കാറളം : ഒരു സ്ത്രീയും ഒറ്റയ്ക്കല്ലെന്നും പരസ്പരം താങ്ങും തണലുമായി നിന്നുകൊണ്ട് ചരിത്രം സൃഷ്ടിക്കണമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കുടുംബശ്രീയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് കാറളം ഗ്രാമപഞ്ചായത്തിൻ്റെ “അരങ്ങ് 2023” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സാമ്പത്തിക സ്വയംപര്യാപ്തതയാണ് സ്ത്രീ വിമോചനത്തിന്‍റെ പ്രധാനപ്പെട്ട ഉപാധികളിലൊന്ന്. ഉത്തരവാദിത്തങ്ങളുടെ ഒഴിവുവേളകളിൽ സ്വന്തം കഴിവുകൾ കണ്ടെത്താനും ഒത്തുചേരാനും സ്ത്രീകൾക്ക് കുടുംബശ്രീ കൂട്ടായ്മകളിലൂടെ സാധിക്കും. സമാനതകളില്ലാത്ത സ്ത്രീശാക്തീകരണത്തിന്‍റെ മാതൃകകൾ മുന്നോട്ടുവയ്ക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. ദാരിദ്ര്യ ലഘൂകരണവും പ്രാദേശിക സാമ്പത്തിക വികസനവും കുടുംബശ്രീയുടെ ലക്ഷ്യമാണ്. സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടിയുള്ള പ്രസ്ഥാനം കൂടിയായി കുടുംബശ്രീ മാറേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപെട്ടു.
ഹരിത കർമ്മസേന, സ്വയംതൊഴിൽ എന്നീ പ്രവർത്തനങ്ങളിലൂടെ സ്ത്രീയുടെ വ്യക്തിജീവിതവും സാമൂഹിക ജീവിതവും മെച്ചപ്പെടുത്താൻ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്. കാറളം പഞ്ചായത്തിലെ മുഴുവൻ സ്ത്രീകളുടെയും ഉന്നമനത്തിനുവേണ്ടി കൂട്ടായ പ്രവർത്തനങ്ങൾ നടത്തണം. സ്ത്രീകളുടെ ആരോഗ്യസംരക്ഷണം, തുടർപഠനം, സ്വയംതൊഴിൽ എന്നീ മേഖലകളിൽ കുടുംബശ്രീയിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേമരാജ് അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ഡാലിയ പ്രദീപ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീലാ അജയഘോഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അമ്പിളി യു വി, അംബിക സുഭാഷ്, കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര, കാറളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി മധുരാജ് കെ, സി ടി എസ് മെമ്പർ സെക്രട്ടറി പി എ ജയ്സൺ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഹരിത കർമ്മ സേന പ്രവർത്തകരെ ആദരിച്ചു.
ചടങ്ങിന് ശേഷം കുടുംബശ്രീ പ്രവർത്തകർക്കായി സ്റ്റേജിതര മത്സരങ്ങളായ പെൻസിൽ ഡ്രോയിങ്, ജലച്ചായം, കഥാ രചന, കവിത രചന, കോളാഷ് മേക്കിങ് എന്നിവ നടന്നു. തിരുവാതിര, ഒപ്പന, സംഘനൃത്തം, നാടോടിനൃത്തം, നാടൻപാട്ട്, കവിതപാരായണം മത്സരങ്ങൾ വരും ദിവസങ്ങളിൽ നടക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com