ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്‍റെ സഹകരണത്തോടെ കലാമണ്ഡലം ഗംഗാധരൻ അനുസ്മരണസമിതി “ആശാൻസ്മൃതി 2023” ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു.
രാവിലെ ആശാന്‍റെ ചിത്രത്തിന് മുന്നിൽ പുത്രൻ ഹരിദാസ് ഭദ്രദീപം കൊളുത്തിയും, കഥകളി ഗായകരും ആസ്വാദകരും പുഷ്പാർച്ചന നടത്തിയും “ആശാൻ സ്മൃതി 2023″ന് പ്രാരംഭം കുറിച്ചു. കലാമണ്ഡലം ഗംഗാധരൻ അനുസ്മരണസമിതിയുടെ സ്ഥാപക സെക്രട്ടറി എൻ രാമദാസിനെ അനുസ്മരിച്ചുകൊണ്ട് കലാമണ്ഡലം ബാബു നമ്പൂതിരി സംസാരിച്ചു.
തുടർന്നു നടന്ന കിർമ്മീരവധം കഥകളി ചൊല്ലിയാട്ടത്തിൽ ധർമ്മപുത്രരായി രഞ്ജിനി സുരേഷ്, ശ്രീകൃഷ്ണനായി ജയന്തി ദേവരാജ്, സുദർശനമായി ശരണ്യ പ്രേംദാസ് എന്നിവർ അരങ്ങത്ത് ചൊല്ലിയാടിയപ്പോൾ സംഗീതത്തിൽ ആരുണി മാടശ്ശേരിയും അദ്രിജ വർമ്മയും ചെണ്ടയിൽ രഹിത കൃഷ്ണദാസും മദ്ദളത്തിൽ കലാമണ്ഡലം വൈശാഖും പശ്ചാത്തലമൊരുക്കി. വാസനാവൈഭവംകൊണ്ട് സമാന്തരകലാപഠനം നടത്തിയ വനിതാകലാകാരികളുടെ ചൊല്ലിയാട്ടം തീർത്തും വ്യത്യസ്താനുഭവമായി.
സംഗീതാർച്ചനയിൽ ഗംഗാധരൻ ആശാന്‍റെ ശിഷ്യപ്രശിഷ്യരായ ഗായകരും മറ്റുകഥകളി ഗായകരും പങ്കെടുത്തു.
ഉച്ചയ്ക്ക് കലാമണ്ഡലം ഗംഗാധരൻ ആശാൻ സജീവമായിരുന്ന സുവർണ്ണകാലത്തെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ പ്രിയശിഷ്യൻ യശ:ശരീരനായ കലാമണ്ഡലം വെണ്മണി ഹരിദാസുമൊത്ത് അദ്ദേഹം പാടിയ അരങ്ങുപാട്ടിന്‍റെ പശ്ചാത്തലത്തിൽ നളചരിതം നാലാംദിവസം ബാഹുകൻ കേശനി രംഗം അരങ്ങേറി. ബാഹുകനായി പീശപ്പിള്ളി രാജീവനും കേശിനിയായി കലാമണ്ഡലം വിപിൻ ശങ്കറും വേഷമിട്ടു. പ്രസ്തുതയരങ്ങിനുസമാന്തരമായി പ്രശസ്ത ചിത്രകാരൻ മോപ്പസാങ്ങ് വാലത്ത് വേദിയിൽ ഗംഗാധരൻ ആശാന്റെ ഛായാചിത്രം വരച്ചപ്പോൾ ആസ്വാദകഹൃദയത്തിൽ എന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരരങ്ങനുഭവമായി.
