ഡോൺ ബോസ്കോ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫലവൃക്ഷോദ്യാനം ‘പച്ചക്കുട’ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഫലവൃക്ഷോദ്യാനം ‘പച്ചക്കുട’ നിർമ്മിക്കുകയും ഓരോ വിദ്യാർത്ഥിയുടെയും ഭവനങ്ങളിൽ ജൂബിലി ഓർമ്മ മരം നടുകയും ചെയ്യുന്നു. സ്കൂൾ കോമ്പൗണ്ടിൽ 60 ഇനം ഫലവൃക്ഷങ്ങളുടെ ഉദ്യാനമാണ് ഒരുക്കുന്നത്.

പ്ലാവ്, മാവ്, പേര, മാതളം, നെല്ലി, ചാമ്പ, പുളി, റംബൂട്ടാൻ, മാങ്കോസ്റ്റിൻ എന്നിവ ഉൾപ്പെടുന്നതാണ് ഫലവൃക്ഷ ഉദ്യാനം. ഗ്രീൻ കാമ്പസ് – ക്ലീൻ കാമ്പസ് – സേഫ് കാമ്പസ് എന്ന ആപ്തവാക്യം ഉയർത്തിയാണ് ജൂബിലി പരിസ്ഥിതി സൗഹാർദമാക്കുന്നത്. വിദ്യാർത്ഥികൾക്കും ഫലവൃക്ഷങ്ങളുടെ കൈകൾ തന്നെയാണ് ജൂബിലി ഓർമ്മ മരമായി നടാൻ നൽകിയിട്ടുള്ളത്.

ജൂബിലി ഫലവൃക്ഷ ഉദ്യാനത്തിന്റെയും പരിസ്ഥിതി ദിനാചരണത്തിന്റെയും ഉദ്ഘാടനം തൃശ്ശൂർ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ കെ.ആർ. അനൂപ് ഐഎഫ്എസ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി പ്രതിനിധികൾക്കും അധ്യാപക പ്രതിനിധികൾക്കും വേദിയിലെ വിശിഷ്ട വ്യക്തിത്വങ്ങൾക്കും അദ്ദേഹം ഫലവൃക്ഷതൈകൾ വിതരണം ചെയ്തു. ഡോൺ ബോസ്കോ റെക്ടറും വജ്ര ജൂബിലി ആഘോഷങ്ങളുടെ ചെയർമാനുമായ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു.


വിദ്യാർത്ഥി പ്രതിനിധി ഗഗൻ മാമ്പിള്ളി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തദവസരത്തിൽ ജൂബിലി ജീവകാരുണ്യ പദ്ധതിയായ ‘ ഡോൺ ബോസ്കോ ജൂബിലി ഭവൻ ‘ നിർമ്മാണത്തിലേക്ക് 1988-89 എസ്എസ്എൽസി ബാച്ച് നൽകുന്ന സ്നേഹോപഹാരമായ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് പ്രതിനിധികളായ രതീഷ് ഭരതൻ, എ.ബി. സിയാവുദ്ദീൻ, ജിംസൺ ചക്രമാക്കൽ എന്നിവർ അഡ്മിനിസ്ട്രേറ്റർ ഫാ. ജോയ്സൺ മുളവരിക്കൽ, ജൂബിലി സാമൂഹ്യ ക്ഷേമ കമ്മിറ്റി ചെയർമാൻ പോൾസൺ കല്ലൂക്കാരൻ എന്നിവർക്ക് കൈമാറി.

വജ്ര ജൂബിലി ജനറൽ കൺവീനർ പോൾ ജോസ് തളിയത്ത് ആശംസകളർപ്പിച്ചു. വജ്ര ജൂബിലി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ. മനു പീടികയിൽ സ്വാഗതവും ജൂബിലി വൈസ് ചെയർമാൻ ഫാ. സന്തോഷ് മണിക്കൊമ്പിൽ നന്ദിയും പറഞ്ഞു.


ഫാ. ജോസിൻ താഴത്തേറ്റ്, സിസ്റ്റർ ഓമന വി.പി., സെബി മാളിയേക്കൽ, ശിവപ്രസാദ് ശ്രീധരൻ, എം. ബി. സജിത്ത്, സിബി പോൾ അക്കരക്കാരൻ, ലൈസ സെബാസ്റ്റ്യൻ, പ്രഫ. സി.വി. ഫ്രാൻസിസ് എന്നിവർ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page