“പ്രിയമാനസം” – സൗഹൃദസംഗമം ആഗസ്റ്റ് 19ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : സഹൃദയൻ, ചിത്രകാരൻ, കലാകാരൻ, മനുഷ്യസ്നേഹി എന്നീനിലകളിൽ അറിയപ്പെടുന്ന കലാകേന്ദ്രം ബാലുനായരുടെ സുഹൃത്തുക്കളും ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബും ചേർന്ന് സംഘടിപ്പിക്കുന്ന സൗഹൃദസംഗമം – “പ്രിയമാനസം” ഇരിങ്ങാലക്കുടയിൽ ആഗസ്റ്റ് 19 ശനിയാഴ്ച ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

കലാ സാഹിത്യ സിനിമ മേഖലകളിലെ ഒട്ടേറെ പേർ പരിപാടിയിൽ പങ്കെടുക്കും. ഉച്ചതിരിഞ്ഞ് 2.30ന് അനിയൻ മംഗലശ്ശേരിയുടെ അധ്യക്ഷതയിൽ ചേരുന്ന സൗഹൃദസംഗമത്തിൽ മഞ്ജുനാഥ് (പ്രശസ്ത ഗായകരായ ജയവിജയന്മാരിൽ വിജയന്റെ മകൻ) പ്രാർത്ഥനാഗീതം ആലപിക്കും.

ബാലു നായരുടെ പിതാവ് അന്തരിച്ച മുരളീധരൻ നായർ, ഗുരുക്കന്മാരായ യശ:ശരീരരായ കുടമാളൂർ കരുണാകരൻ നായർ, മാത്തൂർ ഗോവിന്ദൻകുട്ടി, കലാമണ്ഡലം രാമകൃഷ്ണൻ, കലാമണ്ഡലം ഹരിദാസ്, കലാകേന്ദ്രം മുരളീധരൻ നമ്പൂതിരി എന്നിവരുടെ ചിത്രത്തിനുമുമ്പിൽ പ്രശസ്ത കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടി തിരിതെളിയിക്കും. ബാലു നായരുടെകൂടി ഗുരുനാഥനായ ഈയിടെ അന്തരിച്ച പ്രശസ്ത കഥകളിനടൻ കലാമണ്ഡലം രാമകൃഷ്ണനെ അനുസ്മരിച്ചുകൊണ്ട് സജനീവ് ഇത്തിത്താനം പ്രഭാഷണം ചെയ്യും.

തുടർന്ന് മാതാവായ എം എസ് രാജകുമാരി, ഗുരുനാഥന്മാരായ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ, കലാനിലയം വിജയൻ, കലാമണ്ഡലം മുരളി, കലാമണ്ഡലം ഭാഗ്യനാഥൻ എന്നിവരെ ദക്ഷിണനല്കി പ്രണമിക്കും. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ അനുഗ്രഹഭാഷണം നടത്തും. ഉച്ചതിരിഞ്ഞ് 3.30ന് പ്രശസ്ത കഥകളിഗായകർ കോട്ടയ്ക്കൽ മധുവും, കലാമണ്ഡലം വിനോദും അവതരിപ്പിക്കുന്ന കഥകളിപ്പദക്കച്ചേരി നടക്കും. പ്രശസ്ത ചിത്രകാരൻ മോപ്പസാങ് വാലത്ത് തത്സമയം സ്നേഹപ്രതീകമായി ബാലു നായരുടെ ചിത്രം വരയ്ക്കും.

വൈകീട്ട് അഞ്ചിന് നടക്കുന്ന സുഹൃദ്സംഗമത്തിൽ വ്യത്യസ്ത മേഖലകളിലെ ബാലു നായരുടെ സുഹൃത്തുക്കൾ പങ്കെടുക്കും. പ്രശസ്ത കഥകളിനടൻ കോട്ടയ്ക്കൽ ദേവദാസ് ആമുഖമായി സംസാരിക്കും. തദവസരത്തിൽ ബാലു നായരുടെ ‘വരകളും വരികളും’ എന്ന പുസ്തകം പ്രകാശനം ചെയ്യും. കഥകളിഗായകൻ കലാനിലയം സിനു മോഡറേറ്ററാകുന്ന യോഗത്തിൽ വിനോദ് സി കൃഷ്ണൻ സ്വാഗതവും സുദീപ് പിഷാരടി നന്ദിയും പ്രകാശിപ്പിക്കും.

സന്ധ്യയ്ക്ക് 6 30ന് ആരംഭിക്കുന്ന സന്താനഗോപാലം കഥകളിയിൽ പ്രശസ്ത കഥകളികലാകാരന്മാരായ കലാമണ്ഡലം കൃഷ്ണകുമാർ, കോട്ടയ്ക്കൽ ദേവദാസ്, കലാമണ്ഡലം ചമ്പക്കര വിജയകുമാർ, കലാമണ്ഡലം ബാബു നമ്പൂതിരി തുടങ്ങിയവരും കഥകളി രംഗത്തെ ബാലു നായരുടെ മറ്റു സുഹൃത്തുക്കളും പങ്കെടുക്കും.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംഘടകരായ അനിയൻ മംഗലശ്ശേരി, രമേശൻ നമ്പീശൻ, എം എൻ പ്രദീപ്, പി എൻ ശ്രീരാമൻ, സി വിനോദ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page