ലോക ഹൃദയ ദിനത്തിൽ ‘ഹെൽത്തി ലഞ്ച് ഹെൽത്തി പ്ലേറ്റ്’ ഒരുക്കി വേളൂക്കര കുടുംബാരോഗ്യ കേന്ദ്രം

വേളൂക്കര : ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ‘Healthy Lunch – Healthy Plate’ പരിപാടി ശ്രദ്ധേയമായി. ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ, ആശാ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത പരിപാടിയിൽ ആരോഗ്യകരമായ ഉച്ചഭക്ഷണം കൂട്ടായി തയ്യാറാക്കി കഴിച്ചുകൊണ്ട് സമീകൃതാഹാരത്തിന്‍റെ പ്രാധാന്യം നേരിട്ട് അനുഭവിച്ചറിഞ്ഞു.



വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ചിറ്റിലപ്പിള്ളി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി. സതീശൻ എന്നിവർ ചേർന്ന് സാലഡ് മിക്സ് ചെയ്ത് പരിപാടിക്ക് തുടക്കമിട്ടു.



ആരോഗ്യകേന്ദ്രത്തിൽ ആരംഭിച്ച ‘ഹെൽത്തി ഫുഡ് ഹാബിറ് പ്രൊമോഷൻ ഇനിഷ്യേറ്റീവ് ’-ന്‍റെ ഭാഗമായി നടപ്പിലാക്കിവന്നിരുന്ന ‘ഹെൽത്തി സ്നാക്ക്സ് & ഡ്രിങ്ക്സ് ’ പരിപാടിയുടെ തുടർച്ചയും വിപുലീകരണവുമാണ് ഹെൽത്തി പ്ലേറ്റ് പരിപാടി. ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം ക്ലാസുകളിൽ മാത്രം ഒതുങ്ങാതെ, ആരോഗ്യകരമായ ഭക്ഷണം സ്വയം തയ്യാറാക്കി കഴിക്കുന്നതിലൂടെ ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കുകയാണ് സംരംഭത്തിന്‍റെ ലക്ഷ്യം.

പ്രാദേശികമായി ലഭ്യമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് പോഷകസമൃദ്ധവും സമീകൃതവും താങ്ങാനാകുന്ന ചെലവിലുള്ളതുമായ ഭക്ഷണം തയ്യാറാക്കുന്നതിന് പരിപാടിയിൽ പ്രാധാന്യം നൽകി. ധാന്യങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, പ്രോട്ടീൻ സ്രോതസ്സുകൾ എന്നിവ ശരിയായ അളവിൽ ഉൾപ്പെടുത്തുന്നതിലൂടെ ഹൃദയാരോഗ്യത്തിന് അനുയോജ്യമായ ഭക്ഷണക്രമം എങ്ങനെയായിരിക്കണമെന്ന് പങ്കെടുത്തവർക്ക് മനസ്സിലാക്കാൻ സാധിച്ചു.



പങ്കെടുത്തവർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് മട്ട അരിചോറ്, മത്തി മുളകിട്ടത്, പെപ്പർ ചിക്കൻ, ചെറുപയർ-കാരറ്റ്-ചീര തോരൻ, പ്രാദേശികമായി ലഭിക്കുന്ന വാഴപിണ്ടി-ചേമ്പിൻ താൾ-ചീരത്തണ്ട്-പയർ-മുരങ്ങക്കായ എന്നിവ ചേർത്ത അവിയൽ, വിവിധ നിറങ്ങളിലുള്ള പച്ചക്കറികൾ ചേർത്ത റയിൻബോ സാലഡ്, പുളിശ്ശേരി എന്നിവ തയ്യാറാക്കി. കൂടാതെ 100ഗ്രാം അളവിൽ കഴിക്കാവുന്ന വിധം പേരക്ക, തണ്ണിമത്തൻ എന്നീ പഴങ്ങളും മുറിച്ച് വച്ചു.



ഭക്ഷണ പ്ലേറ്റിന്‍റെ കാൽ ഭാഗം അന്നജം, കാൽ ഭാഗം പ്രോട്ടീൻ, അര ഭാഗം പച്ചക്കറികളും പഴങ്ങളും വരുന്ന തരത്തിലും പോഷക ഘടകങ്ങൾ നിർദ്ദിഷ്ട അളവിൽ ലഭിക്കുന്ന തരത്തിലും ഭക്ഷണം അളന്ന് പ്ലേറ്റുകൾ ഒരുക്കി. ഭക്ഷണം തയായറാക്കുന്ന വിധവും ഭക്ഷണത്തിലെ പോഷക ഘടകങ്ങളും വ്യക്തമാക്കികൊണ്ട് പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചിരുന്നു. ഭക്ഷണം അറിഞ്ഞു കഴിക്കാനും അളന്നു കഴിക്കാനുമുള്ള അവസരമാണ് പരിപാടിയിൽ പങ്കെടുത്തവർക്ക് ലഭിച്ചത്.

ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിലും നിയന്ത്രണത്തിലും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾക്ക് നിർണായക പങ്കുണ്ട്. അതിനാൽ, ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് വ്യക്തികളുടെ ദൈനംദിന ശീലങ്ങളിലും കുടുംബങ്ങളുടെ ഭക്ഷണക്രമത്തിലും പ്രതിഫലിക്കേണ്ടതിന്‍റെ ആവശ്യകതയും പരിപാടി മുന്നോട്ടുവച്ചു.



“അറിവ് അനുഭവമാകണം, അനുഭവം പ്രവർത്തിയാകണം, പ്രവർത്തി ആരോഗ്യകരമായ ശീലമായി മാറണം” എന്ന സന്ദേശമാണ് ഹെൽത്തി പ്ലേറ്റ് പരിപാടിയിലൂടെ ഉയർത്തിപ്പിടിച്ചത്. ആരോഗ്യപ്രവർത്തകരിലൂടെയും ആശാ പ്രവർത്തകരിലൂടെയും ആരോഗ്യകരമായ ഭക്ഷണശീലത്തിന്‍റെ സന്ദേശം കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കാനും സംരംഭം ലക്ഷ്യമിടുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page