ഇരിങ്ങാലക്കുട : സെൻറ് മേരീസ് ഹയർ സെക്കൻഡറി വിദ്യാലയം രജതജൂബിലി വർഷത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി രാസ ലഹരിക്കെതിരെ ആഗസ്റ്റ് 28 വ്യാഴം രാവിലെ 7 മണിക്ക് ആയിരം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു കൂട്ട നടത്തം ( walkathon 25) സംഘടിപ്പിക്കുന്നു.
ജൂബിലി ആഘോഷ പരിപാടികൾ സമൂഹത്തിൽ എത്തിക്കുന്നതിനും, യുവതി യുവാക്കളുടെ മസ്തിഷ്കത്തെ കാർന്നുതിന്നുന്ന രാസ ലഹരിക്കെതിരെ സാമൂഹികബോധം വളർത്തുന്നതിനും വേണ്ടി നടത്തുന്ന വോക്കത്തോണ്ണിൽ പങ്കെടുക്കുന്നവർക്ക് ജഴ്സിയും റിഫ്രഷ്മെന്റും നൽകുന്നുണ്ട് എന്ന് വാർത്താ സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഫാ. ഡോ, പ്രൊഫ. ലാസർ കുറ്റിക്കാടൻ അറിയിച്ചു.
ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, ഇരിങ്ങാലക്കുട റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജോയ് പി ആർ ,തോമസ് ഫ്രാങ്ക്ലിൻ റിട്ടയേർഡ് എം ടി എ റോഡ് കാർ ഇൻസ്പെക്ടർ ന്യൂയോർക്ക്, ഏഷ്യൻ ഗെയിംസ് വിന്നർ അബ്ദുള്ള പി എച്ച്, പൂർവി വിദ്യാർത്ഥിയും സിനി ആർട്ടിസ്റ്റും ആയ ക്ലെയർ ജോൺ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നു.
രണ്ടായിരത്തിൽ സ്ഥാപിതമായ സെൻറ് മേരീസ് ഹയർ സെക്കൻഡറി വിദ്യാലയം ഇരിഞ്ഞാലക്കുടയുടെയും സമീപപ്രദേശങ്ങളുടെയും വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവും അദ്ധ്യാത്മികവും ബൗദ്ധികവും സാമ്പത്തികവുമായ ഇടങ്ങളിൽ തനതുമുദ്ര പതിപ്പിച്ചിട്ടുണ്ട്.
വിദ്യാഭ്യാസമേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ ചെറു സ്പന്ദനങ്ങൾ പോലും ഉൾക്കൊണ്ടുകൊണ്ട് ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം നൽകാൻ നമ്മൾ കഠിന പരിശ്രമം നടത്തിവരുന്നു. കേരളത്തിലെ പല പൊതുവിദ്യാലയങ്ങളും കുട്ടികളുടെ കുറവുമൂലം ഊർദ്ധ്വശ്വാസം വലിക്കുമ്പോൾ നമ്മുടെ വിദ്യാലയത്തിൽ അഡ്മിഷനുവേണ്ടിയുള്ള തിരക്ക് കൂടി വരുന്നത് വിദ്യാലയത്തിന്റെ ഗുണമേന്മ ഒന്നുകൊണ്ട് മാത്രമാണ്.
രണ്ടായിരത്തിലാണ് സെന്റ് മേരിസ് ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാലയമായി ഉയർത്തപ്പെടുന്നത്. സ്ഥാപനകാലം മുതൽ തന്നെ പൊതു പരീക്ഷകളിൽ ഉയർന്ന വിജയശതമാനം നേടുവാനും. റാങ്കുകൾ പരിഗണിച്ചിരുന്ന കാലത്ത് ഉയർന്ന റാങ്കുകൾ നേടിയെടുക്കുന്നതിനും വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഉയർന്ന അക്കാദമിക നിലവാരത്തോടൊപ്പം മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം നൽകി വരാൻ വിദ്യാലയം എന്നും പ്രഥമ പരിഗണന നൽകുന്നു. പല വർഷങ്ങളിലും 100% വിജയവും നമ്മൾ നേടിയെടുത്തിട്ടുണ്ട്. വിദ്യാലയത്തിന്റെ പൂർവവിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശംസനീയമായ രീതിയിൽ സേവനം അനുഷ്ഠിച്ചുവരുന്നു. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു പൂർവ്വ വിദ്യാർത്ഥി സംഘടന നിലവിലുണ്ട് പൂർവ്വ വിദ്യാർത്ഥികൾ വിദ്യാലയത്തിന് നൽകുന്ന കൈത്താങ്ങ് എടുത്തു പറയേണ്ടതാണ്.
