താമരശ്ശേരി കവർച്ച കേസ് മാള സ്വദേശി അറസ്റ്റിൽ

ഇരിങ്ങാലക്കുട : താമരശ്ശേരി ചുരത്തിൽ വച്ച് മൈസ്സുർ സ്വദേശിയെ ആക്രമിച്ച് കവർച്ച നടത്തിയ സംഘാംഗം അറസ്റ്റിൽ . മാള വടമ സ്വദേശി കുറ്റിപ്പുഴക്കാരൻ വീട്ടിൽ സജിലിനെയാണ് (29) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ. ഷൈജുവിന്റെ സംഘം പിടികൂടിയത്.

ഡിസംബർ പതിമൂന്നാം തിയ്യതി രാവിലെ സ്വർണ്ണം വാങ്ങാനായി കൊടുവള്ളിയിലേക്ക് പോവുകയായിരുന്ന മൈസൂർ സ്വദേശിയെ താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ വച്ച് കാർ തടഞ്ഞ് നിറുത്തി ആക്രമിച്ച് കാറും കാറിലുണ്ടായിരുന്ന 68 ലക്ഷം രൂപയും, മൊബൈൽ ഫോണും കവർച്ച നടത്തിയ സംഘത്തിൽ ഉൾപ്പെട്ടയാളാണ് സിജിൽ.

continue reading below...

continue reading below..സംഭവത്തെ തുടർന്ന് കേസ്സെടുത്ത താമരശ്ശേരി പോലീസിന് സിജിലടക്കമുള്ള സംഘത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. ഈ സംഘത്തിൽ ഉൾപ്പെട്ട ഏതാനുംപേരെ നേരത്തേ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്ത് വയനാട് പോലീസ് തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് സിജിലിനെ രഹസ്യമായി അന്വേഷിച്ചു വരികയായിരുന്നു.

സംഭവശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ ഇയാൾ ഇടയ്ക്ക് മാത്രം നാട്ടിൽ വന്നു പോയിരുന്നു. തിങ്കളാഴ്ച രാത്രി രഹസ്യമായി നാട്ടിലെത്തിയത് ശ്രദ്ധയിൽപ്പെട്ടതോടെ ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച് വാഹനത്തിന് മുൻപിൽ പോലീസ് ജീപ്പ് കുറുകെയിട്ട് പിടികൂടുകയായിരുന്നു.കൃത്യത്തിൽ ഉൾപ്പെട്ട സിജിലിൻ്റെ ബൊലേറോ വാഹനവും പോലീസ് സംഘം പിടിച്ചെടുത്തു. തുടർന്ന് താമരശ്ശേരി പോലീസിന് ഇയാളെ കൈമാറി റിമാന്റ് ചെയ്തു. ഡി.വൈ.എസ് പി.ടി.കെ. ഷൈജുവിൻ്റെ നേതൃത്വത്തിൽ മാള ഇൻസ്പെക്ടർ സജിൻ ശശി, എസ്.ഐ നീൽ ഹെക്ടർ ഫെർണ്ണാണ്ടസ് സീനിയർ സി.പി.ഒ ഇ.എസ്.ജീവൻ, കെ.നവാസ്, വിപിൻലാൽ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

You cannot copy content of this page