ഇരിങ്ങാലക്കുട : ചലച്ചിത്ര വിസ്മയക്കാഴ്ചകളുടെ എഴ് രാപ്പകലുകൾക്ക് ശേഷം നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി. പത്ത് ഭാഷകളിൽ നിന്നായി ശ്രദ്ധേയമായ 21 ചിത്രങ്ങളാണ് മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി പ്രദർശിപ്പിച്ചത് . മഹാമാരി പൗര ജീവിതത്തിൽ സ്യഷ്ടിച്ച വ്യഥകളും അടച്ചിടൽ നിയമങ്ങളുടെ പേരിൽ ഭരണകൂടം നടത്തിയ വേട്ടയാടലുകളും പ്രമേയമാക്കിയ ഹിന്ദി ചിത്രം ഓൺ ദി ഐദർ സൈഡ്സ് ഓഫ് ദി പോണ്ടും മലയാള ചിത്രം ഏകൻ അനേകനും സമാപന ദിവസത്തെ പ്രദർശനങ്ങളിൽ ശ്രദ്ധ നേടി. ചിദംബരം പളനിയപ്പൻ സംവിധാനം ചെയ്ത ഏകൻ അനേകന്റെ പ്രദർശനത്തിന് ശേഷം ചിത്രത്തിന്റെ നിർമ്മാതാവും എടക്കുളം സ്വദേശിയുമായ വിപിൻ പാറേമക്കാട്ടിലെ ഇരിങ്ങാലക്കുട ആർഡിഒ എം കെ ഷാജി ആദരിച്ചു. ചിത്രത്തിന്റെ എഴുത്തുകാരും അഭിനേതാക്കളുമായ ഉണ്ണി മേഖലൻ, തേജസ്സ്, ഷോൺ മുരളി, സതീഷ് കോണത്തുകുന്ന് ഫിലിം സൊസൈറ്റി ട്രഷറർ ടി ജി സച്ചിത്ത് എന്നിവർ സംസാരിച്ചു. വൈകീട്ട് ഓർമ്മ ഹാളിൽ ആസ്ട്രിയൻ ചിത്രം കോർസാഴ് പ്രദർശിപ്പിച്ചു.