം നിൽക്കുന്നു എന്ന് ദേവസ്വം

ഇരിങ്ങാലക്കുട : നഗരസഭയുടെ സാങ്കേതികത്വം മൂലം ശ്രീ കൂടൽമാണിക്യം മണിമാളിക കെട്ടിടം പുതിക്കിപണിയുന്നതിൽ അനിശ്ചിതത്വം തുടരുന്നുവെന്നും ആയതിനാലാണ് കെട്ടിടം പൊളിച്ചു ഒരു വർഷത്തിനുള്ളിൽ പുതിയ കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചു നൽകാമെന്ന ദേവസ്വത്തിന്റെ വാഗ്ദാനം നിറവേറ്റാൻ സാധിക്കാത്തതെന്നും ദേവസ്വം ബോർഡ് ചെയർമാൻ യു പ്രദീപ് മേനോൻ അറിയിച്ചു. സർവ്വേ നമ്പറുകളിലെ മറ്റു രണ്ടു കെട്ടിടങ്ങൾക്ക് ദേവസ്വം ബിൽഡിംഗ്‌ പെർമിറ്റിനു അപേക്ഷ നൽകിയിട്ടും നഗരസഭ മേൽ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതി ആവർത്തിക്കുകയാണ് ദേവസ്വം.

സാങ്കേതികത്വംപറഞ്ഞു കൂടൽമാണിക്യം ദേവസ്വത്തിന്റെ വഴിപാട് ഇതര വരുമാനം വർദ്ധിപ്പിക്കുന്ന പദ്ധതികൾക്ക് നഗരസഭയാണ് തടസ്സം നിൽക്കുന്നതെന്ന് പൊതുജനങ്ങളെ അറിയിക്കുവാനാണ് ഈ പത്രസമ്മേളനം വിളിച്ചതെന്നും ദേവസ്വം ചെയർമാൻ കൂട്ടിച്ചേർത്തു. കേവലം രണ്ട് മാസം മാത്രം കാലാവധി അവശേഷിക്കുന്ന ഈ ഭരണസമിതി ഇപ്പോഴിങ്ങനെ പത്രസമ്മേളനം വിളിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് പുറകിൽ പല രാഷ്ട്രീയമാനങ്ങൾ ഉണ്ടെന്ന് വേണം മനസിലാക്കാൻ.

യു പ്രദീപ് മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ രണ്ടാം ടെം ആണിത്. മുൻ കാലങ്ങളിലെ ഭരണസമിതിയിൽ നിന്നും വ്യത്യസ്തമായി രാഷ്ട്രീയഭേദമന്ന്യേ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ പല പ്രവർത്തനങ്ങളും പുതിയ പദ്ധതികളും ഈ കാലഘട്ടത്തിൽ കമ്മിറ്റി അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ പലതും ദേവസ്വത്തിന്റെ സാമ്പത്തിക ഭദ്രത മുന്നിൽ കണ്ടുള്ള വഴിപാട് ഇതര വരുമാന മാര്‍ഗങ്ങളായി വിഭാവനം ചെയ്തതായിരുന്നു.

ഇതിൽ പലതും മുടങ്ങിപോകുകയോ, നടപ്പിൽ വരുത്താൻ പറ്റാതാവുകയോ ചെയ്തതുകൊണ്ടാണ് ഭരണസമിതിയുടെ അവസാന നാളുകൾ ഇത്തരത്തിലുള്ളൊരു നിലപാട് ഈ കമ്മിറ്റി എടുക്കേണ്ടി വന്നത് .പല മുൻകാല കമ്മിറ്റികളുടെയും അഡ്മിനിസ്ട്രേറ്റർമാരുടെയും കെടുകാര്യസ്ഥതക്ക് തങ്ങൾ മറുപടി പറയേണ്ട അവസ്ഥ വന്നു ചേർന്നപ്പോൾ കാര്യങ്ങൾ പത്രസമ്മേളനത്തിലൂടെ തുറന്ന് പറയുകയാണ് ഉണ്ടായത്

