നോക്കാം ഇരിങ്ങാലക്കുട നഗരസഭയിലെ വനിതാ ചെയർപേഴ്സൺമാരുടെ കാലഘട്ടങ്ങളും ചരിത്രവും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ പത്താമത്തെ വനിതാ ചെയർപേഴ്സൺ ആയി സുജ സഞ്ജീവ്കുമാർ സ്ഥാനമേൽക്കുമ്പോൾ നമ്മൾക്ക് നോക്കാം ഇരിങ്ങാലക്കുട നഗരസഭയിലെ വനിതാ ചെയർപേഴ്സൺമാരുടെ കാലഘട്ടങ്ങളും ചരിത്രവും. 1936 നഗരസഭ രൂപീകരിച്ചതിനുശേഷം ആദ്യമായി ഒരു വനിതാ ചെയർപേഴ്സനെ ഇരിങ്ങാലക്കുടക്ക് ലഭ്യമാകുന്നത് 60 വർഷത്തിന് ശേഷം 1995 മുതൽ 97 വരെ എൽ.ഡി.എഫ് ഭരണകാലത്ത് പ്രൊഫ. റോസ് വില്യംസ് ആയിരുന്നു. ജനതാദളിന്റെ പ്രതിനിധിയായിരുന്നു ഇരിങ്ങാലക്കുട നഗരസഭയിലെ പ്രഥമ വനിതാ ചെയർപേഴ്സൺ റോസ് വില്യംസ്.


ഇവരൊഴിച്ച് ഇരിങ്ങാലക്കുട നഗരസഭയിലെ വനിതാ ചെയർപേഴ്സൺമാരെല്ലാം കോൺഗ്രസ്സുക്കാരാണ്. കഴിഞ്ഞ 23 വർഷത്തിനിടെ 2005 മുതൽ 2010 വരെയുള്ള 5 വർഷം ഒഴിച്ചുള്ള കാലഘട്ടങ്ങൾ മുഴുവൻ ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചു വരുന്നത് വനിതാ ചെയർപേഴ്സൺമാരാണ്. എം പി ജാക്‌സണാണ് അവസാനമായി ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ സ്‌ഥാനം വഹിച്ച പുരുഷൻ. 2010 മുതൽ തുടർച്ചയായി 13 വർഷമായി നഗരസഭാ ചെയർപേഴ്സൺമാർ വനിതകളാണ്.


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 50% വനിതാ സംവരണം വന്നതിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിലെ നഗരസഭ ചെയർപേഴ്സൺ സ്ഥാനം സ്ത്രീ സംവരണമായി വന്നപ്പോൾ 2000 മുതൽ 2005 വരെയുള്ള കാലഘട്ടത്തിൽ ഭരണം ലഭിച്ച യു.ഡി.എഫ് ചെയർപേഴ്സൺ സ്ഥാനം മൂന്നു പേർക്കായി വീതം വച്ചു. 2000 മുതൽ 2002 വരെ സി ബാനുമതി ടീച്ചർ, 2002 മുതൽ 2004 വരെ ബീവി അബ്ദുൾ കരീം, 2004 മുതൽ 2005 വരെ മിനി സണ്ണി മാമ്പിള്ളി എന്നിവരായിരുന്നു ചെയർപേഴ്സൺ സ്ഥാനം അലങ്കരിച്ചിരുന്നത്.


2010 -ൽ നഗരസഭ അധ്യക്ഷ സ്ഥാനം വീണ്ടും സ്ത്രീ സംവരണം ആയപ്പോൾ ഭരണം യുഡിഎഫിന് തന്നെയായിരുന്നു, ആ തവണയും ചെയർപേഴ്സൺ സ്ഥാനം മൂന്നു പേർക്കായി വീണ്ടും വീതം വെച്ചു.

2010 മുതൽ 2012വരെ സോണിയ ഗിരി, 2012 മുതൽ 2014 വരെ ബെൻസി ഡേവിഡ്, ശേഷം 2015 വരെ മേരിക്കുട്ടി ജോയ് എന്നിവരായിരുന്നു ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സ്ഥാനം അലങ്കരിച്ചിരുന്നത്.

2015 നടന്ന തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സ്ഥാനം പട്ടികജാതി സംവരണം ആയിരുന്നു. യു.ഡി.എഫിന് ഭരണം ലഭിച്ച ഈ കാലഘട്ടത്തിൽ നിമ്യ ഷിജു 2015 മുതൽ 2020 വരെ ചെയർപേഴ്സൺ ആയി തുടർന്നു. ഇരിങ്ങാലക്കുട നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ ചെയർപേഴ്സൺ പൂർണ്ണമായ കാലാവധി പൂർത്തിയാക്കുന്നത്. സംവരണ സീറ്റിൽ വിജയിച്ച യുഡിഎഫ് കൗൺസിൽമാരിൽ പട്ടികജാതി വിഭാഗത്തിൽ മറ്റാരും ഇല്ലാത്തതിനാൽ യുഡിഎഫിൽ തുടർന്നുപോരുന്ന ചെയർപേഴ്സൺ സ്ഥാനത്തിനുള്ള പതിവ് വീതം വെപ്പ് ആ കാലഘട്ടത്തിൽ ഉണ്ടായില്ല.