ജൂബിലിവർഷത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിൻ്റെ ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുവാൻ മാനേജ്മെൻ്റും അധ്യാപകരും പിടിഎയും ഒത്തൊരുമിച്ച് പരിശ്രമിക്കുന്നു. ഇതിൻറെ ഭാഗമായി വിദ്യാലയത്തിലെ നാലു ലാബുകളുടെ നവീകരണം (കെമിസ്ട്രി, ഫിസിക്സ്, ബോട്ടണി, സുവോളജി), ഊർജ്ജ ആവശ്യത്തിലേക്കായി 25 കിലോ വാട്ട് സോളാർ പ്ലാൻറ്, എല്ലാ ക്ലാസ് മുറികളും ടൈൽ വിരിച്ച് വൃത്തിയാക്കൽ, വിദ്യാലയത്തിന്റെ ഹൃദയഭാഗമായ ഓഫീസ് നവീകരിക്കൽ, ഒട്ടേറെ സ്ഥലപരിമിതി ഉള്ളതിനാൽ വിദ്യാർത്ഥികളുടെ കായിക ആവശ്യങ്ങൾക്കായി തേർഡ് ഫ്ലോറിൽ ഒരു ഇൻഡോർ സ്റ്റേഡിയം, വിദ്യാലയത്തിന് മനോഹരമായ ഒരു പ്രവേശനകവാടം തുടങ്ങി ഏകദേശം ഒരു കോടി രൂപയിലധികം ചെലവ് പ്രതീക്ഷിക്കുന്ന ഒട്ടേറെ നല്ല പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ കഠിന പരിശ്രമം നടത്തിവരുന്നു. ഈ ആവശ്യത്തിലേക്കായി ഇരിഞ്ഞാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ പിതാവിനെയും ജനപ്രതിനിധികളെയും മുഖ്യരക്ഷാധികാരികൾ ആക്കി ഇതിനകം തന്നെ വിവിധ കമ്മിറ്റികൾക്ക് രൂപം കൊടുത്ത് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.
ജൂബിലിയുടെ ഭാഗമായി വിദ്യാലയത്തിലെ ഓഫീസും ശബ്ദ സംവിധാനവും ഏറ്റവും മനോഹരമായ രീതിയിൽ പുനർ നിർമ്മിച്ചു കഴിഞ്ഞു. മറ്റുള്ളവയുടെ നിർമ്മാണ പദ്ധതികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ ജൂബിലി വർഷത്തിൽ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഇരിങ്ങാലക്കുടയുടെ വിദ്യാഭ്യാസ ഭൂപടം വരച്ചു ചേർത്തതിൽ കാര്യമായി പങ്കുവെച്ചിട്ടുള്ള വിദ്യാലയം എൻ സി സി, എൻഎസ്എസ്,റോവർ,റെയിഞ്ചർ യൂണിറ്റുകളുടെ സഹായത്തോടെ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിലും പ്രവർത്തിച്ചുവരുന്നു.
സ്കൂൾ മാനേജർ റവ. ഫാ. ഡോ, പ്രൊഫ. ലാസർ കുറ്റിക്കാടൻ , ആൻസൻ ഡൊമിനിക് പി പ്രിൻസിപ്പാൾ, തോമസ് തോകലത് ട്രസ്റ്റി, ഷാജു ജോസ് ചിറയത്ത് പിടിഎ പ്രസിഡണ്ട്,ടെൽസൻ കോട്ടോളി പ്രോഗ്രാം കൺവീനർ , ലിൻസൺ ഊക്കൻ ഫിനാൻസ് കൺവീനർ, ജോബി അക്കരക്കാരൻ, ഷീജ എം ജെ, ജിൻസൺ ജോർജ് സ്റ്റാഫ് സെക്രട്ടറി, മിനി ഷാജു, ജോൺസി ജോൺ പാറക്ക എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