പത്രസമ്മേളനത്തിൽ വിതരണം ചെയ്ത ദേവസ്വം പത്രക്കുറിപ്പ്

കൂടൽമാണിക്യം ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള മുകുന്ദപ്പുരം താലൂക്ക് മനവലശ്ശേരി വില്ലേജ് സർവ്വേ നമ്പ്ര് 667/3 ൽ നിലവിലുണ്ടായിരുന്ന കെട്ടിടം അപകടാവസ്ഥയിലായതിനാൽ ഇരിങ്ങാലക്കുട പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം അസി. എക്സി. എഞ്ചിനീയറുടെ 04.12.2018 ലെ സാക്ഷ്യപത്രം, ഇരിങ്ങാലക്കുട നഗരസഭ സെക്രടറിയുടെ 27.11.2019 ലെ PW3-12052/19 നമ്പർ അറിയിപ്പ്, ബഹു: കൂടൽമാണിക്യം ദേവസ്വം കമ്മീഷണറുടെ 12.03.2019 ലെ കെ.എം.ഡി.സി1/2/2019-കെ.എം.ഡി.സി നമ്പർ ഉത്തരവ് എന്നിവ പ്രകാരം പൊളിച്ചു മാറ്റുകയും, തൽസ്ഥാനത്ത് പുതിയ കെട്ടിടം പണിയുന്നതിന് വേണ്ടി ദേവസ്വം മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഭരണാനുമതി ലഭിച്ചിരുന്നതുമാണ്. ഇരിങ്ങാലക്കുട നഗരസഭയിൽ 13.01.2023 ന് കെട്ടിടം പണിയുന്നതിനുള്ള അനുമതിക്ക് ആവശ്യമായ എല്ലാ രേഖകളും സഹിതം അപേക്ഷ സമർപ്പിക്കുകയും 01.02.2023 ന് കെട്ടിട നിർമ്മാണ അപേക്ഷ കൈപ്പറ്റ് രസീത് ഇൻവാർഡ് നമ്പ്ര് 1396 പ്രകാരം ഫയലിൽ സ്വീകരിക്കുകയും ചെയ്തു. തുടർച്ചയായി ഓർമ്മ കത്തുകൾ നൽകിയിട്ടും അനുമതിയോ, യാതൊരു മറുപടിയോ മുനിസിപാലിറ്റി അധികാരികളിൽ നിന്നും ലഭിച്ചിരുന്നില്ല. എന്നാൽ അപേക്ഷ നൽകി 7 മാസങ്ങൾക്ക് ശേഷം ഇരിങ്ങാലക്കുട നഗരസഭ അസി.എക്സി എഞ്ചിനീയറുടെ 21.09.2023 ലെ പി.ഡബ്ല്യൂ–ബി.എ-394/22-23 നമ്പർ പ്രകാരം മുനിസിപാലിറ്റിയിൽ നിന്നും അറിയിപ്പ് ലഭിക്കുകയുണ്ടായി.

ടി അറിയിപ്പ് പ്രകാരം കെട്ടിടം പണിയാൻ തീരുമാനിച്ചിരിക്കുന്ന അതേ സർവ്വേ നമ്പറിൽ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളെല്ലാം ക്രമവത്ക്കരിച്ചതിന് ശേഷം മാത്രമേ കെട്ടിട നിർമ്മാണ അപേക്ഷ പരിഗണിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് അറിയിച്ചിരിക്കുന്നത്.
എന്നാൽ ദേവസ്വം നിലവിൽ ഭൂനികുതി അടച്ച് വരുന്ന സർവ്വേ നമ്പർ 667/3-9 ഭൂമിയിൽ, നമ്പർ ഇല്ലാത്ത ദേവസ്വം പുതിയ ഓഫീസ് പണികഴിപ്പിച്ച് ദേവസ്വത്തിന് സമർപ്പിച്ചത് കേരള സർക്കാർ ടൂറിസം വകുപ്പും KITCO യും ചേർന്നാണ്. നമ്പറില്ലാത്ത ആയുർവേദ ഗ്രാമം പ്രവർത്തിക്കുന്ന കെട്ടിടം 2004 ൽ തൃശ്ശൂർ ജില്ലാ കളക്ടർ കൂടൽമാണിക്യം ദേവസ്വം ചെയർമാനായിരുന്ന സമയത്ത് പണി കഴിപ്പിച്ചതും പുതിയ ഓഫീസായി പ്രവർത്തിക്കുന്ന കെട്ടിടം 2018ലും ആണ് പണി പൂർത്തീകരിച്ചത്. ടൂറിസം ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ 26.04.2018 ന് കെട്ടിടം ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് കൈമാറി. ബിൽഡിംഗ് പെർമിറ്റിനായി നഗരസഭയിൽ അപേക്ഷ സമർപ്പിച്ചിട്ടും മേൽനടപടി ഒന്നും ആരംഭിക്കാത്ത സാഹചര്യത്തിൽ നഗരസഭ സെക്രട്ടറിക്കും ജില്ലാ ടൂറിസം ഓഫീസിലേക്കും കത്തുകൾ നൽകിയിരുന്നു. ആയതിനാൽ ടി കെട്ടിടങ്ങൾ ക്രമവത്കരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കേണ്ടത് നഗരസഭയാണ്. ദേവസ്വത്തിന്റെ അധികാര പരിധിയിലുള്ളതല്ല.

