ഇരിങ്ങാലക്കുട രൂപത സ്ഥാപിതമായതിന്റെ 46-ാം വാര്‍ഷിക ദിനാചരണം മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : യുദ്ധവും കലാപങ്ങളും നിറഞ്ഞ കാലത്ത് ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ അനുരഞ്ജനത്തിന്റെയും സ്‌നേഹകാരുണ്യങ്ങളുടെയും വാതിലുകളാണ് തുറന്നിടുന്നതെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപത സ്ഥാപിതമായതിന്റെ 46-ാം വാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.

ആഭ്യന്തരവും ബാഹ്യവുമായ പലവിധ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവ സഭയും സമൂഹവും ക്രിസ്തുദര്‍ശനങ്ങളുടെ സംവാഹകരാകണം. സര്‍വരെയും ഉള്‍ക്കൊള്ളുന്ന ക്രിസ്തുദര്‍ശനത്തിന്റെ നിധി ആദ്യം കണ്ടെത്തേണ്ടതും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതും വിശ്വാസി സമൂഹമാണ്. എങ്കില്‍ മാത്രമേ സാമൂഹിക പ്രതിബദ്ധതയോടെ ക്രൈസ്തവ സമൂഹം വിവിധ മേഖലകളില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഫലമണിയൂ.


ഇതിനുള്ള മനോഭാവം വളര്‍ത്തിയെടുക്കാന്‍ വ്യക്തികള്‍ സ്വാര്‍ഥത വെടിയാനും ത്യാഗമനോഭാവം വളര്‍ത്തിയെടുക്കാനും സന്നദ്ധമാകണം. കൂട്ടായ്മയുടെയും പങ്കാളിത്തത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷത്തില്‍ പൊതുസമൂഹത്തിനു മുന്നില്‍ ക്രിസ്തുസാക്ഷികളാകാനുള്ള ഓര്‍മപ്പെടുത്തലാണ് രൂപത ദിനാഘോഷമെന്നും അദ്ദേഹം പറഞ്ഞു.

നാലു വര്‍ഷം കഴിഞ്ഞുവരുന്ന രൂപതയുടെ സുവര്‍ണ ജൂബിലിക്ക് ഒരുക്കമായി രൂപതയില്‍ വിശ്വാസി സമൂഹത്തിന്റെ സര്‍വേ നടത്തുമെന്നും ഡോക്യുമെന്റേഷന്‍ സെന്റര്‍ ആരംഭിക്കുമെന്നും ബിഷപ് അറിയിച്ചു. ദിവ്യബലിക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. രൂപതയിലെ വൈദികര്‍, സന്യസ്തര്‍, വിശ്വാസി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

പൊതുസമ്മേളനം മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. രൂപതയുടെ 45 വര്‍ഷത്തെ ചരിത്രം പൊതുസമൂഹത്തിന്റെ വിദ്യാഭ്യാസ, ആതുരശുശ്രൂഷ, ജീവകാരുണ്യ രംഗങ്ങളിലുള്ള സാര്‍ഥകമായ ഇടപെടലുകളുടെ നാള്‍വഴിയാണ്. ഈ യത്‌നത്തില്‍ പങ്കാളികളായ സകലര്‍ക്കും ബിഷപ് നന്ദി പറഞ്ഞു.

വികാരി ജനറല്‍മാരായ മോണ്‍. ജോസ് മഞ്ഞളി, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സന്‍ ഈരത്തറ, പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ജെയിന്‍ മേരി, ഫാ. ജോളി വടക്കന്‍, ടി. എന്‍. പ്രതാപന്‍ എംപി, സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ, ചാലക്കുടി നഗരസഭാധ്യക്ഷന്‍ എബി ജോര്‍ജ്, ഇരിങ്ങാലക്കുട നഗരസഭാധ്യക്ഷ സുജ സജീവ്കുമാര്‍, ഇരിങ്ങാലക്കുട മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് കെ. ആര്‍. വിജയ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഡെയ്‌സി തോമസ് (പൊയ്യ), സാജു കൊടിയന്‍ (കുഴൂര്‍), റിജു മാവേലി (കോടശേരി), റോമി ബേബി (പുത്തന്‍ചിറ), ജോസ് ചിറ്റിലപ്പിള്ളി (മുരിയാട്), പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ ഡേവിസ് ഊക്കന്‍, ആനി ആന്റു തുടങ്ങിയവര്‍ പ്രസംഗിച്ചു. ചാലക്കുടിയില്‍ നിര്‍മിച്ച വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനം മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O

continue reading below...

continue reading below..