2020 -ൽ നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ സ്ഥാനം വീണ്ടും സ്ത്രീ സംവരണമായി. ഭരണം വീണ്ടും യു.ഡി.എഫിന് ലഭിച്ചപ്പോൾ ആദ്യത്തെ മൂന്നുവർഷം 2020 മുതൽ 23 വരെ സോണിയാഗിരിക്ക് ആയിരുന്നു ചെയർപേഴ്സൺ സ്ഥാനം. യു.ഡി.എഫിലെ ധാരണ പ്രകാരം ഇനിയുള്ള ഭരണകാലഘട്ടം ആദ്യം സുജാസജീവ് കുമാറിനും പിന്നീട് മേരിക്കുട്ടി ജോയിക്കുമായി ചെയർപേഴ്സൺ സ്ഥാനം ധാരണ പ്രകാരം മാറ്റിവെച്ചിരിക്കുകയാണ് കോൺഗ്രസ്.

ഇരിങ്ങാലക്കുട നഗരസഭയിൽ വനിതകൾ ചെയർപേഴ്സൺ ആകുമ്പോൾ പൂർണ്ണമായ ഭരണകാലാവധി ഒരിക്കലൊഴിച്ചു ഉണ്ടായിട്ടില്ല. രാഷ്ട്രീയപാർട്ടികൾ ഇവർക്ക് പൂർണമായ അവസരം നൽകുന്നില്ല എന്നതാണ് ഇതിലെ വിരോധാഭാസം.

ഇരിങ്ങാലക്കുട നഗരസഭയിൽ ഭരണ നൈപുണ്യമുള്ളവർക്ക് ചെറിയ കാലഘട്ടമാണ് വനിതാ ചെയർപേഴ്സൺ എന്ന സ്ഥാനത്ത് ഇരിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് ചരിത്രം വ്യക്തമാക്കുന്നു.

വനിതാ ചെയർപേഴ്സൺ സ്ഥാനം വെറും വീതംവെപ്പിനുള്ള ഒരു അവസരമായി കണക്കാക്കാതെ നാടിന്‍റെ വികസനത്തിന് ഉപകരിക്കുന്ന ഭരണകർത്താക്കൾക്ക് കൂടുതൽ അവസരം നൽകാൻ രാഷ്ട്രീയ പാർട്ടികൾ ഇനിയെങ്കിലും മുൻകൈയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


സുജ സഞ്ജീവ് കുമാർ 2010 മുതൽ 2015 വരെ കാറളം പഞ്ചായത്തിൽ ഏഴാം വാർഡ് മെമ്പർ ആയിരുന്നു കാറളം പഞ്ചായത്തിന്റെ പാർലമെൻററി പാർട്ടി ലീഡറും കൂടിയായിരുന്നു. 2015-2020 കാലഘട്ടത്തിൽ ഇരിങ്ങാലക്കുട നഗരസഭയിലെ 31ാം വാർഡ് കൗൺസിലറും ആയി. 2020 മുതൽ നഗരസഭയിലെ കാരുകുളങ്ങര വാർഡ് 31 ലെ കൗൺസിലറും ഇരിങ്ങാലക്കുട നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും ആയി.

എൻ.എസ്.എസ് വനിതാ യൂണിറ്റ് സെക്രട്ടറിയായും, ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജിലെ പി.ടി.ഡബ്ലിയു.എ യുടെ വൈസ് പ്രസിഡണ്ട് ആയും പ്രവർത്തിച്ചു പോരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സജീവ പ്രവർത്തക കൂടിയാണ് സുജ സഞ്ജീവ് കുമാർ.

പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം നഴ്സിങ്ങിന് ചേരുകയും തുടർന്ന് ബോംബെയിൽ ജോലിചെയ്യുകയും ചെയ്തു. പി.ജി.ഡി.സി.എ ചെയ്തതിനുശേഷം ബാംഗ്ലൂരിൽ ഷെയർ മാർക്കറ്റിംഗ് ജോലിയും, 2000 മുതൽ നാട്ടിൽ എൽ.ഐ.സി ഏജൻറ് ആയും സേവനമനുഷ്ഠിച്ചിരുന്നു. നിലവിൽ ഐ.ടി.യു ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും കൂടിയാണ് സുജ സഞ്ജീവ് കുമാർ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page