പഴയ കെട്ടിടം പൊളിക്കുന്നതിനെതിരെ വ്യാപാരികൾ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ടി സാഹചര്യത്തിലാണ് 18.02.2021 ന് ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) ന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിലും 07.03.2022 ന് കൂടൽമാണിക്യം ദേവസ്വം ചെയർമാന്റെ അദ്ധ്യക്ഷതയിൽ ദേവസ്വം ഓഫീസിലും ദേവസ്വം പ്രതിനിധികളും പഴയ കെട്ടിടത്തിലെ വ്യാപാരികളും ചേർന്ന് ചർച്ചകൾ നടത്തിയിരുന്നു. ടി ചർച്ചകളുടെ അടിസ്ഥാനത്തിൽ ദേവസ്വം സ്പോൺസർഷിപ്പോടെ നിർമ്മിക്കാൻ പോകുന്ന പുതിയ ഷോപ്പിംഗ് കോംപ്ലക്സിലെ ഗ്രൗണ്ട് ഫ്ലോർ പഴയ കെട്ടിടത്തിൽ കച്ചവടം നടത്തിയുരുന്ന വ്യാപരികൾക്ക് പി.ഡബ്ല്യൂ.ഡി നിശ്ചയിക്കുന്ന വാടകക്ക് നൽകാമെന്നും ഒരു വർഷത്തിനുള്ളിൽ പുതിയ കെട്ടിടം നിർമ്മാണം പൂർത്തീകരിക്കാൻ ശ്രമിക്കാമെന്നും ആയിരുന്നു ദേവസ്വം വാഗ്ദാനം ചെയ്തിരുന്നത്.


നിലവിൽ ക്ഷേത്രം സാമ്പത്തികമായി വളരെയധികം ബാധ്യത അനുഭവിച്ചു വരുകയാണ്. അതിനെ തരണം ചെയ്യുന്നതിനായി വഴിപാടിതര വരുമാനം വർദ്ധിപ്പിച്ചേ മതിയാവൂ എന്ന ദേവസ്വത്തിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് 2899.92 സ്ക്വയർ മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടം പണിയുന്നതിന് അനുമതിക്കായി അപേക്ഷ മുനിസിപാലിറ്റിയിൽ സമർപ്പിച്ചിരുന്നത്.
എന്നാൽ മേല്പറഞ്ഞ കാരണങ്ങളാൽ ടി പ്രൊജക്ട് നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യം സംജാതമായിരിക്കുകയാണ്. വഴിപാടിതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ദേവസ്വം സംഗമേശ്വര ഷോപ്പിംഗ് കോംപ്ലക്സ് പൂർത്തീകരിക്കുവാനും, ഇരിങ്ങാലക്കുട ആയ്യുർവേദ ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ ഭരണാനുമതി വാങ്ങി തുടങ്ങിയ ആയ്യുർവേദഗ്രാമം ഇന്ന് OP, പഞ്ചകർമ്മ, ജെറിയാട്രിക് കെയർ സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്നു. കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കളത്തുംപടിയിൽ ആധുനിക സൗകര്യങ്ങളോടെ ആയ്യുർവേദ കോട്ടേജുകൾ, അസാപ്പുമായി ചേർന്ന് ആയ്യുർവേദ തൊഴിലധിഷ്ഠിത കോഴ്സുകളും തുടങ്ങുന്നു. ആയതിനുള്ള ഭരണാനുമതിയും മറ്റ് അനുമതികളും ലഭ്യമായി കഴിഞ്ഞു. കച്ചേരി വളപ്പിലും ദേവസ്വത്തിന്റെ പ്രൊജക്ട് JFCM കോടതി ഒഴിയുന്നതോട് കൂടി ആരംഭിക്കുവാൻ ചെയ്ത് കഴിഞ്ഞിരിക്കുന്നു.

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേക്കാട്ടിൽ, അഡ്വ അജയ് കുമാർ, കെ എ പ്രേമരാജൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഉഷ നന്ദിനി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page