അപേക്ഷ നൽകി 5 വർഷം കഴിഞ്ഞിട്ടും അമ്മയുടെ മരണ സർട്ടിഫിക്കറ്റ് ലഭിക്കാത്തത്തിൽ വായോധിക സമരത്തിൽ

ഇരിങ്ങാലക്കുട : 53 വർഷം മുമ്പ് മരിച്ച അമ്മയുടെ മരണ സർട്ടിഫിക്കറ്റിനായി വയോധിക ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു മുന്നിൽ വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി. അന്നമനട കല്ലൂർ കുഴിപ്പിള്ളിയത്ത് വീട്ടിൽ 82 വയസുള്ള തങ്കമ്മ പാപ്പു ആണ് അപേക്ഷ നൽകി 5 വർഷം കഴിഞ്ഞിട്ടും മരണസർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സമരം നടത്തിയത്.

1970 ഫെബ്രുവരി 28ന് മരിച്ച അമ്മയുടെ മരണ സർട്ടിഫിക്കറ്റിനു വേണ്ടി 2018 മെയ്‌ 16ന് തങ്കമ്മ കാടുകുറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ മരണം നടന്ന് ഇത്രയും വർഷം ആയതിനാൽ രജിസ്ട്രേറ്റിന്റെയും ആർ.ഡി.ഒ യുടെയും അനുമതി വേണമെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി.

ഈ ആവശ്യവുമായി തങ്കമ്മ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചപ്പോൾ എത്രയും വേഗം മരണം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകാൻ കാടുകുറ്റി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകാൻ കമ്മീഷൻ പഞ്ചായത്ത് ഉപഡയറക്ട്ടറോട് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ ഹൈകോടതിയെയും തങ്കമ്മ സമീപിച്ചിരുന്നു. മനുഷ്യാവകാശ കമ്മീഷനും ഹൈക്കോടതിയും ഇടപെട്ടിട്ടും വ്യക്തമായ കാരണങ്ങളില്ലാതെയാണ് ആർ.ഡി.ഒ. സർട്ടിഫിക്കറ്റ് തടഞ്ഞു വെച്ചിരിക്കുന്നതെന്ന് വിശ്വകർമ്മ സൊസൈറ്റി നേതാക്കൾ ആരോപിച്ചു.

പരാതിക്കാരിയായ തങ്കമ്മ പാപ്പു സമർപ്പിച്ച അപേക്ഷയിൽ തന്‍റെ അമ്മ കാളികുട്ടി 28/02/1970 ൽ മരണപ്പെട്ടുവെന്നും, തങ്കമ്മയുടെ സഹോദരൻ സമർപ്പിച്ച അപേക്ഷയിൽ കാളികുട്ടി 28/09/1971 ലാണ് മരണപെട്ടതെന്നുമാണ് അവകാശപ്പെടുന്നത്. ആയതിനു കാളികുട്ടി 13/07/1970 ൽ ചാലക്കുടി സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത മരണപത്രം അദ്ദേഹം തെളിവായി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.


എന്നാൽ കാളിക്കുട്ടിയുടെ മരണതീയതിയെ സംബന്ധിച്ച് ഇദ്ദേഹത്തിന് തെളിവുകൾ ഹാജരാക്കുവാൻ കഴിഞ്ഞിട്ടില്ല. ഇതിനെ തുടർന്ന് നടത്തിയ ഹിയറിങ്ങുകളിലും ഇവർ രണ്ട് തീയതികൾ പറഞ്ഞതിനാലാണ് സർട്ടിഫിക്കറ്റ് നൽകാൻ കഴിയാത്തതെന്ന് ആർ.ഡി.ഒ. ഇരിങ്ങാലക്കുട ലൈവിനോട് പ്രതികരിച്ചു.

ചാലക്കുടി താലൂക്കിൽ നടന്ന പരാതി പരിഹാര അധാലത്തിലും ഇവർ എത്തിയിരുന്നു. മന്ത്രിയുടെ നിർദ്ദേശപ്രകാരം ജൂലൈ 14 ന് വീണ്ടും ഹിയറിങ്ങ് വെച്ചിട്ടുണ്ടെന്നും ആർ.ഡി.ഒ പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page