ഇരിങ്ങാലക്കുട : അത്യപൂർവ്വമായിമാത്രം ദുര്യോധനവധം കഥകളി സമ്പൂർണ്ണരംഗാവതരണം അരങ്ങത്ത് അവതരിപ്പിച്ചും മുതിർന്ന കലാകാരന്മാർക്ക് ‘ഗുരുദക്ഷിണ’ നല്കിയും പ്രവാസജീവിതം കഴിഞ്ഞ് നാട്ടിലെത്തിയവർ ഒത്തുചേർന്നും തിരനോട്ടം ദുബായ് സംഘടിച്ച “അരങ്ങ് 2024” ഏറെ പ്രത്യേകതകൾ നിറഞ്ഞ കളിയരങ്ങായിമാറി. കേരളീയ പാരമ്പര്യകലകളുടെ നിലനില്പും പ്രചരണവും ഉന്നമനവും ലക്ഷ്യമിട്ട് നൂതനവും വൈവിദ്ധ്യങ്ങളുമായ കലാപ്രവർത്തനങ്ങൾ ദുബായിലും കേരളത്തിലുമൊരുക്കുന്ന ‘തിരനോട്ടം’, ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബുമായി സഹകരിച്ചാണ് “അരങ്ങ് 2024” ഒരുക്കിയത്.
കാലത്ത് പത്ത്മണിക്ക് പ്രവാസികളായിരുന്ന തിരനോട്ടം ദുബായ് പ്രതിനിധികളും ഫാ. ജോയ് പിണിക്കപ്പറമ്പിലും ചേർന്ന് ആട്ടവിളക്കിന് തിരിതെളിച്ചു. തുടർന്ന് കേരള കലാമണ്ഡലം അവതരിപ്പിച്ച “ദുര്യോധനവധം” കഥകളിയിൽ എഴുപതിൽപ്പരം കലാകാരന്മാർ പങ്കെടുത്തു.
മദ്ദളകേളിക്ക് ശേഷം നടന്ന രണ്ട്നോക്ക് പുറപ്പാടിൽ പാണ്ഡവരും പാഞ്ചാലിയും വന്നതോടെ അരങ്ങ് നിറഞ്ഞു. രാത്രി എട്ടരവരെ നീണ്ടുനിന്ന മാരത്തോൺ അവതരണത്തിൽ ധർമ്മപുത്രർ-പാഞ്ചാലി, ദുര്യോധനൻ-ഭാനുമതി കഥാപാത്രങ്ങളുടെ തുടർച്ചയായ ശൃംഗരംഗങ്ങൾ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ദുര്യോധനവധത്തിനുശേഷം സാധാരണ അവതരിപ്പിക്കാത്ത കാളി-കൂളി ഭാഗവും അവസാനം ധർമ്മപുത്രർ-ശ്രീകൃഷ്ണൻ്റെ ഭാഗവും ആസ്വാദകർക്ക് നവ്യാനുഭവമായിമാറി.
വൈകീട്ട് നടന്ന 4ന് “ഗുരുദക്ഷിണ” ചടങ്ങിൽ കഥകളി സംഗീതജ്ഞൻ കോട്ടയ്ക്കൽ ഗോപാലപ്പിഷാരടി, ചുട്ടി വിദഗ്ധൻ കലാനിലയം പരമേശ്വരൻ എന്നീ കലാപ്രതിഭകൾക്ക് “ഗുരുദക്ഷിണ” നല്കി ആദരിച്ചു. ചടങ്ങിൽ കലാമണ്ഡലം വൈസ് ചാൻസിലർ ഡോക്ടർ ബി അനന്തകൃഷ്ണൻ, ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് എന്നിവർ സന്നിഹിതരായിരുന്നു.
2007മുതൽ ഓഗസ്റ്റ് മാസത്തിൽ “അരങ്ങും” ഡിസംമ്പർ 2 യുഎഇയുടെ ദേശീയദിനത്തിനോട് അനുബന്ധിച്ച് ദുബായിയിൽ “ഉത്സവം IKKF” എന്ന പേരിൽ അന്താരാഷ്ട്ര കഥകളി കൂടിയാട്ടം ഫെസ്റ്റിലും തിരനോട്ടം സംഘടിപ്പിച്ചു വരാറുണ്ട്.