കഥകളിസംഗീതത്തിലെ “ഗംഗാധരബാണി” എന്ന വിഷയത്തിൽ ആശാന്‍റെ ആലാപനസവിശേഷതളെ സംബന്ധിച്ച് സോദാഹരണ ചർച്ച ഉണ്ടായി. പ്രശസ്ത കലാനിരൂപകൻ വി കലാധരൻ മോഡറേറ്ററായി. സോദാഹരണ ചർച്ചയിൽ കോട്ടയ്ക്കൽ പി.ഡി നമ്പൂതിരി, കലാമണ്ഡലം മോഹനകൃഷ്ണൻ, കലാമണ്ഡലം വിനോദ് എന്നിവർ ആശാന്‍റെ ഗേയമാർഗത്തിന്റെ പ്രത്യേകതകളേയും അതിന്റെ പ്രാധാന്യത്തേയും കുറിച്ച് സംസാരിച്ചു. അനിയൻ മംഗലശ്ശേരി, വെള്ളാനി സഹോദരന്മാർ എന്നിവരുടെ പാട്ടുശേഖരത്തിൽനിന്നും ഗംഗാധരനാശാൻ പാടിയ ഗാനശകലങ്ങൾ ശ്രവിക്കാനായത്, ആസ്വാദകർക്ക് ഗൃഹാതുരത്വം തൊട്ടുണർത്തുവാൻ സഹായകമായി.
വൈകീട്ട് കോട്ടയ്ക്കൽ പി ഡി നമ്പൂതിരിയുടെ അധ്യക്ഷതയിൽ അനുസ്മരണസമ്മേളനം നടന്നു. കലാമണ്ഡലം ശ്രീജിത്തിന്‍റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പാലനാട് ദിവാകരൻ അനുസ്മരണപ്രഭാഷണവും അനിയൻ മംഗലശ്ശേരി ആശംസാപ്രസംഗവും നടത്തി. എൻ. രാമദാസ് മെമ്മോറിയൽ പ്രഥമ അവാർഡ് കഥകളി യുവഗായകൻ കലാമണ്ഡലം കൃഷ്ണകുമാർ ഏറ്റുവാങ്ങി. കലാമണ്ഡലം വിനോദ് സ്വാഗതവും സുനിൽ ഗോപാലകൃഷ്ണൻ കൃതജ്ഞതയും രേഖപ്പെടുത്തി.
ശേഷം നളചരിതം രണ്ടാംദിവസം (ഉത്തരഭാഗം) കഥകളി അരങ്ങേറി. കലാമണ്ഡലം ഷണ്മുഖദാസ് ദമയന്തിയായും, മധു വാരണാസി സാർത്ഥവാഹകനായും, കലാമണ്ഡലം വിപിൻ ശങ്കർ രാജമാതാവായും, കലാമണ്ഡലം അരുൺ വാര്യർ സുദേവനായും, കലാനിലയം മനോജ് ഭീമരാജാവായും വേഷമിട്ടു.
പിന്നീടു നടന്ന കിരാതം കഥകളിയിൽ നാട്യകേസരി കോട്ടയ്ക്കൽ കേശവൻ കുണ്ടലായർ അർജ്ജുനനായും ഡോക്ടർ സദനം കൃഷ്ണൻകുട്ടി കാട്ടാളനായും കലാമണ്ഡലം ഓയൂർ രാമചന്ദ്രൻ കാട്ടാളസ്ത്രീയായും ശിവനായി രഞ്ജിനി സുരേഷും പാർവ്വതിയായി കലാമണ്ഡലം അഭിജിത്തും വേഷമിട്ടു.
കലാമണ്ഡലം ഗംഗാധരന്‍റെ ശിഷ്യപ്രശിഷ്യരും മറ്റുഗായകരും സംഗീതമൊരുക്കി. കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം വേണുമോഹൻ, കലാമണ്ഡലം രവിശങ്കർ, രഹിത കൃഷ്ണദാസ് എന്നിവർ ചെണ്ടയിലും കലാമണ്ഡലം രാജനാരായണൻ, കലാനിലയം പ്രകാശൻ, കലാമണ്ഡലം വൈശാഖ്, കലാമണ്ഡലം ശ്രീജിത്ത് എന്നിവർ മദ്ദളത്തിലും പശ്ചാത്തലമേളമൊരുക്കി.
കലാമണ്ഡലം സുധീഷ് ചുട്ടികുത്തി. കലാമണ്ഡലം മനേഷ്, നാരായണൻകുട്ടി, നിഥിൻ കൃഷ്ണ എന്നിവർ അണിയറ സഹായമൊരുക്കി. ഇരിങ്ങാലക്കുട രംഗഭൂഷ കളിയോഗത്തിന്‍റെയായിരുന്നു കോപ്പ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com