ഇരിങ്ങാലക്കുട കോടതി സമുച്ചയം: രണ്ടാംഘട്ട നിർമ്മാണത്തിന് ഫെബ്രുവരി 10ന് തുടക്കം : മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ നീതിന്യായ സമുച്ചയങ്ങളില്‍ രണ്ടാമത്തേതാകാന്‍ പോകുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണപ്രവൃത്തികള്‍ക്ക് 2024 ഫെബ്രുവരി 10ന് രാവിലെ പത്തുമണിയ്ക്ക് തുടക്കമാവും. മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവ്വഹിക്കും.



അറുപത്തിനാല്‌ കോടി രൂപയുടെ നിർമ്മാണപ്രവൃത്തികൾക്കാണ് രണ്ടാംഘട്ടത്തിൽ തുടക്കമാവുന്നത്. 29.25 കോടി രൂപയുടെ ആദ്യഘട്ടനിർമ്മാണം പൂർത്തീകരിച്ചാണ് രണ്ടാംഘട്ട നിർമ്മാണത്തിലേക്ക് കടക്കുന്നത്. ഹൈക്കോടതി കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ നീതിന്യായ സമുച്ചയമായി ഇരിങ്ങാലക്കുട കോടതി ഇതോടെ മാറും.



1,68,555 ചതുരശ്ര അടിയില്‍ ഏഴു നിലകളിലായി പത്ത് കോടതികളും അനുബന്ധസൗകര്യങ്ങളും നൂറു കാറുകള്‍ക്ക് പാര്‍ക്ക്‌ ചെയ്യാനുള്ള സൗകര്യവുമടങ്ങുന്ന വിധത്തിലാണ് കോടതിസമുച്ചയം പൂർത്തിയാകുന്നത്. അടിയിലെ നിലയില്‍ ജഡ്ജിമാര്‍ക്കുള്ള പ്രത്യേക പാര്‍ക്കിംഗ്‌ സൗകര്യവും 2450 ചതുരശ്ര അടി വിസ്താരത്തില്‍ റെക്കോര്‍ഡ്‌ റൂം, തൊണ്ടി റൂമുകള്‍, ഇലക്ട്രിക്‌ സബ് സ്റ്റേഷന്‍, ജനറേറ്റര്‍ എന്നിവയ്ക്കുള്ള ഇടവുമായിരിക്കും.



തൊട്ടുമുകളിലത്തെ നിലയില്‍ ബാര്‍ കൗൺസില്‍ റൂം, ലേഡി അഡ്വക്കേറ്റുമാര്‍ക്കും പോലീസിനുമുള്ള വിശ്രമമുറി, ജഡ്ജിമാരുടെ ലോഞ്ച്, ചേംബറിനോട്‌ ചേര്‍ന്ന് ലൈബ്രറി, കറന്റ് റെക്കോര്‍ഡ്സ്‌ സൗകര്യങ്ങള്‍ എന്നിവയുണ്ടാകും. കൂടാതെ, ബേസ്‌മെന്റ് ഫ്ലോറില്‍ കാന്റീന്‍ സൗകര്യവുമുണ്ടാകും.

മോട്ടോര്‍ ആക്സിഡന്റ്‌ ക്ലെയിം ട്രിബ്യുണല്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ്‌ കോടതി ഓഫീസ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ താഴത്തെ നിലയിലായിരിക്കും.



ഒന്നാം നിലയില്‍ അഡീഷണല്‍ സബ്‌കോടതി, പ്രിന്‍സിപ്പല്‍ സബ്‌കോടതി, ജഡ്ജസ്‌ ചേംബര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍, ഗവണ്മെന്റ് പ്ലീഡര്‍ ഓഫീസ് അനുബന്ധസൗകര്യങ്ങള്‍, രണ്ടാംനിലയില്‍ കുടുംബ കോടതി, കൗൺസലിംഗ് വിഭാഗം, ലേഡീസ്‌ വെയ്റ്റിംഗ് ഏരിയ, കോര്‍ട്ട് യാര്‍ഡ്, മൂന്നാം നിലയില്‍ കോടതി മുറികള്‍, താലൂക്ക്‌ ലീഗല്‍ സര്‍വീസ് കമ്മിറ്റി ഓഫീസ്, സെന്‍ട്രല്‍ ലൈബ്രറി, മീഡിയ റൂം, നാലാം നിലയില്‍ അഡിഷണല്‍ മുന്‍സിഫ് കോടതി, പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി, ജഡ്ജസ്‌ ചേംബര്‍, ഓഫീസ്‌ റെക്കോര്‍ഡ്സ്, അനുബന്ധസൗകര്യങ്ങള്‍ എന്നിങ്ങനെയാണ്‌ സമുച്ചയം.



കൂടാതെ, ജഡ്ജിമാര്‍ക്കായി പ്രത്യേകം ലിഫ്റ്റ്‌ സൗകര്യവും ഗോവണിയും ഉണ്ടാകും. ലിഫ്റ്റ്‌ സൗകര്യവും ശുചിമുറി സൗകര്യവും പൊതുജനങ്ങള്‍ക്ക് പ്രത്യേകമായുണ്ടാവും.

ആറു നിലകളുടെ സ്ട്രക്ച്ചര്‍ ജോലികളാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ഏഴാം നിലയുടെ നിര്‍മ്മാണവും, ഇതടക്കമുള്ള എല്ലാ നിലകളിലെയും ഇലക്ട്രിക്കല്‍ ജോലികളടക്കമുള്ള ഫിനിഷിംഗ് പ്രവൃത്തികളും രണ്ടാംഘട്ടത്തോടെ പൂര്‍ത്തിയാവും. എല്ലാ നിലകളിലും ഭിന്നശേഷിസൗഹൃദ ശുചിമുറികള്‍ ഉണ്ടാകും – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com


You cannot copy content of this page