ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിലെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കൂടി ആഘോഷങ്ങളുടെ മുന്നോടിയായുള്ള കലവറ നിറയ്ക്കൽ ചടങ്ങിന്റെ ഉദ്‌ഘാടനം കിഴക്കേ ഗോപുര നടയിൽ ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി മണക്കാട് പരമേശ്വരൻ നമ്പൂതിരി നിലവിളക്ക് കൊളുത്തി. ശേഷം കിഴക്കേ ഗോപുര നടയിൽ ആദ്യ സമർപ്പണമായി തെക്കേമഠം സുരേഷ് നേന്ത്രക്കുല ഭഗവാന് സമർപ്പിച്ചു. തുടർന്ന് ഭക്തജനങ്ങൾ തൃപ്പുത്തരി സദ്യയിലേക്ക് ആവശ്യമായ അരി, നുറുക്ക് അരി, ചേന, മത്തങ്ങ, കുമ്പളങ്ങ, വഴുതിന, ഇടിയൻ ചക്ക, നേന്ത്രക്കായ, കായക്കുല, നാളികേരം തുടങ്ങിയവ സമർപ്പിച്ചു. ഉച്ച വരെ സമർപ്പണ സമയമുണ്ട്.
ദേവസ്വം ബോർഡ് മെമ്പർമാരായ ഡോ. മുരളി ഹരിതം, അഡ്വ അജയകുമാർ, രാഘവൻ മുളങ്ങാടൻ, ബിന്ദു, ദേവസ്വം മാനേജർ, ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൂടൽമാണിക്യം ക്ഷേത്രത്തിലെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കൂടി ആഘോഷങ്ങൾ നവംബർ 8, 9,10 (1200-ാമാണ്ട് തുലാമാസം 23, 24, 25) വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ആഘോഷിക്കുന്നത്. ഇതിനു വേണ്ട ഒരുക്കങ്ങൾ എല്ലാം പൂർത്തിയയായതായി ദേവസ്വം അറിയിച്ചു.
നവംബർ 8-ാം തീയതി വെള്ളിയാഴ്ച് പോട്ട പ്രവർത്തി കച്ചേരിയിൽ നിന്നും ഉച്ചക്ക് 12.30ന് തൃപ്പുത്തരി സദ്യയുടെ ആവശ്യത്തിലേക്കുള്ള തണ്ടിക പുറപ്പെട്ട് വൈകീട്ട് 5 മണിക്ക് ഠാണാവിൽ എത്തിച്ചേരുന്നു. അവിടെ നിന്ന് നാദസ്വരത്തിൻ്റെ അകമ്പടിയോടെ പള്ളിവേട്ട ആൽത്തറയിൽ – എത്തി സന്ധ്യാവെടിക്ക് ശേഷം പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ 6.45ന് ക്ഷേത്രത്തിൽ എത്തി ചേരുന്നു. വൈകിട്ട് ആറുമണിക്ക് കിഴക്കേ ഗോപുര നടയിൽ ഇരിങ്ങാലക്കുട അജയും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം ഉണ്ടായിരിക്കും.
നവംബർ 9 ശനിയാഴച തൃപ്പുത്തരിക്ക് ആറായിരത്തോളം ഭക്തജനങ്ങൾക്ക് തെക്കേ ഊട്ടുപുരയിലും, പടിഞ്ഞാറെ ഊട്ടുപുരയിലുമായി തൃപ്പുത്തരി സദ്യ നടത്തുന്നു. രാവിലെ 10.30 മുതൽ 12.00 മണി വരെയുള്ള മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ തൃപ്പുത്തരി പൂജ നടത്തുന്നു. തൃപ്പുത്തരി ദിവസം അത്താഴപൂജയ്ക്കു ശേഷം ഉണ്ണായിവാരിയർ സ്‌മാരക കലാനിലയം അവതരിപ്പിക്കുന്ന കഥകളി (നളചരിതം രണ്ടാം ദിവസം-കാട്ടാളനും ദമയന്തിയും) ഉണ്ടായിരിക്കുന്നതാണ്. പിറ്റേ ദിവസം നവംബർ 10ന് പ്രസിദ്ധമായ മുക്കുടി നിവേദ്യം എന്ന ചടങ്ങ് നടത്തപ്പെടുന്നു.
കുട്ടഞ്ചേരി അനൂപ് മൂസ്സ് മുക്കുടിയിലേക്കുള്ള മരുന്ന് തയ്യാറാക്കി ഭഗവാന് നടയ്ക്കൽ സമർപ്പിക്കുകയും തൃക്കോൽ മുസ്സ് ഏറ്റെടുത്ത് കീഴ്ശാന്തിമാരെ ഏൽപ്പിക്കുന്നു. പിന്നീട് ഈ മരുന്ന് തൈരിൽ ചേർന്ന് തിടപ്പള്ളിയിൽ കീഴ്‌ശാന്തിമാർ തയ്യാറാക്കി ഭഗവാന് സമർപ്പിക്കുന്നു. മുക്കുടി നിവേദിക്കുന്നതിന് തന്ത്രി അണിമംഗലം ഇല്ലക്കാർക്കാണ് അവകാശം സിദ്ധിച്ചിട്ടുള്ളത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com