സെന്റ് തോമസ് കത്തീഡ്രല്‍ ദനഹാത്തിരുനാള്‍ ജനുവരി 6,7,8 തിയ്യതികളിൽ, തിരുനാള്‍ കൊടികയറ്റം ജനുവരി 3 ബുധനാഴ്ച്ച

ഇരിങ്ങാലക്കുട : ഈശോയുടെ മാമ്മോദീസായുടെ അനുസ്മരണമായ ദനഹാത്തിരുനാളും, വിശ്വാസത്തിനായി ധീരരക്തസാക്ഷിത്വം വരിച്ച വി. സെബസ്ത്യാനോസിന്റെ അമ്പുതിരുനാളുമാണ് ഇരിങ്ങാലക്കുട കത്തീഡ്രലില്‍ പിണ്ടിപ്പെരുനാളായി ആഘോഷിക്കുന്നത്.

ജാതിമതഭേദമന്യേ ഇരിങ്ങാലക്കുടക്കാര്‍ ആഘോഷിക്കുന്ന ദനഹാതിരുനാള്‍ ഈ വര്‍ഷം സമുചിതമായി ആഘോഷിക്കുമെന്ന് കത്തീഡ്രല്‍ വികാരി റവ. ഫാ. പയസ് ചെറപ്പണത്ത് അറിയിച്ചു. ജനുവരി 6,7,8 തിയ്യതികളിലാണ് ഈ വര്‍ഷത്തെ ദനഹാത്തിരുനാള്‍ കൊണ്ടാടുന്നത്.

തിരുനാളിനൊരുക്കമായി ഡിസംബര്‍ 29-ാം തിയ്യതി വെള്ളിയാഴ്ച്ച മുതല്‍ വൈകീട്ട് 5.30 ന് നവനാള്‍ കുര്‍ബാന ആരംഭിച്ചു. ജനുവരി 3-ാം തിയ്യതി ബുധനാഴ്ച്ച രാവിലെ 6.00 മണിയുടെ കുര്‍ബാനയെ തുടര്‍ന്ന് 6.45ന് തിരുനാള്‍ കൊടികയറ്റം കത്തീഡ്രല്‍ വികാരി റവ. ഫാ. പയസ് ചെറപ്പണത്ത് നിര്‍വഹിക്കും.


അന്നേദിവസം വൈകീട്ട് 7.30 ന് ‘മെഗാ ഫ്യൂഷന്‍’ പരിപാടി ഉണ്ടായിരിക്കുന്നതാണ്. ജനുവരി 4-ാം തിയ്യതി വ്യാഴാഴ്ച്ച വൈകീട്ട് 6.30 ന് കത്തീഡ്രല്‍ അങ്കണത്തിലെ അലങ്കരിച്ച പിണ്ടിയില്‍ തിരി തെളിയിക്കുന്നു. തുടര്‍ന്ന് മതസൗഹാര്‍ദ്ദ കൂട്ടായ്മ. ജനുവരി 5-ാം തിയതി വെള്ളിയാഴ്ച്ച വൈകീട്ട് 6.00 മണിക്ക് പ്രവാസികൂട്ടായ്മ.

ഇതിനുശേഷം 7.00 മണിക്ക് പള്ളിയുടെ ദീപാലങ്കാരങ്ങളുടേയും, പാരീഷ് ഹാളിന് മുന്‍വശത്ത് പ്രവാസികൂട്ടായ്മ ഒരുക്കുന്ന പ്രവാസിപന്തലിന്റേയും, പള്ളിയുടെ തെക്കേ ഗെയ്റ്റിലും, കിഴക്കേ ഗെയ്റ്റിലും ഒരുക്കിയിട്ടുള്ള ബഹുനിലപന്തലുകളുടേയും സ്വിച്ച് ഓണ്‍ കര്‍മ്മം . അന്നേദിവസം രാത്രി 7.30 ന് കത്തീഡ്രല്‍ അങ്കണത്തില്‍ 101 പേരുടെ പിണ്ടിമേളം ഉണ്ടായിരിക്കും.

ശനിയാഴ്ച്ച വൈകീട്ട് 5.30 ന് നൊവേന, ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് പള്ളി ചുറ്റി പ്രദക്ഷിണം, രൂപം എഴുന്നള്ളിച്ച് വയ്ക്കല്‍, നേര്‍ച്ച വെഞ്ചിരിപ്പ്. ജനുവരി 6-ാം തിയതി ശനിയാഴ്ച്ച രാവിലെ 7.15 ന്റെ കുര്‍ബാനക്കുശേഷവും 8-ാം തിയതി തിങ്കളാഴ്ച്ച രാവിലെ 6.00 മണിയുടേയും 7.15 ന്റേയും കുര്‍ബാനകള്‍ക്ക് ശേഷവും അമ്പ് സമുദായങ്ങളിലേക്കും, അവിടെനിന്ന് വീടുകളിലേക്കും അമ്പ് എഴുന്നള്ളിപ്പ്. ശനിയാഴ്ച്ച രാത്രി 8.00 മണിക്ക് ശേഷവും, തിങ്കളാഴ്ച്ച രാവിലെ മുതല്‍ രാത്രി വരേയും വിവിധ അമ്പുസമുദായങ്ങളില്‍ നിന്നും പള്ളിയിലേക്ക് അമ്പ് എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും.




തിരുനാള്‍ ദിനമായ 7-ാം തിയ്യതി ഞായറാഴ്ച്ച രാവിലെ 10.30 ന്റെ ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയ്ക്കു രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തിരുനാള്‍ ദിവസം രാവിലെ 5.30നും, 7.30 നും, ഉച്ചകഴിഞ്ഞ് 2.00 മണിക്കും കത്തീഡ്രലിലും രാവിലെ 6.30 നും 9.00 മണിക്കും സ്പിരിച്ച്വാലിറ്റി സെന്ററിലും വി. കുര്‍ബാനകള്‍ ഉണ്ടായിരിക്കും. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.00 മണിയുടെ കുര്‍ബാനക്ക് ശേഷം 3.00 മണിക്ക് തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കുന്നു. വൈകീട്ട് 7.00 മണിക്ക് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരുന്നു, തുടര്‍ന്ന് പരി. കുര്‍ബാനയുടെ ആശീര്‍വ്വാദം.

ദനഹതിരുനാളിനോടനുബന്ധിച്ച് പ്രസുദേന്തിമാര്‍ 1000 രൂപ വീതം കാഴ്ച്ചയായി നല്‍കുന്നു. ഈ തുക കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നതാണ്.



അസി. വികാരിമാരായ ഫാ. സിബിന്‍ വാഴപ്പിള്ളി , ഫാ. ജോസഫ് തൊഴുത്തിങ്കല്‍, ഫാ. ജോര്‍ജി തേലപ്പിള്ളി, ട്രസ്റ്റിമാരായ ശ്രീ. ആന്റണി ജോണ്‍ കണ്ടംകുളത്തി , ലിംസണ്‍ ഊക്കന്‍, ജോബി അക്കരക്കാരന്‍, ബ്രിസ്റ്റോ വിന്‍സന്റ് എലുവത്തിങ്കല്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ റോബി കാളിയങ്കര, ജോ. കണ്‍വീനര്‍മാരായ ജോസ് മാമ്പിള്ളി, സെബി അക്കരക്കാരന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജോമോന്‍ തട്ടില്‍ മണ്ടി, ജോ. കണ്‍വീനര്‍ സാബു ജോര്‍ജ്ജ് ചെറിയാടന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page