പുല്ലൂർ : പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിലെ മാനസികാരോഗ്യ വിഭാഗത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ നവീകരിച്ച പുതിയ ബ്ലോക്ക് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യ നീതിവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്‌ഘാടനം ചെയ്തു. അമ്പത്തിയേഴു വർഷം ചരിത്രമുള്ള പുല്ലൂർ, സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ കഴിഞ്ഞ നാല്പത്തിയാറു വർഷങ്ങളായി മാനസികാരോഗ്യ വിഭാഗം ഏറ്റവും സ്തുത്യർഹമായ രീതിയിൽ സേവനം നൽകി വരുന്നെന്ന് മന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
നിരവധി വർഷങ്ങളുടെ പരിചയ സമ്പത്തുള്ള ഡോക്ടർമാരുടെയും സ്റ്റാഫിന്റെയും സിസ്റ്റേഴ്സിന്റെയും സേവനം കേരളത്തിനകത്തും പുറത്തുമുള്ള വിവിധങ്ങളായ മാനസിക പ്രശ്നങ്ങളുമായി കടന്നു വരുന്നവർക്ക് സ്വാന്ത്വനമായും, രോഗീ പരിചരണമായും നൽകുന്നു എന്നത് ഏറെ അഭിമാനകരമാണെന്ന് മന്ത്രി കൂട്ടിചേർത്തു. ഒപ്പം ഈ സുദീർഘമായ അനുഭവസമ്പത്ത് മാനസികാരോഗ്യ മേഖലയിൽ ഗവേഷണത്തിനും പൊതു അവബോധത്തിനും ഉതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്കായി ആശുപത്രിയുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും മന്ത്രി സൂചിപ്പിച്ചു.
കോൺഗ്രിഗേഷൻ ഓഫ് സമരിറ്റൻ സിസ്റ്റേഴ്സ് അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ റെവ. സിസ്റ്റർ അനീറ്റ സി എസ് എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റലിലെ സീനിയർ ഡോക്ടർ എം വി വാറുണ്ണി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, ഇരിങ്ങാലക്കുട രൂപത ഫിനാൻസ് ഓഫീസർ റെവ. ഫാ. ലിജോ കോങ്കോത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സമരിറ്റൻ സിസ്റ്റേഴ്സ്സ് സ്നേഹോദയ പ്രൊവിൻഷ്യൽ സുപ്പീരിയറും ഹോസ്പിറ്റൽ ഡയറക്ടറും മെഡിക്കൽ സൂപ്രണ്ടുമായ റെവ. സിസ്റ്റർ ഡോക്ടർ റിറ്റ CSS സ്വാഗതവും ഹോസ്പിറ്റൽ മാനേജർ ഓപ്പറേഷൻസ് ശ്രീ ആൻജോ ജോസ് ആമുഖ പ്രസംഗവും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റെവ. സിസ്റ്റർ ഫ്ലോറി സി എസ് എസ് നന്ദിയും പറഞ്ഞു. മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്കായി ഒപി, ഐപി വിഭാഗത്തിനു പുറമെ പുനരധിവാസവും ഉൾപ്പെടുത്തിക്കൊണ്ടുള്ള ചികിത്സയും ആധുനിക സൗകര്യങ്ങളോടു കൂടിയ വിവിധ ക്ലിനിക്കുകളും ഇവിടെ സജ്ജമാക്കിയിരിക്കുന്ന വിവരം അധികൃതർ അറിയിച്ചു.
മാനസികാരോഗ്യ വിഭാഗത്തിൽ പത്തിൽ കൂടുതൽ വർഷങ്ങൾ സേവനം ചെയ്ത ഡോക്ടർമാരെയും ജീവനക്കാരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു. ആശുപത്രി ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com