ഏഷ്യൻ സാംബോ – ജുജിത്സു ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അൽബാബ് സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥി മുഹമ്മദ് ഷിഫാൻ വിഎസ്

ഇരിങ്ങാലക്കുട : ഫിലിപ്പീൻസിലെ മനിലയിൽ ജൂൺ 23 മുതൽ 29 വരെ നടക്കാനിരിക്കുന്ന 2026-ലെ സുആഓ (SUAO) ഏഷ്യൻ & ഓഷ്യാനിയ സാംബോ ചാമ്പ്യൻഷിപ്പിലും, വരുന്ന ജൂലൈ 12 മുതൽ 17 വരെ കസാകിസ്താനിൽ വച്ച് നടക്കുന്ന മൂന്നാമത് യൂത്ത് എഷ്യൻ ജുജിത്സു ചാമ്പ്യൻഷിപ്പിലും ഇന്ത്യൻ ദേശീയ ടീമിനെ പ്രതിനിധീകരിച്ച് കാട്ടൂർ അൽബാബ് സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥി കരയാമുട്ടം സ്വദേശി മുഹമ്മദ് ഷിഫാൻ വി.എസ് പങ്കെടുക്കുന്നു.

രാജ്യാന്തര തലത്തിൽ നടക്കുന്ന ഈ ലോകോത്തര ടൂർണ്ണമെൻ്റുകളിൽ പങ്കെടുക്കുന്നതിനായി മുഹമ്മദ് ഷിക്കാൻ ചൊവ്വാഴ്‌ച രാത്രി ഫിലിപ്പീൻസിലേക്ക് തിരിക്കും. വലപ്പാട് കരയാമുട്ടം സ്വദേശികളായ വലിയകത്ത് ഷജീബ് – അനീഷ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷിഹാൻ.

കാട്ടൂർ അൽബാബ് സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥിയായ ഷിഫാൻ്റെ സഹോദരൻ മുഹമ്മദ് റിഹാനും ഇതേ സ്‌കൂളിലെ വിദ്യാർത്ഥിയാണ്. കുട്ടികളുടെ നൈപുണ്യ വികസനത്തിനായി അൽബാബ് സെൻട്രൽ സ്‌കൂളും, ഇൻസൈറ്റ അക്കാദമിയും സംയുക്തമായി നടത്തുന്ന കോ-കരിക്കുലർ ആക്‌ടിവിറ്റി (CCA) പ്രോഗ്രാമിലൂടെയാണ് ഷിഹാൻ ജുജിത്സു, സാംബോ കായിക ഇനങ്ങളിലേക്ക് പ്രവേശിക്കുന്നത്. നാഷണൽ കോച്ചും ത്യശ്ശൂർ ജില്ലാ ജുജിത്സു അസോസിയേഷൻ പ്രസിഡണ്ടുമായ ആർ.ജെ അൻവർ മരക്കാരാണ് ഷിഹാൻ പരിശീലകൻ.

മുഹമ്മദ് ഷിഹാൻ, കഴിഞ്ഞ വർഷം സിങ്കപ്പൂരിൽ വച്ചു നടന്ന SUAO കോണ്ടിനെൻ്റൽ ബീച്ച് സാംബോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വെള്ളി മെഡൽ നേടിയിട്ടുണ്ട്. കൂടാതെ ജില്ലാ സംസ്ഥാന ദേശീയ തലങ്ങളിൽ ഇതിനകം തന്നെ മികച്ച പ്രകടനം കാഴ്‌ച വച്ച ഷിഹാൻ, കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി സ്വർണ്ണമെഡൽ ജേതാവായിരുന്നു. നിരന്തരമായ കഠിനാധ്വാനത്തിലൂടെയാണ് ഇപ്പോൾ വീണ്ടും ഇന്ത്യൻ ജേഴ്‌സിയിൽ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അർഹത ഈ മിടുക്കൻ സ്വന്തമാക്കിയത്.

അൽബാബ് സ്‌കൂളിൻ്റെ ചരിത്രത്തിൽ അഭിമാനകരമായ ഈ നേട്ടം കൈവരിച്ച മുഹമ്മദ് ഷിഫാനെയും, പരിശീലകൻ അൻവർ മരക്കാരെയും അൽബാബ് സ്‌കൂൾ മാനേജ്‌മെൻ്റ്, പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ അഭിനന്ദിക്കുകയും ടൂർണ്ണമെൻ്റിൽ ഉന്നത വിജയം കൈവരി ക്കാൻ ആശംസിക്കുകയും ചെയ്‌തു.



ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ അൽബാബ് സെൻട്രൽ സ്‌കൂൾ മാനേജർ ബിൻഷാദ് അബൂബക്കർ, പ്രിൻസിപ്പൽ വിജിത ജിജേഷ്, വൈസ് പ്രിൻസിപ്പൽ അക്ബർ അബ്ബാസ്, മുഹമ്മദ് ഷിഫാന്റെ രക്ഷിതാവ് വലിയകത്ത് ഷജീബ് , കോച്ച് ആർ.ജെ അൻവർ മരക്കാർ എന്നിവർ പങ്കെടുത്തു.

You cannot copy content of this page