ഭക്തജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ കെ.എസ്.ആർ.ടി.സി നാലമ്പലം സർവിസുകൾ പതിവുപോലെ തുടരണം – ഇരിങ്ങാലക്കുടയിൽ നിന്നുള്ള രണ്ട് സ്പെഷ്യൽ സർവ്വീസ് ഫ്ലാഗ് ഓഫ് നിർവഹിച്ച് മന്ത്രി ഡോ. ആർ ബിന്ദു

കെ.എസ്.ആർ.ടി.സി നാലമ്പലം സ്പെഷ്യൽ സർവ്വീസ് ഇരിങ്ങാലക്കുടയിൽ നിന്നും ദിവസവും പുലർച്ചെ 4:15 നും, 4:30 നും 2 സർവീസുകൾ, ഒരാൾക്ക് 310 രൂപയാണ് ടിക്കറ്റ് നിരക്ക്

ഇരിങ്ങാലക്കുട : കെ.എസ്.ആർ.ടി.സി സ്പെഷ്യൽ നാലമ്പല ദർശന സർവീസ് സർവ്വീസ് മന്ത്രി ഡോ. ആർ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു. ഭക്തജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ കെ.എസ്.ആർ.ടി.സി നാലമ്പലം സർവിസുകൾ തുടരണം എന്നാണ് ഏവരും ആഗ്രഹിക്കുന്നതെന്ന് മന്ത്രി ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഒരു കോടതി പരാമർശം കെ.എസ്.ആർ.ടി.സി നാലമ്പലം സർവീസുകളുമായി നിലനിൽക്കുന്നതിനെ കുറിച്ച് പരാമർശിക്കുകയായിരുന്നു മന്ത്രി.

കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തുമ്പോൾ സ്വകാര്യ ടൂറിസ്റ്റ് ഓപ്പറേറ്റർമാർക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആകും ഇപ്പോൾ കോടതി വ്യവഹാരങ്ങളായി പ്രതിഫലിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കി നാലമ്പലം സർവിസുകൾ തടസങ്ങൾ കൂടാതെ പതിവുപോലെ നടക്കണമെന്നാണ് തന്റെയും ആഗ്രഹം എന്നും മന്ത്രി പറഞ്ഞു.

ഭക്തജനങ്ങൾക്ക് വേണ്ടുവോളം സൗകര്യങ്ങൾ ഉണ്ടാക്കുകയും അതോടൊപ്പം നമ്മുടെ ടൂറിസം വികസന സാധ്യതകൾ ഉൾപ്പടെ വിപുലീകരിക്കാൻ കഴിയുന്ന രീതിയിൽ ദൂരകാഴ്ചയോടെ ഉള്ള പ്ലാനിംഗ് ആണ് ദേവസ്വങ്ങൾ നടത്തുന്നത് എന്നുള്ളത് അഭിനന്ദനാർഹമാണെന്നും മന്ത്രി കൂടി ചേർത്തു.

കെ.എസ്.ആർ.ടി.സി യാത്രികർക്ക് മാത്രം സ്പെഷ്യൽ ക്യൂ സംവിധാനം ഒരുക്കുന്നത് നീതീകരിക്കാനാവില്ല എന്ന് കാണിച്ച് കോടതിയിൽ ഒരു വ്യക്തി നൽകിയ പരാതിയെ തുടർന്ന് കഴിഞ്ഞ സീസണിൽ അവസാന നാളുകളിൽ സർവീസുകൾ തടസ്സപ്പെട്ടിരുന്നു.


കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ ഞായറാഴ്ച വൈകിട്ട് നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അധ്യക്ഷ വഹിച്ചു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ മുഖ്യാതിഥിയായിരുന്നു.

ചടങ്ങിൽ ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഭരതൻ ഭരതൻ കണ്ടേങ്കാട്ടിൽ, അഡ്വ അജയൻ, കെ ജി സുരേഷ്, കെ.എസ്.ആർ.ടി.സി വികസന സമിതി കൺവീനർ ജയൻ അരിമ്പ്ര, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.

കെ.എസ്.ആർ.ടി.സി അസിസ്റ്റന്റ് ജില്ലാ ക്ലസ്റ്റർ ഓഫീസർ കെ ജെ സുനിൽ സ്വാഗതവും, കെഎസ്ആർടിസി ഇൻസ്പെക്ടർ ടി കെ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

ജൂലൈ 17 തിങ്കളാഴ്ച മുതൽ ഒരു മാസം നീണ്ടു നിൽക്കുന്ന നാലമ്പല ദർശന തീർത്ഥാടനകാലത്ത് ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും 2 സ്പെഷ്യൽ സർവീസുകൾ ഉണ്ടായിരിക്കും. പുലർച്ചെ 4:15 നും, 4:30 നും ആണ് സർവീസുകൾ. തൃപ്രയാർ ക്ഷേത്രത്തിൽ സ്പെഷ്യൽ ക്യൂ സംവിധാനം ഉണ്ടായിരിക്കില്ല. മറ്റു 3 ക്ഷേത്രങ്ങൾ സഹകരിക്കാം എന്നറിയിച്ചിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.

യാത്രികർക്ക് സ്പെഷ്യൽ ക്യൂ സംവിധാനം ഇല്ലാത്തതിനാൽ 2 മണിക്കൂർ ആണ് തൃപ്രയാർ ക്ഷേത്രത്തിനായി തീർത്ഥാടന ട്രിപ്പിൽ നിശ്ചയിച്ചിരിക്കുന്ന സമയം. 310 രൂപയാണ് ടിക്കറ്റ് നിരക്ക്. 51 സീറ്റ്‌ ആണ് ഉള്ളത്. മറ്റു ജില്ലകളിൽ നിന്നും ഒറ്റപെട്ട സർവീസുകൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ബുക്കിങ് ആരംഭിച്ചിട്ടുണ്ട്

സ്പെഷ്യൽ ക്യൂ സംവിധാനം ഇല്ലെകിൽ തീർത്ഥാടന ട്രിപ്പിന് സമയക്രമം പാലിക്കാനാകില്ല എന്നതാണ് മുഖ്യ പ്രശ്നമായി കെ.എസ്.ആർ.ടി.സി എടുത്തുകാട്ടുന്നത്. സ്വകാര്യ ടൂറിസ്റ്റ് ബസ് ലോബിയുടെ സ്വാധീനത്തിലാണ് ഇപ്പോൾ ഇങ്ങനെ ഒരു പ്രശ്നം ഉയർന്നുവന്നിരിക്കുന്നത് എന്നാണ് പൊതുവേ ഏവരും സംശയിക്കുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page