ഇരിങ്ങാലക്കുടയിൽ പുലിക്കളി ആഘോഷം ആഗസ്റ്റ്‌ 30ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്‍റെയും ലെജന്‍റ്സ് ഓഫ് ചന്തക്കുന്നിന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജെ.പി. ട്രേഡിങ് കമ്പനിയുടെ സഹകരണത്തോടുകൂടി ഇരിങ്ങാലക്കുടയുടെ മണ്ണില്‍ തിരുവോണ പിറ്റേന്ന് പുലികളി ആഘോഷം ഒരുങ്ങുന്നു.

മുന്‍വര്‍ഷങ്ങളില്‍ അതിഗംഭീരമായി സംഘടിപ്പിച്ച പുലിക്കളി കൂടുതല്‍ വര്‍ണ്ണാഭമാക്കി ആഗസ്റ്റ് 30 ബുധനാഴ്ച ഇരിങ്ങാലക്കുടിയില്‍ വീണ്ടും ഒരു ആഘോഷത്തിന് തിരികൊളുത്തുകയാണ്. ടൗണ്‍ഹാള്‍ പരിസരത്ത് നിന്നും ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് ആരംഭിക്കുന്ന പുലിക്കളി ആഘോഷയാത്ര നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജ സജ്ജീവ്കുമാര്‍, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ഡി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടോണി ആനോക്കാരന്‍ എന്നിവര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

പുലികളും പുലിമേളവും ശിങ്കാരിമേളവും കാവടിയും അടക്കം 150ല്‍പരം കലാകാരന്മാര്‍ അണി നിരക്കുന്ന വര്‍ണ്ണാഭമായ പുലിക്കളി ആഘോഷയാത്ര വൈകിട്ട് 6.30ഓടെ നഗരസഭ മൈതാനത്ത് എത്തിച്ചേരും. പുലിക്കളി ആഘോഷ സമാപനം മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.

പുലിക്കളിയുമായി ബന്ധപ്പെട്ട് സഹകരിക്കുന്ന എല്ലാവരെയും സമാപന സമ്മേളനത്തില്‍ ആദരിക്കും. നഗരസഭ വൈസ് ചെയര്‍മാന്‍ ടി.വി ചാര്‍ളി, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ഡി വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ ജെയിംസ് പോള്‍ വളപ്പില, ടി. ജയകൃഷ്ണന്‍, റീജിയണ്‍ ചെയര്‍മാന്‍ പി.സി. ബിനോയ്, സോണ്‍ ചെയര്‍മാന്‍ റോയ് ജോസ് ആലുക്ക, ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്‍റ് സുരേഷ് കോവിലകം, ലെജന്‍റ്സ് ഓഫ് ചന്തക്കുന്ന് പ്രസിഡന്‍റ് ലിയോ താണിശ്ശേരിക്കാരന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

പത്രസമ്മേളനത്തില്‍ ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്‍റ് സുരേഷ് കോവിലകം, സെക്രട്ടറി ജയ്‌സണ്‍ എ.വൈ, ട്രഷറര്‍ പോള്‍സണ്‍ കല്ലുക്കാരന്‍, ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ചക്കാലക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ആന്റോ, സി.ജെ. ലെജന്റ്‌സ് ഓഫ് ചന്തക്കുന്ന് പ്രസിഡന്‍റ് ലിയോ താണിശ്ശേരിക്കാരന്‍, സെക്രട്ടറി നിതീഷ് കാട്ടില്‍, ട്രഷറര്‍ നിഷികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

continue reading below...

continue reading below..

You cannot copy content of this page